ഇന്ത്യയിൽ നിന്നും ലോകത്തിനൊരു ഹരിത സന്തോഷ വാർത്ത. ഹരിതോർജ്ജ വിപ്ലവത്തിനും വൻ സാമ്പത്തിക കുതിപ്പിനും കളമൊരുക്കികൊണ്ട് 59 ലക്ഷം ടൺ ലിഥിയം നിക്ഷേപം ജമ്മു കാശ്മീരിൽ കണ്ടെത്തി.
വൈദ്യുതവാഹന, മൊബൈൽ, ലാപ്ടോപ്പ് രംഗത്ത് വൻ കുതിപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ഈ സന്തോഷവാർത്തയുമായി എത്തിയത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ്.
ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്.
5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് കശ്മീരിൽ നിന്ന് കണ്ടെത്തിയത്.
രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ലിഥിയം ശേഖരം കണ്ടെത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളിലും മൊബൈലിലും ലാപ്ടോപ്പിലും ഉൾപ്പെടെ ഉപയോഗിക്കുന്ന റീച്ചാർജ് ബാറ്ററിയിലെ പ്രധാനഘടകമാണ് ലിഥിയം
ഇ.വി. ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രഥാനഘടകമായ ലിഥിയത്തിന്റെ ശേഖരം രാജ്യത്ത് കണ്ടെത്തിയതോടെ വൈദ്യുത വാഹനരംഗത്ത് വൻ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തു ഇ വി ബാറ്ററിയുടെ വില കുറയും, വിദേശങ്ങളിലേക്ക് ഇന്ത്യക്കു യഥേഷ്ടം ലിഥിയം കയറ്റുമതിയും ചെയ്യാനാകുന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.
നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇ.വി. ബാറ്ററികൾ, മൊബൈൽ ഫോണുകൾ, സോളാർ പാനലുകൾ തുടങ്ങിയവയിൽ ലിഥിയം ഉപയോഗിക്കുന്നുണ്ട്. വൻതോതിലുള്ള ഉപയോഗം ഈ മേഖലകളിൽ നിലവിലുള്ളതുകൊണ്ട് തന്നെ ഈ കണ്ടെത്തലോടെ രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കും
ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നാല് വർഷമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തി വന്ന ധാതു പര്യവേക്ഷണത്തിലാണ് ജമ്മു കാശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയതെന്ന് കേന്ദ്ര ഖനി മന്ത്രാലയം അറിയിച്ചു.
നിങ്ങൾക്കറിയാമോ? ലോകത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം ഉള്ളത് എവിടെയാണെന്ന്. അഫ്ഘാനിസ്ഥാൻ. ഒരു ലക്ഷം കോടി ടൺ.
2010ൽ അമേരിക്ക വെളിപ്പെടുത്തിയതാണിത്. അഫ്ഗാൻ ലിഥിയം കുഴിച്ചെടുക്കാൻ ചൈന താലിബാൻ ഭരണകൂടവുമായി നിരന്തര ചർച്ചയിലാണ്.
ഇന്ത്യക്കു നേട്ടം ലിഥിയത്തിൽ
പെട്രോൾ, ഡീസൽ വില താങ്ങാനാവാതെയും മലിനീകരണം ഒഴിവാക്കാനും ലോകമാകെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോൾ ഇത്രയും വലിയ ലിഥിയം ശേഖരം ഇന്ത്യയെ ഈ മേഖലയിൽ സ്വയം പര്യാപ്തമാക്കും. ഇപ്പോൾ ലിഥിയം ബാറ്ററി ചൈന, ജപ്പാൻ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
ഇതാദ്യമായിട്ടാണ് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യൻ മൈൻസ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞു. ജിയോളജിക്കൽ സർവേയുടെ പര്യവേക്ഷണത്തിൽ ലിഥിയത്തിന് പുറമേ നിക്കൽ, കോബാൾട്ട്, സ്വർണ്ണം എന്നിവയുൾപ്പെടുന്ന 51 ധാതു ബ്ലോക്കുകളും കണ്ടെത്തി. ജമ്മുകാശ്മീർ, ആന്ധ്ര, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്,കർണ്ണാടക,മദ്ധ്യപ്രദേശ്,ഒഡിഷ,രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇവ കണ്ടെത്തിയത്. 7897 ദശലക്ഷം ടൺ കൽക്കരി, ലിഗ്നൈറ്റ് നിക്ഷേപവും കണ്ടെത്തി.
ലിഥിയം എങ്ങനെ ഇന്ത്യക്കു അഭിമാനമാകും
ഇ-വാഹനങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ഘടകം ബാറ്ററിയാണ്. തദ്ദേശീയമായി നിർമ്മിച്ചാൽ ബാറ്ററിയുടെ വിലകുറയും. രാജ്യത്തു നിന്നും ഖനനം ചെയ്തെടുക്കുന്ന ലിഥിയമോ അതുപയോഗിച്ചു നിർമിക്കുന്ന ബാറ്ററികളോ കയറ്റുമതി ചെയ്യാം. ഇപ്പോൾ 80% ലിഥിയം ബാറ്ററി കയറ്റുമതി ചെയ്തു കൊണ്ടുള്ള ഈ മേഖലയിലെ കുത്തക ചൈനയ്ക്കാണ്
വെളുത്ത സ്വർണം
ഇരുമ്പിന്റെ അംശമില്ലാത്ത നോൺ ഫെറസ് ലോഹമാണ് ലിഥിയം . അതിനാൽ തുരുമ്പ് പിടിക്കില്ല വെള്ളിയുടെ നിറമാണ്. ആധുനിക ഗാഡ്ജറ്റുകളിൽ ഉപയോഗിക്കുന്നതിനാൽ വെളുത്ത സ്വർണമെന്നും ( വൈറ്റ് ഗോൾഡ് ) അറിയപ്പെടുന്നു.
എന്തിനു ലിഥിയം ബാറ്ററിയിൽ ഉപയോഗിക്കുന്നു?
പ്രകൃതി സൗഹൃദമണ്ണ് ലിഥിയവും, അതിന്റെ ഉത്പന്നങ്ങളും, മലിനീകരണമുണ്ടാക്കില്ല. സാധാരണ ബാറ്ററിയേക്കാൾ ശേഷി കൂടുതലാണ്, വലിപ്പം കുറവ്, പ്രതിദിനം ആവർത്തിച്ച് ചാർജ് ചെയ്യാം.ഫാസ്റ്റ് ചാർജിങ് രൂപത്തിൽ പരമാവധി വേഗതയിൽ ബാറ്ററി ചാർജ് ആകും,
എന്തിലൊക്കെ ലിഥിയം ഉപയോഗിക്കുന്നു?
ഇ-വാഹനങ്ങൾ, മൊബൈൽ ഫോൺ, ലാപ് ടോപ്പ്, എനർജി സ്റ്റോറേജ് സിസ്റ്റം, യു. പി. എസ്, ഇൻവെർട്ടർ ബാറ്ററി, സോളാർ പ്ലാന്റ്, ഇലക്ട്രോണിക്സ് ചാർജറുകൾ, കളിപ്പാട്ടങ്ങൾ, വയർലെസ് ഹെഡ്ഫോൺ, കാമറ, പവർടൂൾസ്, ഗൃഹോപകരണങ്ങൾ, ഗ്ലാസ്, സെറാമിക് വ്യവസായം
ലോകത്തെ ആവശ്യമുള്ള ലിഥിയം ഉൽപ്പാദനത്തിന്റെ 52% നടത്തുന്നത് ആസ്ട്രേലിയയാണ് (57ലക്ഷം ടൺ). ചിലി 24.5% ഉം (92ലക്ഷം ടൺ) ചൈന .13.2% ഉം (15ലക്ഷം ടൺ) ഉല്പാദിപ്പിക്കുന്നു.