- ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോം ഷവോമിയുടെ Zili ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു
- ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനകം നീക്കി, പടിയിറക്കം ടിക്ടോക്കിന് പിന്നാലെ
- വിടവാങ്ങുന്നത് ഇന്ത്യയിലെ യുവതരംഗമായിരുന്ന ഷോർട്ട്-വീഡിയോ പ്ലാറ്റ്ഫോം
- ഇല്ലാതാകുന്നത് 10 കോടിയിലേറെ ഡൗൺലോഡുകൾ
- മാർച്ച് 13നു ശേഷം സെർവറിലെ വീഡിയോ അടക്കം വിവരങ്ങളും നീക്കും
ഇന്ത്യയിൽ ഇനിയില്ല സിലി

ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ ഉടമസ്ഥതയിലുള്ള ഷോർട്ട്-വീഡിയോ പ്ലാറ്റ്ഫോമായ സിലി അടുത്ത മാസം മുതൽ അതിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇതോടെ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കുന്ന ഏറ്റവും പുതിയ ചൈനീസ് ആപ്പായി മാറുകയാണ് സിലി. ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ നികുതി വെട്ടിപ്പിന്റെ മറ്റൊരു ഇരയായി സിലി മാറിയിരിക്കുന്നു. മാർച്ച് 13-ന് 23:59 PM-ന് തങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സിലി ഉപയോക്താക്കളെ അറിയിച്ചു..”ഒരു പ്രവർത്തന ക്രമീകരണം ” കാരണം ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്നാണ് ഷവോമിയുടെ ഔദ്യോഗിക വിശദീകരണം. സിലി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനകം നീക്കം ചെയ്തുകഴിഞ്ഞു.
സിലി തരംഗത്തിന് അന്ത്യമാകുന്നു

2020-ൽ ഇന്ത്യൻ സർക്കാർ ടിക്ടോക്ക് നിരോധിച്ചതോടെ, രാജ്യത്ത് സിലിക്ക് വൻ പ്രചാരമാണുണ്ടായിരുന്നത്. 2018 നവംബറിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഷവോമി അവതരിപ്പിച്ചതായിരുന്നു സിലി ആപ്പിനെ. 10 കോടിയിലധികം ഡൗൺലോഡുകൾ ആയിരുന്നു ടിക്ക് ടോക്ക് റദ്ദായ സമയത്തു സിലിക്ക് ലഭിച്ചത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങൾ നികുതിവെട്ടിപ്പിനും, മറ്റ് കാരണങ്ങളാലും ഇന്ത്യൻ സർക്കാരിന്റെ നിരീക്ഷണത്തിന് വിധേയമായിരിക്കുന്ന സമയത്താണ് സിലിയെ അടച്ചുപൂട്ടാനുള്ള ഷവോമിയുടെ നീക്കം.
“സിലി ആപ്പിലെ ഡൗൺലോഡ്, ഷോർട്ട്-വീഡിയോ, Z-പോയിന്റ് എൻക്യാഷ്മെന്റുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാ സേവനങ്ങളും മാർച്ച് 13ന്ശേഷം പ്രവർത്തനരഹിതമാക്കും. ആ തീയതിക്ക് ശേഷം ഞങ്ങളുടെ സെർവറിൽ നിന്ന് എല്ലാ ഉപയോക്തൃ ഡാറ്റയും ഇല്ലാതാക്കപ്പെടും. ഇനി അവ വീണ്ടെടുക്കാനാകില്ല,” എന്ന് സിലി, നിലവിൽ ആപ്പ് ഉപയോഗിക്കുന്നവരെ അറിയിച്ചിട്ടുണ്ട്.