Dr തോമസ് ഐസക്ക് കുറിക്കുന്നു
- ബാങ്കിന്റെ ഭാവിയിൽ ഡെപ്പോസിറ്റർമാർക്ക് വിശ്വാസം നഷ്ടപ്പെട്ടു
- എല്ലാ ഡെപ്പോസിറ്റർമാരും ഒരുമിച്ച് ഡെപ്പോസിറ്റ് പിൻവലിക്കാൻ ചെന്നാൽ എത്ര വലിയ ബാങ്കാണെന്നു പറഞ്ഞാലും പൊളിയും
- 2008ലെ ആഗോള മാന്ദ്യം വീണ്ടും ആവർത്തിക്കുമോ? പ്രയാസമാണ്. കാരണം ലോകത്തെമ്പാടുമുള്ള റിസർവ്വ് ബാങ്കുകൾ അന്നത്തേക്കാൾ ജാഗ്രതയിലാണ്.
വിശദമായി വായിക്കാം
11 ദിവസംകൊണ്ട് 4 ബാങ്കുകളാണ് പൊളിഞ്ഞത്. അഞ്ചാമത്തേതിന്റെ ഭാവി തുലാസിലും. അമേരിക്കൻ, യൂറോപ്യൻ ബാങ്കുകളുടെ തകർച്ചകൾ ആഗോള മാന്ദ്യത്തിലേക്കുള്ള നീക്കത്തെ രൂക്ഷമാക്കുമോയെന്ന ആശങ്കയിലാണ് സാമ്പത്തികലോകം. മാന്ദ്യം ഉണ്ടായാൽ പെട്രോളിന്റെ ഉപയോഗം കുറയുമല്ലോ? ക്രൂഡോയിലിന്റെ വില ബാരലിന് 130 ഡോളർ ഉണ്ടായിരുന്നത് 71 ഡോളറായി താഴ്ന്നു കഴിഞ്ഞു. സമ്പാദ്യം പണത്തിൽ സൂക്ഷിക്കുന്നതിനു പകരം സ്വർണ്ണത്തിൽ സൂക്ഷിക്കുന്നതിനു താൽപ്പര്യം വർദ്ധിച്ചു.
സ്വർണ്ണത്തിനു വില പവന് 60000 രൂപ കടന്നു. എന്താണ് സംഭവിക്കുന്നത്?
ആദ്യം തകർച്ച മാർച്ച് 8-ന് സിൽവർ ഗേറ്റ് കോർപ്പറേഷൻ എന്ന ബാങ്ക് ആയിരുന്നു. അത്ര അറിയപ്പെടാത്ത ബാങ്ക് ആയിരുന്നതുകൊണ്ട് ഇതു വലിയ പരിഭ്രാന്തി സൃഷ്ടിച്ചില്ല. എന്നാൽ മാർച്ച് 10-ന് സിലിക്കൺ വാലി ബാങ്ക് തകർന്നതോടെ എല്ലാവർക്കും ആശങ്കയായി. സ്റ്റാർട്ട് അപ്പ് മേഖലയിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ബാങ്കാണ് ഇത്. മാർച്ച് 12-ന് ക്രിപ്റ്റോ കറൻസി മേഖലയിൽ കൂടുതൽ പ്രവർത്തിക്കുന്ന സിഗ്നേച്ചർ ബാങ്കിന്റെ ഊഴമായി. ഇതോടെ സിൽവർ ഗേറ്റിനെ തകരാൻ അനുവദിച്ച അമേരിക്കൻ സർക്കാർ സടകുടഞ്ഞ് എഴുന്നേറ്റു. പൊളിഞ്ഞ ബാങ്കുകളുടെ ഡെപ്പോസിറ്റുകൾ സർക്കാർ നൽകുമെന്നു പ്രഖ്യാപിച്ചു. പ്രതിസന്ധിയിലാകുന്ന ബാങ്കുകളുടെ ബോണ്ടുകളും മറ്റും മുഖവിലയ്ക്ക് ഈടായി സ്വീകരിച്ച് പണം നൽകുമെന്നു പ്രഖ്യാപിച്ചു.
നാലാമത്തെ ബാങ്ക് സ്വിറ്റ്സർലന്റിലെ 166 വർഷം പഴക്കമുള്ള ക്രെഡിറ്റ് സൂയിസ് എന്ന ഭീമനായിരുന്നു. മാർച്ച് 19-ന് യുബിഎസ് എന്നു പറയുന്ന മറ്റൊരു സ്വിസ് ബാങ്ക് ക്രെഡിറ്റ് സൂയിസിനെ ഏറ്റെടുത്തു. ബാങ്കിംഗ് മേഖലയിൽ പരിഭ്രാന്തി പടരാതിരിക്കാൻ വാരാന്ത്യം മുഴുവൻ സെൻട്രൽ ബാങ്കും വിദഗ്ദരും രാപ്പകൽ പണിയെടുത്താണ് ഈ വിൽപ്പന ഉറപ്പാക്കിയത്.
ഈ എല്ലാ തകർച്ചയുടെയും പ്രഥമ കാരണം ഡെപ്പോസിറ്റർമാർ തങ്ങളുടെ ഡെപ്പോസിറ്റുകൾ പിൻവലിക്കാൻ ഓടിക്കൂടിയതാണ്. എല്ലാവരുംകൂടി ഒരുമിച്ച് ഡെപ്പോസിറ്റുകൾ പിൻവലിക്കാൻ വന്നാൽ ഏതൊരു ബാങ്കും പൊളിഞ്ഞുപോകും. കാരണം ഡെപ്പോസിറ്റായി ലഭിക്കുന്ന പണത്തിൽ നല്ലൊരു പങ്ക് പലർക്കും വായ്പയായി കൊടുക്കും. കാലാവധി കഴിയുമ്പോഴേ ആ പണം തിരിച്ചു കിട്ടൂ. പിന്നെ ഒരു ഭാഗം ഓഹരികൾ, ബോണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കും. അത് വിറ്റ് കാശാക്കാം. പക്ഷേ, കുറച്ചു സമയമെടുക്കും. ചെറിയൊരു ഭാഗം മാത്രമേ റെഡി ക്യാഷായി കൈയിൽ സൂക്ഷിക്കൂ. അതുകൊണ്ടാണ് എല്ലാ ഡെപ്പോസിറ്റമാരും ഒരുമിച്ച് ഡെപ്പോസിറ്റ് പിൻവലിക്കാൻ ചെന്നാൽ എത്ര വലിയ ബാങ്കാണെന്നു പറഞ്ഞാലും പൊളിയുമെന്നു പറഞ്ഞത്.
കാരണം ലളിതമാണ്. ബാങ്കിന്റെ ഭാവിയിൽ അവർക്കു വിശ്വാസം നഷ്ടപ്പെട്ടു. ബാങ്ക് പൊളിയുന്നതിനു മുമ്പ് തങ്ങളുടെ പണം പിൻവലിക്കാൻ കഴിയുമോ എന്നാണ് ഓരോരുത്തരും നോക്കുക.
അപ്പോൾ അടുത്ത ചോദ്യം എന്തുകൊണ്ട് വിശ്വാസം നഷ്ടപ്പെട്ടുവെന്നതാണ്. അമേരിക്കൻ സർക്കാരിന്റെ പുതിയ നയമാണ് ഇതിനു കാരണം. ആഗോളമായി രൂക്ഷമായ വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിലെ പലിശനിരക്ക് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വീണ്ടും കാൽ ശതമാനം പലിശ ഉയർത്തി. അമേരിക്കയിലെ പലിശനിരക്ക് 1 ശതമാനത്തിനു താഴെയായിരുന്നത് ഇപ്പോൾ 4.5 ശതമാനം ആയി ഉയർന്നിട്ടുണ്ട്.
പലിശനിരക്ക് ഉയരുമ്പോൾ ബോണ്ടിന്റെ വില താഴും.
ബാങ്കുകൾ വായ്പ കൊടുക്കാത്ത പണത്തിൽ നല്ല പങ്ക് ബോണ്ടുകളിലാണ് നിക്ഷേപിക്കുകയെന്നു പറഞ്ഞല്ലോ. ബോണ്ടിന്റെ വില ഉയർന്നാൽ ബാങ്കിന്റെ ആസ്തികൾ ശുഷ്കിക്കും. ഈ നഷ്ടം നികത്താൻ മൂലധനത്തിൽ നിന്ന് പണം വകയിരുത്തേണ്ടിവരും. ഇത്തരത്തിൽ മൂലധനം ചോരുമ്പോൾ ബാങ്കിന്റെ ഭാവിയെക്കുറിച്ചു ഇടപാടുകാർക്ക് സ്വാഭാവികമായും സംശയമുണ്ടാകും. അവരുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ബാങ്കിനു പിന്നെ നിലനിൽപ്പ് ഉണ്ടാകില്ല.
പലിശ നിരക്ക് ഉയർന്നാൽ ബോണ്ടിന്റെ വില എന്തിനു താഴണം?
ഇതിന് ഉത്തരം ലഭിക്കണമെങ്കിൽ ബോണ്ട് എന്തെന്നു മനസിലാക്കണം. നിങ്ങളുടെ കൈയിൽ വലിയ തുക ഉണ്ടെന്നിരിക്കട്ടെ. അത് കാശായി സൂക്ഷിച്ചാൽ എപ്പോൾ വേണമെങ്കിലും ചെലവാക്കാം. പക്ഷേ അതിൽ നിന്നും വരുമാനമൊന്നും ഉണ്ടാവില്ല. ആ പണം ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്താൽ പലിശ കിട്ടും. പക്ഷേ, ഫിക്സഡ് ഡെപ്പോസിറ്റ് ആണെങ്കിൽ കാലാവധി കഴിഞ്ഞേ പിൻവലിക്കാൻ കഴിയൂ. അതേസമയം ബോണ്ടിലാണ് പണം നിക്ഷേപിക്കുന്നത് എന്നിരിക്കട്ടെ. ഫിക്സഡ് ഡെപ്പോസിറ്റിൽ എന്നപോലെ കൃത്യമായ പലിശ ലഭിക്കും. പക്ഷേ പണത്തിന് അത്യാവശ്യം വന്നാൽ ബോണ്ട് വിറ്റ് കാശാം. അങ്ങനെ ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനു പ്രത്യേക കമ്പോളമുണ്ട്.
ഒരു ഉദാഹരണം പറയട്ടെ. തുടക്കത്തിൽ ബോണ്ടിന്റെ കൂപ്പൺ റേറ്റും പലിശ നിരക്കും 5 ശതമാനം വീതമാണ്. നിങ്ങൾ 10 ലക്ഷം രൂപ ബോണ്ടിൽ നിക്ഷേപിച്ചെന്നും ഇരിക്കുക. പലിശനിരക്ക് 10 ശതമാനമായി ഉയർന്നാൽ എന്തു സംഭവിക്കും? ബോണ്ടിന്റെ പലിശ നിരക്കിൽ മാറ്റമുണ്ടാവില്ല. അത് 5 ശതമാനമായി തുടരും. അപ്പോൾ ബോണ്ടുടമകൾ അവരുടെ ബോണ്ട് വിറ്റ് ആ തുക ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാനാണ് ഇഷ്ടപ്പെടുക. കാരണം അവിടെ 10 ശതമാനം പലിശ വരുമാനമായി കിട്ടും. ബോണ്ട് മാർക്കറ്റിൽ ബോണ്ടിന്റെ വിലയിടിയും. ആസ്തികൾ ബോണ്ടിൽ നിക്ഷേപിച്ച ബാങ്കുകളുടെ ആസ്തികളുടെ മൂല്യം ശോഷിക്കും. ബാങ്കിന്റെ മൂലധനം ഇതിനു നഷ്ടപരിഹാരമായി വകയിരുത്തേണ്ടിവരും. ബാങ്ക് മൂലധനം ഇടിയുമ്പോൾ ഇടപാടുകാർക്ക് ബാങ്കിലുള്ള വിശ്വാസം കുറയും.
സിലിക്കൺ വാലി ബാങ്കിന്റെ ബോണ്ടുകളുടെ മൂല്യം ഇടിഞ്ഞത് അധികമാരും ആദ്യം തിരിച്ചറിഞ്ഞില്ല. എന്നാൽ തങ്ങളുടെ മൂലധത്തിലുണ്ടായ ശോഷണം പരിഹരിക്കാൻ അവർ ഓഹരി പുതിയ കമ്പോളത്തിൽ ഇറക്കിയപ്പോഴാണ് എല്ലാവരും ബാങ്കിന്റെ ബാലൻസ് ഷീറ്റ് ചികഞ്ഞത്. അതോടെ കള്ളി വെളിച്ചത്തായി. പിന്നെ ഒരു ദിവസംപോലും വേണ്ടിവന്നില്ല സിലിക്കൺ വാലി ബാങ്കിനു തിരശ്ശീല വീഴാൻ.
2008 വീണ്ടും ആവർത്തിക്കുമോ?
പ്രയാസമാണ്. കാരണം ലോകത്തെമ്പാടുമുള്ള റിസർവ്വ് ബാങ്കുകൾ അന്നത്തേക്കാൾ ജാഗ്രതയിലാണ്. ഇന്നലെ അമേരിക്കൻ ഫെഡറൽ റിസർവ്വ് പലിശനിരക്ക് വീണ്ടും ഉയർത്തിയത് നൽകുന്ന സൂചന ബാങ്ക് തകർച്ച ഒരു പകർച്ചവ്യാധി ആകാതെ പ്രതിരോധിക്കാൻ കഴിയുമെന്ന അവരുടെ വിശ്വാസമാണ്.
“The reason for the collapse of the banks is the new policy of the American government. Interest rates in the United States have been increasing for the past few months to control the sharp rise in prices. Then the price of the bond will fall” Dr Thomas Isaac notes.