നികുതിയും സെസും രൂപവും ഭാവവും മാറി എത്തിയ ഏപ്രിൽ വലതു കാൽ വച്ച് പുതിയായൊരു സാമ്പത്തിക വർഷത്തിലേക്ക്. പെട്രോളിനും ഡീസലിനും കേരളത്തിൽ രണ്ടു രൂപ കൂടി.
കാർ, ബൈക്ക്, സ്വർണം, ഭൂമി, സിഗരറ്റ്, മദ്യം എല്ലാത്തിനും പൊള്ളുന്ന വിലയായി പെട്രോൾ, ഡീസൽ വില കൂടുന്നതോടെ അവശ്യ സാധനങ്ങളുടെ വില ദിവസങ്ങൾ കൊണ്ട് റോക്കറ്റ് പോലെ കുതിച്ചുയരും.
പാചക വാതക വില ഇതോടൊപ്പം ഇനിയും കൂടും. നികുതി, സെസ് എന്നിവയിലൂടെ 2023-24 സാമ്പത്തിക വർഷത്തിൽ അധിക ബാധ്യത ജനങ്ങളിലേക്ക് എത്തും. അതെ സമയം കേരളത്തിന് തൊട്ടടുത്ത തമിഴ്നാട്ടിൽ പെട്രോളിന് ലിറ്ററിന് കേരളത്തേക്കാൾ വിലകുറവ് 6 രൂപ വരെയാണ്.
കുറച്ചു പ്രതീക്ഷക്കു വക നൽകുന്ന കാര്യങ്ങൾക്കും ഏപ്രിൽ തുടക്കമിട്ടിട്ടുണ്ട് കേട്ടോ
ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതുക്കിയ വായ്പാ പദ്ധതി ക്കു തുടക്കമായി.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഒരുകോടി രൂപ വരെയുള്ള വായ്പയ്ക്കുള്ള വാർഷിക ഗ്യാരന്റി ഫീ കേന്ദ്ര സർക്കാർ 2 % ൽ നിന്ന് 0.37 % അയി കുറച്ചതു ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതിനായി ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് (CGTMSE ) കോർപസ് ഫണ്ടിലേക്ക് ഇതിനായി സർക്കാർ 8000 കോടി രൂപ അടച്ചു കഴിഞ്ഞു. ഗ്യാരന്റി സീലിംഗ് പരിധി രണ്ടു കോടിയിൽ നിന്നും 5 കോടിയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച മാർഗ്ഗരേഖയും CGTMSE പുറത്തിറക്കിയിട്ടുണ്ട്.
2022 -23 വർഷം ഒരു ലക്ഷം കോടി രൂപയുടെ ഗാരണ്ടികൾക്കാണ് കേന്ദ്രം അനുമതി നൽകിയത് .
കേരള ബജറ്റ് ഉറപ്പു നൽകിയ ഇളവുകൾ ഇവയാണ്
- പുതുതായി വാങ്ങുന്ന ഇ-വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനമുള്ളത് 5% ആകും. ഇ-ടാക്സികൾക്കും വിലയുടെ 5 % നികുതിയടച്ചാൽ മതി.
- കോവിഡ് പ്രതിസന്ധിയിലായ സ്വകാര്യബസ്, കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങൾക്ക് ത്രൈമാസ നികുതിയിൽ 10 ശതമാനം ഇളവ്.
- 60 ചതുരശ്രമീറ്ററിൽ താഴെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കെട്ടിടനികുതിയില്ല.
- വാങ്ങിയ ഭൂമി മൂന്നും ആറും മാസത്തിനുള്ളിൽ വീണ്ടും വിൽക്കുമ്പോഴുള്ള അധിക സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി.
ഇനി ഏപ്രിലിൽ നടുവൊടിക്കുന്നകാര്യങ്ങളിലേക്ക് കടക്കാം.
കെട്ടിടങ്ങൾക്കുള്ള പെർമിറ്റ് ഫീസ് കൂട്ടി ഉത്തരവിറങ്ങി. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന കെട്ടിടനികുതി, അപേക്ഷാഫീസ്, പരിശോധനാഫീസ്, ഗാർഹിക-ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കാനുള്ള പെർമിറ്റ് ഫീസ് എന്നിവ കൂടിയിട്ടുണ്ട്.
നേരത്തെ 150 ചതുരശ്ര മീറ്റർ വരെ ഉള്ളവർക്ക് പെർമിറ്റ് ഫീസ് ഇല്ലായിരുന്നു. ഇത് 80 ചതുരശ്ര മീറ്ററാക്കി നിജപ്പെടുത്തിയതോടെ സാധാരണക്കാരെ ബാധിക്കും.
കെട്ടിടനികുതി അടയ്ക്കാതിരുന്നാലുള്ള പിഴ ഒരു ശതമാനമുള്ളത് രണ്ടു ശതമാനമായി. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിടനമ്പർ ലഭിച്ച് ആറു മാസത്തിനുള്ളിൽ കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള മുദ്രവില അഞ്ചു ശതമാനമുള്ളത് ഏഴായി.
അൺ എയ്ഡഡ് സ്ഥാപനങ്ങൾ, അവയ്ക്കുകീഴിലെ ഹോസ്റ്റൽ കെട്ടിടങ്ങൾ എന്നിവയെ ഇളവിൽനിന്നൊഴിവാക്കിയതിനാൽ ഇനി കെട്ടിടനികുതി നൽകണം.
ടോൾ നിരക്കുകൾ ഉയർന്നു
ബംഗളുരു മൈസൂരു അതിവേഗ ദേശിയ പാതയിൽ ടോൾ നിരക്കുകൾ വർധിപ്പിച്ചു. നിലവിലുള്ള നിരക്കിനേക്കാൾ 22 % ആണ് വർധന. കാർ , ജീപ്പ് എന്നിവക്ക് ഒരു വശത്തേക്ക് 165 രൂപയും 24 മണിക്കൂറിനുള്ളിൽ തിരിച്ചുള്ള യാത്രക്ക് 250 രൂപയുമാണ് പുതുക്കിയ നിരക്ക്. പ്രതിമാസ പാസ്സിന് 5575 രൂപയാകും.
സ്വർണ കട്ടികൾ കൊണ്ട് നിർമിച്ച സാധനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഏപ്രിൽ മുതൽ കേന്ദ്രവും വർധിക്കുന്നതോടെ മാർച്ച് 31നു ഒരൽപം കുറഞ്ഞ സ്വർണാഭരണങ്ങളുടെ വില ഇനിയങ്ങോട്ട് കൂടും.
ബജറ്റിൽ സംസ്ഥാനം മദ്യത്തിന് വില വർധിപ്പിച്ചിട്ടുണ്ട്. 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 40 രൂപയും സെസ് ആയി നൽകണം.
കേന്ദ്ര സർക്കാർ സിഗരറ്റിന് മുകളിൽ 16 % നികുതിയാണ് വർധിപ്പിച്ചത്.
സിഗരറ്റിന്റെ വലിപ്പം, ഫിൽട്ടർ മുതലായവയെ അടിസ്ഥാനമാക്കി വിലയിൽ 15-16 % വർധനവ് പ്രതീക്ഷിക്കാം.
രണ്ടുലക്ഷം രൂപവരെ വിലയുള്ള ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ഒറ്റത്തവണ നികുതി 2% കൂടി 2000 മുതൽ നാലായിരം രൂപ വരെ വിലയും കൂടും.
അഞ്ചുലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് ഒരു ശതമാനമാണ് നികുതിവർധന. 15 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾക്ക് രണ്ടുശതമാനവും നികുതി ഉയർത്തി.
- 15-20 ലക്ഷം രൂപ വിലയുള്ളവ,
- 20-30 ലക്ഷം രൂപ വിലയുള്ളവ,
- 30 ലക്ഷത്തിനു മുകളിൽ വിലയുള്ളവ
എന്നിങ്ങനെ തിരിച്ച് ഒരു ശതമാനം വീതം നികുതി കൂട്ടിയിട്ടുണ്ട്.
പൂർണമായും ഇറക്കുമതി ചെയ്ത ആഡംബര കാറുകൾക്കും ഇലക്ട്രിക് വാഹനങ്ങളും ഈടാക്കുന്ന കസ്റ്റം ഡ്യൂട്ടി 60 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ഇത് ഏപ്രിൽ മുതൽ വാഹനങ്ങളുടെ വില ഉയർത്തും.
ഇതോടൊപ്പം BS-VI stage 2 വാഹനങ്ങളിൽ തത്സമയം മലനീകരണം പരിശോധിക്കുന്ന ഓൺ ബോർഡ് ഡയഗ്നോസ്റ്റിക് (OBD) 2 എന്ന ഉപകരണം ഘടിപ്പിക്കേണ്ടതുണ്ട്.ഇതിനാൽ വാഹനങ്ങൾക്ക് 10,000 രൂപ മുതൽ 30,000 രൂപ വരെ വില വർധിക്കും. എൻട്രി ലെവൽ സ്കൂട്ടറുകൾക്ക് 2500 രൂപ കൂടും.
രജിസ്ട്രേഷൻ നിരക്ക് ഇരട്ടിയാക്കി
ഏപ്രിൽ മുതൽ രജിസ്ട്രേഷൻ സമയത്ത് ഈടാക്കാറുള്ള റോഡ് സേഫ്റ്റി സെസ്സ് ഇരട്ടിയായിട്ടുണ്ട്.. ഇരുചക്ര വാഹനങ്ങൾക്ക് 50 രൂപയുള്ളത് നൂറായി. കാറുകൾക്ക് നൂറുള്ളത് 200 രൂപയായി. ഇടത്തരം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയുള്ളത് 300 ആക്കി. ഭാരവാഹനങ്ങൾക്ക് 250 രൂപയുള്ളത് 500 ആയും വർധിച്ചു. വാണിജ്യ, വ്യവസായ യൂണിറ്റുകൾക്കുള്ള വൈദ്യുതിത്തീരുവ അഞ്ചുശതമാനം വർധിച്ചു തുടങ്ങി
ഭൂമി വില കൂടും
വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത് പ്രകാരം ഭൂമിയുടെ ന്യായവില 20 % വർധിപ്പിക്കും. ഉയർന്ന വിപണിമൂല്യമുള്ളിടത്ത് 30 ശതമാനം വരെ വില വർധിക്കാം.
While April has begun the new fiscal year on the right foot, taxes and cess have altered their shape and look. In Kerala, gas and diesel cost an extra Rs 2. With the costs of petrol and diesel rising, the cost of necessities will soar in the next days. This includes the cost of cars, bikes, gold, land, cigarettes, and alcohol. The cost of cooking gas will also rise. Taxes and cess will be used to distribute the greater cost to the populace in FY 2023–2024.