കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി’കളുടെ രജിസ്ട്രേഷൻ പ്രക്രിയകൾ ലഘൂകരിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. കമ്പനികളിലെ ഓഹരികളിലും കടപത്രങ്ങളിലും നിക്ഷേപിക്കാനായി രൂപവത്കരിക്കുന്ന ബാങ്കിതര ധനകാര്യ കമ്പനികളാണ് (എൻ.ബി.എഫ്.സി.) കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി.
കോർ ഇൻവെസ്റ്റ്മെന്റ് കമ്പനികളുടെ രജിസ്ട്രേഷനു വേണ്ടിയുള്ള ഫോമുകൾ ലളിതമാക്കിയിട്ടുണ്ടെന്ന് ആർ.ബി.ഐ. വ്യക്തമാക്കി. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം 52 എണ്ണത്തിൽനിന്ന് 18 ആയി കുറയ്ക്കുകയും ചെയ്തു. പുതിയ അപേക്ഷാ ഫോറവും അതോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും ആർ.ബി.ഐ.യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ രേഖകൾ ആവശ്യപ്പെട്ടാൽ അപേക്ഷകർ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ആർ.ബി.ഐ. വ്യക്തമാക്കുന്നു.
“രജിസ്ട്രേഷൻ പ്രക്രിയ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് വേണ്ടിയാണ് അപേക്ഷാ ഫോമിനൊപ്പം നൽകേണ്ട രേഖകളുടെ എണ്ണം നിലവിലുള്ള 52 രേഖകളിൽ നിന്ന് 18 ആയി കുറച്ചത് ” ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
“സിഐസിയായി രജിസ്ട്രേഷൻ തേടുന്ന കമ്പനിയുടെ യോഗ്യതയെ തൃപ്തിപ്പെടുത്താൻ റിസർവ് ബാങ്കിന് ആവശ്യമെങ്കിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാം. പട്ടികയിൽ പറഞ്ഞിരിക്കുന്നവയ്ക്ക് പുറമേ കൂടുതൽ രേഖകൾക്കായി റിസർവ് ബാങ്ക് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, അപേക്ഷക കമ്പനി ഒരു മാസത്തിനുള്ളിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകണം,” റിസർവ് ബാങ്ക് പ്രസ്താവന കൂട്ടിച്ചേർത്തു.
കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി
വ്യവസായ ഗ്രൂപ്പുകൾക്ക് തങ്ങളുടെ കീഴിലുള്ള കമ്പനികളുടെ ഓഹരികളിലും കടപത്രങ്ങളിലും ദീർഘകാല നിക്ഷേപം നടത്താൻ അവസരമൊരുക്കുന്ന പ്ലാറ്റ്ഫോമിനെയാണ് ‘കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി’ (സി.ഐ.സി.) യെന്ന് പറയുന്നത്.
ഇവയുടെ നിക്ഷേപത്തിന്റെ 90 ശതമാനവും ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ, മുൻഗണനാ ഓഹരികൾ, ബോണ്ടുകളും ഡിബഞ്ചറുകളും ഉൾപ്പെടെയുള്ള കടപത്രങ്ങൾ, വായ്പകൾ എന്നിവയായിരിക്കണ മെന്നാണ് വ്യവസ്ഥ.