തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട സ്റ്റാർട്ടപ്പ് ഹബ്ബുകൾ സംസ്ഥാനത്തെ ഒരു ‘ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം‘ സൃഷ്ടിക്കാൻ പ്രാപ്തമാക്കും.
തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച മധുര, തിരുനെൽവേലി, ഈറോഡ് എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ പോകുന്ന റീജിയണൽ സ്റ്റാർട്ടപ്പ് ഹബുകൾ തമിഴ്നാടിന്റെ വ്യാവസായിക മുഖച്ഛായ മാറ്റുമെന്നുറപ്പ്.
സേലം, ഹൊസൂർ, കടലൂർ എന്നിവിടങ്ങളിൽ പ്രാദേശിക സ്റ്റാർട്ടപ്പ് ഹബ്ബുകൾ സ്ഥാപിക്കുമെന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ടി എം അൻബരശൻ കഴിഞ്ഞ ആഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.കൂടാതെ, പട്ടികജാതി-വർഗ സമുദായങ്ങളിലെ സംരംഭകർ സ്ഥാപിച്ച് നടത്തുന്ന നൂതന സ്റ്റാർട്ടപ്പുകൾക്ക് ഇക്വിറ്റി നിക്ഷേപങ്ങളുടെ രൂപത്തിലോ കൊളാറ്ററൽ രഹിത വായ്പയായോ സാമ്പത്തിക സഹായം നൽകുന്നതിന് തമിഴ്നാട് എസ്സി/എസ്ടി സ്റ്റാർട്ടപ്പ് ഫണ്ട് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചെന്നൈയിൽ പ്ലഗ് ആൻഡ് പ്ലേ സ്റ്റാർട്ടപ്പ് മാനുഫാക്ചറിംഗ് സെന്റർ, ദുബായിൽ ഗ്ലോബൽ കോഓർഡിനേഷൻ സെന്റർ എന്നിവയും പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.
തമിഴ്നാട്ടിലെ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ വിഭവങ്ങൾ ഏകോപിപ്പിക്കുന്നതിനും ലഭ്യമാക്കുന്നതിനുമായിട്ടാണ് ദുബായിൽ ഗ്ലോബൽ കോർഡിനേഷൻ സെന്റർ സ്ഥാപിക്കുക.
വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന തമിഴ് പ്രവാസികൾ വഴി സ്റ്റാർട്ടപ്പുകൾക്ക് വിപണി പ്രവേശനം നൽകുകയാണ് ഇത്തരമൊരു ഗ്ലോബൽ കോർഡിനേഷൻ സെന്റർ ആരംഭിക്കുന്നതിന്റെ ലക്ഷ്യം.
നിക്ഷേപം, വിപണി പ്രവേശനം, ഗവേഷണ വികസന പങ്കാളിത്തം എന്നിവയ്ക്കായി ദുബായിലെ തമിഴ് പ്രവാസി സംരംഭകരിലേക്കും നിക്ഷേപകരിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും നേരിട്ട് എത്തിച്ചേരാൻ തമിഴ്നാട് സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.
സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഹബ്ബുകൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് 30 കോടി രൂപയിൽ നിന്ന് 50 കോടി രൂപയായി സർക്കാർ വർധിപ്പിച്ചതായി സ്റ്റാർട്ടപ്പ് ടിഎൻ മിഷൻ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശിവരാജ രാമനാഥൻ വ്യക്തമാക്കി.
തമിഴ്നാടിനെ ആഗോള ഇന്നൊവേഷൻ ഹബ്ബും സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനവുമാക്കുക എന്നതാണ് സ്റ്റാർട്ടപ്പ് ടിഎൻ മിഷൻ കാഴ്ചപ്പാട്.
ഈ പുതിയ സംരംഭങ്ങൾ സംസ്ഥാനത്ത് ശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ തമിഴ്നാട് സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തി പകരുമെന്ന് രാമനാഥൻ പറഞ്ഞു.
ബജറ്റിൽ പ്രഖ്യാപിച്ച മധുര, തിരുനെൽവേലി, ഈറോഡ് എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ പോകുന്ന റീജിയണൽ സ്റ്റാർട്ടപ്പ് ഹബുകൾ സ്റ്റാർട്ടപ്പ് സംസ്കാരത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തിയതായും മേഖലകളിലെ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.