നാടോടുമ്പോൾ നടുവേ ഓടണം എന്ന വാക്യം ഇന്ത്യയിലെ പൊതുമേഖലാ എണ്ണകമ്പനികൾ നടപ്പാക്കിത്തുടങ്ങി. EV കൾ വൻതോതിൽ നിരത്തിലിറങ്ങുന്ന ഈ കാലത്തു അവയുടെ മുന്നേ ഓടിയെത്താനാണ് ശ്രമം.
നിരത്തുകളിലെ പുതിയ ട്രെൻഡായി വൈദ്യുത, സി.എൻ.ജി വാഹനങ്ങൾ മാറുമ്പോൾ അതിനൊപ്പം വൈദ്യുതിയും പ്രകൃതിവാതകവും ഉൾപ്പെടെ പുതിയ മേഖലകളിലേക്ക് വ്യാപാര വിപണന സാദ്ധ്യതകൾ തേടി ചുവടുമാറുകയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ. വൈദ്യുത, സി.എൻ.ജി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയം അനുകൂലമാക്കാനാണ് ഇവരുടെ നീക്കം.
കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ വൈദ്യുതി, സി.എൻ.ജി എന്നിവയുടെ വിപണന സാദ്ധ്യത മുതലാക്കാനാണ് എണ്ണക്കമ്പനികളുടെ പദ്ധതി. രാജ്യമെമ്പാടുമുള്ള പെട്രോൾ പമ്പുകളിലൂടെ വാഹനങ്ങൾക്ക് സി.എൻ.ജിയും വൈദ്യുതി ചാർജിംഗ് സൗകര്യവും ലഭ്യമാക്കി ഊർജ്ജ കമ്പനിയായി മാറുന്ന മുഖം മിനുക്കലിലാണ് പെട്രോളിയം കമ്പനികൾ.
വൈദ്യുതി ചാർജിംഗ് ഇടനാഴി
- വൈദ്യുത വാഹനങ്ങൾ അതിവേഗത്തിൽ ചാർജ് ചെയ്യാവുന്ന 7,000 കേന്ദ്രങ്ങൾ അഞ്ചു വർഷത്തിനകം ആരംഭിക്കുകയാണ് ലക്ഷ്യം.
- 2,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക.
- ദേശീയ, സംസ്ഥാന പാതകളിൽ നൂറു കിലോമീറ്ററിനിടയിൽ ഒരു ചാർജിംഗ് സ്റ്റേഷൻ വീതമാണ് ഒരുക്കുക.
- ചുരുക്കത്തിൽ വൈദ്യുത വാഹനങ്ങൾക്ക് ഒരു പോയിന്റിൽ നിന്നും ചാർജ് ചെയ്താൽ വഴിയിൽ നിന്ന് പോകാതെ തന്നെ അടുത്ത പോയിന്റിൽ നിന്നും വീണ്ടും ചാർജ് ചെയ്തു ലക്ഷ്യത്തിലെത്താൻ സാധിക്കും.
- പമ്പുകളിൽ വാഹനങ്ങളുടെ വൈദ്യുതി ചാർജിങ്ങിനു പുറമെ സി.എൻ.ജി ഫില്ലിങ്ങിനും സൗകര്യം ഒരുക്കും.
മികച്ച ബാറ്ററിയുണ്ടാക്കാൻ IOC
രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വാഹനങ്ങൾക്ക് വൈദ്യുതി ചാർജിംഗിന് സൗകര്യം ഒരുക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങൾക്ക് മികച്ച ബാറ്ററി ലഭ്യമാക്കുകയാണ് ലക്ഷ്യം.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ലിഥിയം ഉപയോഗിച്ചാണ് വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി നിർമ്മിക്കുന്നത്. രാജ്യത്ത് സുലഭമായ അലുമിനിയം ഉപയോഗിച്ച് റീചാർജ് ചെയ്യാവുന്ന ബാറ്ററി നിർമ്മിക്കുന്നതിനുള്ള ഗവേഷണ വികസന പദ്ധതി ഇന്ത്യൻ ഓയിൽ തുടരുകയാണ്. പരീക്ഷണങ്ങൾ വിജയിച്ചാൽ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുന്ന സമയം കൊണ്ട് വൈദ്യുത വാഹനത്തിന്റെ അലുമിനിയം ബാറ്ററി മാറ്റിവച്ചു യാത്ര തുടരാം.
50 വർഷത്തിനിടെ അസംസ്കൃത എണ്ണയുടെ ലഭ്യതയിൽ വൻഇടിവ് സംഭവിക്കുമെന്നാണ് പഠനങ്ങൾ. എണ്ണ ഇറക്കുമതി കുറച്ച് വിദേശനാണ്യ വിനിയോഗം കുറയ്ക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. എണ്ണ ഉപഭോഗത്തിൽ കുറവ് സംഭവിച്ചാലും നിലനിൽക്കുകയെന്ന ലക്ഷ്യവും എണ്ണക്കമ്പനികൾക്കുണ്ട്.