2023 സാമ്പത്തികവർഷം മികച്ച തുടക്കമാണ് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന് നൽകിയിരിക്കുന്നത്. ഏപ്രിലിലെ ഇന്ത്യയിലെ വാഹന വില്പന കണക്കുകൾ സൂചിപ്പിക്കുന്നത് മികച്ച വളർച്ചാ നിരക്കും, തുടർന്നങ്ങോട്ടുള്ള പ്രതീക്ഷയുമാണ്.

വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് 2023 പുറത്തു വിട്ട ഏപ്രിലിലെ വിൽപ്പന കണക്കുകൾ പ്രകാരം
- ഇന്ത്യൻ വാഹന വ്യവസായം വിവിധ സെഗ്മെന്റുകളിൽ ശ്രദ്ധേയമായ വളർച്ചയോടെ നല്ല പ്രകടനം കാഴ്ചവച്ചു.
- യാത്രാ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ക്വാഡ്രിസൈക്കിളുകൾ എന്നിവയുടെ പ്രതിമാസ ഉൽപ്പാദനം 19,57,599 യൂണിറ്റിലെത്തി.
- ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങളോട് കൂടിയ വാഹനങ്ങളുടെ വിൽപ്പനയും കുതിച്ചുയർന്നു.
- 2023 ഏപ്രിലിൽ പാസഞ്ചർ വാഹന വിൽപ്പന 3,31,278 യൂണിറ്റിലെത്തി. ഇത് എക്കാലത്തെയും ഉയർന്ന വിൽപ്പനയും 2022 ഏപ്രിലിനെ അപേക്ഷിച്ച് 12.9% വളർച്ചയും ചൂണ്ടിക്കാട്ടുന്നു.

ടൂ വീലർ സെഗ്മെന്റ് 13,38,588 യൂണിറ്റ് വിൽപ്പനയോടെ ശക്തമായ പ്രകടനം കാഴ്ചവച്ചു, മുൻവർഷത്തെ അപേക്ഷിച്ച് 15.1% വളർച്ചയാണ് ഈ സെഗ്മെന്റിൽ. ഏപ്രിലിൽ ത്രീ-വീലർ വിൽപ്പനയിൽ 42,885 യൂണിറ്റെന്ന കാര്യമായ വർധനയുണ്ടായി.
പാസഞ്ചർ വാഹന വിഭാഗത്തിൽ, ആഭ്യന്തര വിൽപ്പനയിൽ 1,37,320 യൂണിറ്റുകളുമായി മാരുതി സുസുക്കി മുന്നിട്ടു നിൽക്കുന്നു. 2022 ഏപ്രിലിലെ 1,21,995 യൂണിറ്റുകളിൽ നിന്നാണ് ഈ വർധന.

ഹ്യൂണ്ടായ് മോട്ടോഴ്സിന്റെ 49,701 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു.
മുൻവര്‍ഷത്തെ 44,001 യൂണിറ്റിൽ നിന്നാണ് ഹ്യുണ്ടായിയുടെ ഈ ഉയര്‍ച്ച.
ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയ ഇന്ത്യ ഒരു വർഷം കൊണ്ട് മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. കിയയുടെ ആഭ്യന്തര വിൽപ്പന ഏപ്രിലിൽ 23,216 യൂണിറ്റുകളാണ്.
മഹീന്ദ്രയുടെ ആഭ്യന്തര വാഹന വിൽപ്പന 34,698 യൂണിറ്റായി.
ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര വിൽപ്പന 47,007 യൂണിറ്റായി.

ഇരുചക്രവാഹനങ്ങളിൽ ഹീറോ മോട്ടോകോർപ്പ് 3,86,184 യൂണിറ്റുകളുമായി വിൽപനയിൽ മുന്നിൽ നിൽക്കുന്നു. എന്നാല്‍ കഴിഞ്ഞ വർഷത്തെ ഏപ്രിലിലെ 3,98,490 യൂണിറ്റുകളിൽ നിന്ന് ഹീറോയുടെ വില്‍പ്പന കുറഞ്ഞു.
അതേസമയം, ഹോണ്ട ടൂ വീലേഴ്സ് 2023 ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ 2022 ലെ 3,18,734 യൂണിറ്റുകളിൽ നിന്ന് വില്പന ഉയർത്തി 3,38,290 യൂണിറ്റുകൾ വിറ്റഴിച്ചു.

2023 ഏപ്രിലിൽ 68,881 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ച റോയൽ എൻഫീൽഡ് മൂന്നാം സ്ഥാനത്തും സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ 67,259 യൂണിറ്റുകളോടെ മൂന്നാം സ്ഥാനത്തുമാണ്.