ഈ വര്‍ഷം കേരളത്തിലെ തീയറ്ററുകളിലേക്ക് പ്രേക്ഷകരെ കൂട്ടത്തോടെ എത്തിക്കാന്‍ കഴിഞ്ഞത് വിരലില്‍ എണ്ണാവുന്ന സിനിമകള്‍ക്ക് മാത്രമാണ്. ഇതുവരെ ഏകദേശ 90 സിനിമകള്‍ റിലീസ് ചെയ്യപ്പെട്ട മലയാള സിനിമാ ഇന്ടസ്ട്രിയില് വിജയം കൈവരിക്കാനും തീയ്യറ്ററുകളില്‍ ആളെ കൂട്ടാനും കഴിഞ്ഞത് ആകെ അഞ്ച് ചിത്രങ്ങള്‍ക്കാണ്.
അതില്‍ തന്നെ ജിത്തു മാധവന് സംവിധാനം ചെയ്ത രോമാഞ്ചവും, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 മാത്രമാണ് മലയാളചിത്രങ്ങള്‍ ആയിട്ടുള്ളത്. ബി ലെവല്‍ താരങ്ങള്‍ പോലുമില്ലാതെ സര്‍പ്രൈസ് ഹിറ്റായ രോമാഞ്ചം 69 കോടി രൂപയാണ് ലോകമൊട്ടാകെ കളക്റ്റ് ചെയ്തത്. 6 കോടി രൂപയോളം ആയിരുന്നു ഈ ചിത്രത്തിന്റെ മുതല്‍ മുടക്ക്. പത്ത് ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച 2018 ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് തീയറ്ററില്‍ നടത്തുന്നത്.
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ നൂറു കോടി ചിത്രമെന്ന ഖ്യാതി ഇതിനോടകം തന്നെ നേടിയ 2018 ഇനിയും റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബോളിവൂടില് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന് തിരികെയെത്തിയ സിദ്ധാര്‍ത് ആനന്ദ് ചിത്രം പത്താന്, കഴിഞ്ഞ വര്‍ഷം കോളിവൂടിലെ ഇന്ടസ്ട്രി ഹിറ്റായ പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗം, കിയനു റീവ്സ് പ്രധാനവേഷതിലെത്തിയ, ചാഡ് സ്ടഹെല്സ്കി സംവിധാനം ചെയ്ത ഹോളിവൂഡ് ചിത്രം ജോണ്‍ വിക്ക് 4 എന്നിവയാണ് കേരളത്തിലെ തീയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റ് ചിത്രങ്ങള്‍.
തീയറ്ററുകളില്‍ ഇനി മലയാളികളെ കാത്തിരിക്കുന്നത് വമ്പന്‍ ഹോളിവുഡ് സിനിമകൾ
2018 തീയറ്ററുകളില്‍ അശ്വമേധം നടത്തുമ്പോഴും അതിന് ശേഷം ഏത് സിനിമയാകും ഇത്തരത്തില്‍ വലിയൊരു ഹിറ്റിലേക്ക് പോകുന്നത് എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്കും ആശങ്കയുണ്ട്. അന്യഭാഷാചിത്രങ്ങള്‍ അടക്കമുള്ള സൂപ്പര്‍ താര സിനിമകള്‍ എല്ലാം തന്നെ വര്ഷാന്ത്യപാദത്തിലേക്ക് റിലീസ് പ്രഖ്യാപിച്ചതിനാല്‍ വരും മാസങ്ങളില്‍ തീയറ്ററുകളിലേക്ക് കാണികളെ കൊണ്ട് വരാന്‍ പോകുന്നത് കൂടുതലും ഹോളിവൂഡ് ചിത്രങ്ങള്‍ ആയിരിക്കും എന്നാണ് റിലീസുകള്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പിടി വമ്പന്‍ ബിഗ് ബഡ്ജറ്റ് സിനിമകളാണ് ജൂണ്‍ ജൂലായ് മാസങ്ങളിലായി റിലീസ് ചെയ്യാന്‍ പോകുന്നത്.
ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാമതായ Spider-Man: Across the Spider-Verse ആണ് ഇനി ആദ്യം എത്തുന്ന ഹോളിവൂഡ് ചിത്രം. 2018ല്‍ റിലീസ് ചെയ്ത Spider-Man: Into the Spider-Verse അനിമേഷന്‍ സൂപ്പര്‍ഹീറോ സിനിമയുടെ രണ്ടാം ഭാഗമായ ഈ ചിത്രം ജൂണ്‍ 2ന് റിലീസ് ചെയ്യും. 2018ലെ മികച്ച അനിമേഷന്‍ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡും Spider-Man: Into the Spider-Verse സ്വന്തമാക്കിയിരുന്നു. ലൈവ് ആക്ഷന്‍ സ്പൈഡര്‍-മാന്‍ ചിത്രങ്ങളേക്കാള്‍ മികച്ച ചിത്രം എന്ന് വിമര്‍ശകര്‍ വരെ അംഗീകരിച്ച ഈ ചിത്രത്തിന്റെ മൂന്നാം ഭാഗം അടുത്ത വര്‍ഷം മാര്‍ച്ച് 29ന് റിലീസ് പ്രഖാപിച്ചു കഴിഞ്ഞു. ആദ്യ വാരത്തില്‍ തന്നെ ഡോമസ്റ്റിക്ക് കളക്ഷനായി 80 മില്ല്യന്‍ ഡോളറാണ് Spider-Man: Across the Spider-Verse പ്രതീക്ഷിക്കുന്നത്.
ഇതുവരെ 4.8 ബില്ല്യന്‍ ഡോളര്‍ വാരിക്കൂട്ടിയ Transformers സീരീസിലെ പുതിയ ചിത്രം Transformers: Rise of the beasts ആണ് രണ്ടാമതായി എത്തുന്നത്, ജൂണ്‍ 9ന് റിലീസ് ആകുന്ന ഈ ചിത്രം Transformers സീരീസിലെ മുന്‍ ചിത്രങ്ങളുടെ പ്രീക്വല്‍ ആയിട്ടാണ് എത്തുന്നത്. 200 മില്ല്യന്‍ ഡോളര്‍ ചിലവില്‍ സ്റ്റീവന്‍ കേപ്പിള് ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം 70 മില്ല്യന്‍ ഡോളറാണ് ഡോമസ്റ്റിക്ക് കളക്ഷനായി ആദ്യ വാരത്തില്‍ മാത്രം പ്രതീക്ഷിക്കുന്നത്, സീരീസിലെ മുന്‍ സിനിമകളെപ്പോലെ തന്നെ Transformers: Rise of the beasts അന്താരാഷ്ട്ര റിലീസില്‍ വലിയ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്.
പ്രിവ്യൂ ഷോകളിലൂടെ ഇതിനോടകം തന്നെ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയെടുത്ത DC സ്റ്റുഡിയോസിന്റെ The Flash ആണ് അടുത്ത ചിത്രം. ആന്‍ഡി മസ്കിയാറ്റി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. കഴിഞ്ഞ 40 വര്‍ഷത്തെ ഹോളിവൂഡിന്റെ ശ്രമത്തിന് ശേഷമാണ് ഫ്ലാഷ് എന്ന സൂപ്പര്‍ഹീറോയുടെ കഥ ഇത്തവണ എര്‍സ മില്ലറിനെ നായകനാക്കി സിനിമയാക്കാന്‍ കഴിഞ്ഞത്. ബാറ്റ്മാന് റോള്‍ ചെയ്ത മൈക്കല്‍ കീറ്റനും ബെന്‍ അഫ്ലെക്കും അതേ വേഷങ്ങളില്‍ തന്നെ എത്തുന്ന ആദ്യ സിനിമ കൂടിയാണിത്. സംവിധായകന് ജെയിംസ് ഗണ്ണിന്റെ നേതൃത്വത്തില്‍ DC ഫ്രാഞ്ചൈസി റീബൂട്ട് ചെയ്യുന്നതിന് മുന്‍പുള്ള അവസാന സിനിമ കൂടിയാണ് The Flash.
പ്രസിദ്ധ രചയിതാവായ സ്റ്റീഫന്‍ കിംഗ് അടക്കമുള്ളവരുടെ മികച്ച അഭിപ്രായം ലഭിച്ച ചിത്രം DC സൂപ്പര്‍ഹീറോ സിനിമകള്‍ക്ക് ഒരു മാറ്റം സൃഷ്ടിക്കുമെന്ന് സിനിമാലോകം കരുതുന്നുണ്ട്. 200 മില്ല്യന്‍ ഡോളറില്‍ ഒരുക്കുന്ന ചിത്രം ജൂണ്‍ 16ന് തീയറ്ററുകളില്‍ എത്തും. ചിത്രം ബോക്സോഫീസില്‍ 700 മില്ല്യന്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകള്‍ അവകാശപ്പെടുന്നത്.
വിഖ്യാത സംവിധായകരായ സ്റ്റീവന്‍ സ്പീല്ബര്ഗം ജോര്‍ജ് ലൂകാസും ചേര്‍ന്ന് സൃഷ്ട്ടിച്ച ഇന്ത്യാന ജോണ്‍സ് സീരീസിലെ അഞ്ചാം ഭാഗമായ Indiana Jones: Dial of Destiny യാണ് ജൂണ്‍ മാസത്തില്‍ അവസാനം റിലീസിന് എത്തുന്നത്. 300 മില്ല്യന്‍ ഡോളര്‍ ചിലവില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹാരിസണ്‍ ഫോഡ്, ഇന്ത്യാന ജോണ്‍സ് എന്ന കഥാപാത്രമായി വീണ്ടുമെത്തുന്നു. ഏകദേശം 2 ബില്ല്യനോളം നേടിയ ഇന്ത്യാന ജോണ്‍സ് സീരീസിലെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജെയിംസ് മാന്‍ഗോള്‍ഡ് ആണ്. ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യും.
ടോം ക്രൂസ് നായകനായി എത്തുന്ന മിഷന് ഇമ്പോസിബിള്‍ സീരീസിലെ ഏഴാമത്തെ ചിത്രമായ ഡെഡ് റെക്കണിംഗ് പാര്‍ട്ട് 1 ആണ് അടുത്ത ചിത്രം.
അതിസാഹസിക ആക്ഷന്‍ രംഗങ്ങള്‍ അടക്കമുള്ള ചിത്രം 290 മില്ല്യന്‍ ഡോളര്‍ ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് റിലീസ് ചെയ്ത ആറു ചിത്രങ്ങളിലൂടെ ഏകദേശം മൂന്നര ബില്ല്യനോളം കളക്ഷന്‍ ഈ ഫ്രാഞ്ചൈസി ഇതുവരെ നേടിയിട്ടുണ്ട്. ക്രിസ്റ്റഫര്‍ മക്വയറി സംവിധാനം ചെയ്യുന്ന ചിത്രം ജൂലയ് 12നാണ് റിലീസ് ചെയ്യുന്നത്.
അറ്റോമിക് ബോംബിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട അമേരിക്കന്‍ ഫിസിസിസ്റ്റ് റോബര്‍ട്ട് ഓപ്പണ്ഹെയ്മറിന്റെ ജീവചരിത്രം ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്യുന്ന ഓപ്പണ്ഹെയ്മര് ആണ് അടുത്ത ചിത്രം. 100 മില്ല്യന്‍ ചിലവില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിലിയന്‍ മര്‍ഫി, മാറ്റ് ഡാമന്‍, റോബര്‍ട്ട് ഡൌണി ജൂനിയര്‍, എമിലി ബ്ലന്റ് അടക്കമുള്ള വന്‍താരനിരയാണ് അണിനിരക്കുന്നത്.
അടുത്ത വരും മാസങ്ങളില്‍ റിലീസ് ചെയ്യാന്‍ പോകുന്ന സൂപ്പര്‍ഹീറോ, ആക്ഷന്‍, അഡ്വഞ്ചര്‍, ഫാന്സ്ടി ഴോനറില്‍ വരുന്ന ഹോളിവൂഡ് ചിത്രങ്ങളില്‍ ആരാധകര്‍ക്കും സിനിമാലോകത്തിനും വലിയ പ്രതീക്ഷയാണ് ഉള്ളത്. ഇതുവരെ വളരെക്കുറച്ച് ചിത്രങ്ങള്‍ മാത്രം നേട്ടം കൊയ്യുകയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്ത അവസ്ഥയില്‍ നിന്ന് മലയാള സിനിമാ ഇന്ടസ്ട്രിയ്ക്ക് തന്നെ ഗുണകരമായ ഒരു മാറ്റം കൊണ്ടുവരാന്‍ ഈ ഹോളിവൂഡ് സീസണിനു കഴിയും എന്നാണ് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ കരുതുന്നത്.
The anticipation is high among fans and the film industry for the upcoming Hollywood releases in the superhero, action, adventure, and fantasy genres. Analysts predict that this Hollywood season has the potential to bring a positive transformation to the Malayalam film industry, which has seen only a few successful films that truly resonate with the audience.