ജപ്പാനിലെ താരമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജപ്പാൻ സന്ദർശന വേളയിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാർ സംഘം ജാപ്പനീസ് കമ്പനികളുമായി 818.90 കോടി രൂപയുടെ ധാരണാപത്രം (MoU) ഒപ്പുവച്ചു.ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനുമായി (ജെട്രോ) സംയുക്തമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുത്തിരുന്നു.
ഓട്ടോമോട്ടീവ് സ്പെയറുകൾ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ്, ബഹിരാകാശത്തും പ്രതിരോധത്തിലും ഉപയോഗിക്കുന്ന ലോഹങ്ങൾ, നിർമ്മാണം എന്നീ മേഖലകളിൽ ടോക്കിയോയിൽ ആകെ ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
KyoKuto Satrac, Mitsuba, Shimizu Corporation, Kohyei, Sato-Shoji Metal Works, Tofle തുടങ്ങിയ കമ്പനികളാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച ജപ്പാനിലെ കമ്പനികൾ.
ധാരണ പ്രകാരം കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാപ്പനീസ് സ്ഥാപനങ്ങൾ നിക്ഷേപം നടത്തും.
നിക്ഷേപ പ്രോത്സാഹനത്തിനും ഏകജാലക സൗകര്യത്തിനുമുള്ള സംസ്ഥാനത്തിന്റെ നോഡൽ ഏജൻസിയായ ഗൈഡൻസ് ആണ് തമിഴ്നാട് സംസ്ഥാന സർക്കാരിന് വേണ്ടി ജപ്പാനുമായി MOU വിൽ ഒപ്പിട്ടത്. ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്ന സമയത്ത് സംസ്ഥാന വ്യവസായ മന്ത്രി ടിആർബി രാജയും ഏതാനും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.