യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ആക്‌സിലറേറ്റർ പ്രോഗ്രാമിനായി തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ഫാർമേഴ്‌സ് ഫ്രഷ് സോൺ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
ലോകമെമ്പാടുമുള്ള അഗ്രി-ഫുഡ് സ്റ്റാർട്ടപ്പുകളിൽ നിന്ന് 12 പേരുടെ പട്ടികയിലാണ് ഈ മൾട്ടിചാനൽ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്‌ഫോം ഇടംപിടിച്ചത്.
യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിടുന്ന ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് യോഗ്യത നേടിയ ഇന്ത്യയിലെ രണ്ട് സ്റ്റാർട്ടപ്പുകളിൽ ഒന്നാണിത്. അടുത്ത മാസം റോമിൽ നടക്കുന്ന യു.എൻ.ചടങ്ങിൽ അഗ്രിടെക് D2C സ്റ്റാർട്ടപ്പ് CEO പ്രദീപ് പി.എസ് പങ്കെടുക്കും.
കാർബൺ ഉദ്‌വമനം കുറവായ, ഫാം-ടു-ഫോർക്ക് എന്ന തത്വം നടപ്പിലാക്കി ഭക്ഷണം പാഴാക്കാതിരിക്കുകയും പ്രാദേശിക ഉൽപ്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുസ്ഥിര ബിസിനസ് മോഡലിന് സ്റ്റാർട്ടപ്പ് എഫ്എഒ അംഗീകാരം നേടി. “ഓരോ സമ്പദ്‌വ്യവസ്ഥയിലെയും വിപണിയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി മോഡലിന് മാറ്റങ്ങൾ ആവശ്യമാണ്. അതിനായി ഞങ്ങൾക്ക് ഫണ്ട് ആവശ്യമാണ്, അത് ആക്സിലറേറ്റർ വഴി വരും, ”CEO പ്രദീപ് പി.എസ് പറഞ്ഞു. യുഎന്നിന്റെ സീഡ് ലോ കാർബൺ അവാർഡിനും ഫാർമേഴ്‌സ് ഫ്രഷ് സോണിനെ യുഎൻ നേരത്തെ പരിഗണിച്ചിരുന്നു.
വിളവെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ വയലുകളിൽ നിന്ന് തീൻമേശയിലേക്ക് ആരോഗ്യകരവും പ്രീമിയം ഗുണമേന്മയുള്ളതും കീടനാശിനി രഹിതവുമായ പച്ചക്കറികൾ നൽകിക്കൊണ്ട് ഗ്രാമീണ കർഷകരും നഗര ഉപഭോക്താക്കളും തമ്മിലുള്ള വിടവ് നികത്തുകയാണ് സ്റ്റാർട്ടപ്പ് ചെയ്യുന്നതെന്ന് ഫാർമേഴ്സ് ഫ്രഷ് സോൺ അവകാശപ്പെടുന്നു. കരളത്തിലെ മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളെയും 2,000-ത്തിലധികം കർഷകരെയും സ്റ്റാർട്ടപ്പ് ബന്ധിപ്പിക്കുന്നു.