ഇൻഫോപാർക്കിലെ ജോലി രാജിവെച്ച് തിരുവനന്തപുരം സ്വദേശിയായ ഷീജ ആരംഭിച്ച സംരംഭം. ഷീജയുടെ ആറു വർഷത്തോളം നീണ്ടുനിന്ന പഠനത്തിന്റേയും, പരിശ്രമങ്ങളുടേയും ഫലം.
അതാണ് പരിസ്ഥിതിയ്ക്കിണങ്ങുന്ന, പൂർണ്ണമായും ബയോഡീഗ്രേഡബിളായ സാനിറ്ററി പാഡുകൾ ഉൽപാദിപ്പിക്കുന്ന ILA GREEN. മാസത്തിൽ 2 ലക്ഷത്തോളം രൂപയാണ് ഇല ഗ്രീൻ ഇന്ന് നേടുന്ന വരുമാനം.
ഇലയിലേയ്ക്കെത്തിയ വഴി
ഒരു സ്ത്രീയ്ക്ക് എന്താണ് വേണ്ടതെന്ന് മറ്റൊരു സ്ത്രീയ്ക്ക് കൃത്യമായി മനസിലാക്കാൻ സാധിക്കും. സ്ത്രീ സഹപ്രവർത്തകരുമായും, സുഹൃത്തുക്കളുമായുള്ള സംസാരങ്ങളിൽ ആർത്തവ സമയത്തെ ഇൻഫെക്ഷൻ, ഫൈബ്രോയിഡ്സ് തുടങ്ങിയ വിഷയങ്ങളെല്ലാം കടന്നുവരുമായിരുന്നു. ഇതിനെക്കുറിച്ച് പിന്നീട് ഗൂഗിളിലും മറ്റും തിരഞ്ഞപ്പോഴാണ് ആർത്തവവുമായി ബന്ധപ്പെട്ടു വരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പ്ലാസ്റ്റിക്ക് ഉപയോഗിച്ചുണ്ടാക്കുന്ന സാനിറ്ററി പാഡുകൾ കാരണമാകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ ഇതിനൊരു പരിഹാരമെന്തെന്ന അന്വേഷണത്തിനൊടുവിലാണ് ബയോഡീഗ്രേഡബിൾ സാനിറ്ററി പാഡുകളെന്ന ആശയത്തിലേക്കും, പിന്നീട് ILA GREEN എന്ന സംരംഭത്തിലേക്കും എത്തിച്ചേർന്നത്, Sheeja പറയുന്നു.
സംരംഭം തുടങ്ങാനുള്ള ആശയം അറിയിച്ചപ്പോൾ തന്നെ ജില്ലാ വ്യവസായ ഓഫീസിൽ നിന്നടക്കം പൂർണ്ണ പിന്തുണ ലഭിച്ചിരുന്നു. സംരംഭത്തിന് നല്ലൊരു പേര് തെരഞ്ഞെടുക്കാനുള്ള അന്വേഷണത്തിനൊടുവിലാണ് ഈജിപ്ഷ്യൻ ഭാഷയിൽ വിജയം (Success) എന്നർത്ഥം വരുന്ന ഇല എന്ന പേരിലേക്കെത്തുന്നത്. മലയാളത്തിൽ ഇല എന്നാൽ തികച്ചും പ്രകൃതിസൗഹൃദമായിട്ടുള്ള ഒന്നാണ്. അങ്ങനെ ഇല ഗ്രീൻ എന്ന പേരിലേക്കെത്തുകയായിരുന്നു.
ഇലയുടെ പാഡുകൾ എങ്ങനെ വേറിട്ടതാകുന്നു?
വുഡൻ പൾപ്പ്, കോട്ടൺ ക്ലോത്ത്, ബയോഡീഗ്രേഡബിളായ പ്ലാസ്റ്റിക് ഷീറ്റ് എന്നിവയുപയോഗിച്ചാണ് ഇല ഗ്രീൻ സാനിറ്ററി പാഡുകൾ നിർമ്മിക്കുന്നത്. രാജസ്ഥാൻ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നത്. പാഡുകൾ ഉപയോഗശേഷം കത്തിച്ചുകളയുകയോ, കുഴിച്ചിടുകയോ ചെയ്യാം. പേപ്പറുപയോഗിച്ചുള്ള പായ്ക്കിംഗ് സംവിധാനമാണുള്ളത്. അതുകൊണ്ടുതന്നെ ഇല നിർമ്മിക്കുന്ന സാനിറ്ററി നാപ്കിനുകൾ ഒരു രീതിയിലും പ്രകൃതിയ്ക്ക് ദോഷമുണ്ടാക്കുന്നില്ല.
സാധാരണ പാഡുകൾ ഉപയോഗിക്കുമ്പോഴുണ്ടായേക്കാവുന്ന അലർജി, ഇൻഫെക്ഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മുക്തവുമാണ് ഇവ. മീഡിയം, ലാർജ്ജ്, എക്സ്ട്രാ ലാർജ്, ഡബിൾ എക്സ്ട്രാ ലാർജ് എന്നിങ്ങനെ യഥാക്രമം, മഞ്ഞ, ഓറഞ്ച്, പച്ച, റോസ് നിറങ്ങളിലുള്ള പായ്ക്കുകളിലാണ് ഇലയുടെ പാഡുകൾ. 39 മുതൽ 199 രൂപ വരെയാണ് ഇവയ്ക്ക് വിലവരുന്നത്.
വിപണനം, ജീവനക്കാർ, ഭാവിപദ്ധതികൾ
കുടുംബശ്രീ സ്റ്റോറുകൾ, കാരുണ്യ മെഡിക്കൽ ഫാർമസികൾ, ത്രിവേണി സ്റ്റോറുകൾ എന്നിവ വഴിയാണ് നിലവിൽ വിപണനം നടത്തുന്നത്. 5 ജീവനക്കാരാണ് ഇലയുടെ ഭാഗമായി ജോലി ചെയ്യുന്നത്. ഭാവിയിൽ കേരളത്തിലെ മറ്റു ജില്ലകളിലേക്കു കൂടി സംരംഭം വിപുലീകരിക്കാൻ പദ്ധതിയുണ്ട്.