തുടങ്ങി വച്ചതും ഇനി തുടങ്ങാൻ പോകുന്നതുമായ നിങ്ങളുടെ സംരംഭം ചുവപ്പു നാടയിൽ കുരുങ്ങി പോയോ? നിങ്ങള്ക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിൽ നിന്നും തക്ക സമയത്തു നീതി ലഭിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ?
ഇപ്പോൾ സംസ്ഥാന സർക്കാർ പുതിയൊരു നിയമം പാസാക്കി, ചട്ടങ്ങൾ രൂപീകരിച്ചു സംരംഭകർക്ക് സുരക്ഷയൊരുക്കുന്നുണ്ട്. ഒരുപക്ഷെ ഇത് നിങ്ങള്ക്ക് പ്രയോജനപ്പെട്ടേക്കാം.
സിവിൽ കോടതി അധികാരത്തിലാണ് പുതിയ പരാതി പരിഹാര കമ്മിറ്റികൾ. സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വിവിധ തലങ്ങളിലെ നടപടിക്രമങ്ങളിൽ ഇപ്പോഴും പരാതികൾ ഉയർന്നു വരുന്നുണ്ട്. ഒരു സംരംഭം ആരംഭിക്കുമ്പോളോ, അത് നടത്തികൊണ്ട് പോകുമ്പോളോ ഉണ്ടാകുന്ന തടസ്സസങ്ങൾക്ക് ഇനി ആർക്കാണ് പരാതി നല്കേണ്ടതെന്നറിയാതെ സംരംഭകർ അലയേണ്ടതില്ല. കളക്ടർ ഓഫീസും, മന്ത്രി ഓഫീസും കയറി ഇറങ്ങേണ്ട. ഇത്തരം പരാതികൾ തീർപ്പാക്കുന്നതിനായി ശക്തമായ ഒരു പ്രശ്നപരിഹാര സംവിധാനം വ്യവസായവകുപ്പ് ഒരുക്കിയിരിക്കുകയാണ്. സംസ്ഥാന-ജില്ലാ തല പരാതി പരിഹാര കമ്മിറ്റികൾക്കാണ് വ്യവസായ വകുപ്പ് രൂപം നൽകിയിരിക്കുന്നത്.
ജില്ലാ തലത്തിൽ ജില്ലാ കളക്ടർ കൺവീനറും, സംസ്ഥാന തലത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായും കമ്മിറ്റികൾ പ്രവർത്തിക്കും.
10 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങളെ സംബന്ധിച്ച പരാതികൾ സംരംഭകർ ജില്ലാ കമ്മിറ്റികൾക്കും, അതിനു മുകളിൽ മൂലധനമുള്ള സംരംഭങ്ങൾ സംസ്ഥാനതല കമ്മിറ്റിക്കുമാണ് നൽകേണ്ടത്. ഓൺലൈൻ ആയിട്ടാണ് പരാതി നൽകേണ്ടത്. grivanceredressal.industry.kerala.gov.in എന്ന മെയ്ലിലേക്കാണ് പരാതി അയക്കേണ്ടത്. ലഭിക്കുന്ന പരാതിയിൽ 30 ദിവസത്തിനകം തീർപ്പുണ്ടായിരിക്കണം.
പരാതികൾ നേരിട്ട് സ്വീകരിക്കുന്ന കമ്മിറ്റികൾക്ക് വിചാരണ നടത്തുവാനും, പരിശോധന നടത്തുവാനും സിവിൽ കോടതികളുടെ അധികാരം നിയമം ഉറപ്പാക്കിയിട്ടുണ്ട്. ഏതു വകുപ്പിലെ ഉദ്യോഗസ്ഥനെയും, ഏതു രേഖയും, ഏതു ഫയലും കമ്മിറ്റിക്ക് വിളിച്ചു വരുത്താം, വിചാരണ ചെയ്യാം. കമ്മിറ്റി എടുക്കുന്ന തീരുമാനം ഉദ്യോഗസ്ഥർ 15 ദിവസത്തിനകം നടപ്പാക്കിയിരിക്കണം. അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് 250 രൂപ മുതൽ 10000 രൂപ വരെ പിഴയീടാക്കാനുള്ള അധികാരമുണ്ട് കമ്മിറ്റിക്ക്. കൂടാതെ ആ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾക്ക് ശുപാർശ ചെയ്യുവാനും കമ്മിറ്റിക്കു അധികാരമുണ്ടായിരിക്കും.
ജില്ലാ കമ്മിറ്റികൾ പരാതി തീർപ്പാക്കിയില്ലെങ്കിൽ ഓട്ടോമാറ്റിക്കായി സംസ്ഥാന കമ്മിറ്റി മുമ്പാകെ ആ പരാതിയെത്തും. അവിടെ നിർബന്ധമായും പരാതി പരിഹരിച്ചിരിക്കും.
2019-20ൽ 13,695 സംരംഭങ്ങളും 2020-21ൽ 11,540 സംരംഭങ്ങളും ആരംഭിച്ച കേരളത്തിൽ 2022-23 സംരംഭക വർഷത്തിൽ ആരംഭിച്ചിരിക്കുന്നത് 139828 സംരംഭങ്ങളാണെന്ന് വ്യവസായ വകുപ്പ് പറയുന്നു. 299932 തൊഴിലുകൾ നൽകിക്കൊണ്ട് 8417 കോടി നിക്ഷേപമാകർഷിച്ചുകൊണ്ട് രാജ്യത്തെ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസെന്ന അംഗീകാരം നേടിക്കൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം അവസാനിച്ചിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി.