ഓണം മലയാളികൾക്ക് മാത്രമല്ല, മലയാള സിനിമാലോകത്തിനും വലിയ ഒരാഘോഷം കൂടിയാണ്.ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ തീയറ്ററുകൾക്കും നിർമ്മാതാക്കൾക്കും വമ്പൻ ചാകരയാണ് സൃഷ്ട്ടിക്കുന്നത്.
എന്നാൽ കോവിഡിന് ശേഷമുള്ള ആദ്യ ഓണം സീസൺ കൃത്യമായി ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. സൂപ്പർ താര ചിത്രങ്ങളുടെ അഭാവവും വലിയൊരു വിഭാഗം പ്രേക്ഷകനെ തീയറ്ററിൽ നിന്നും അകറ്റി. പിന്നീട് വന്ന ആഘോഷ സീസണുകളിൽ എല്ലാം തന്നെ, പ്രേക്ഷകർ ആഗ്രഹിച്ച താരങ്ങളുടെ ഒരു കംപ്ലീറ്റ് എന്റർടെയിനറിന്റെ അഭാവം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിൻറെ കുറവ് തീർക്കാൻ എന്നവണ്ണമാണ് ഓണം റിലീസുകൾ എത്തുന്നത്. മെഗാസ്റ്റാറുകളുടെ അഭാവത്തിൽ യുവതാരങ്ങളുടെ ഒരു വമ്പൻ നിര തന്നെയാണ് തീയറ്ററുകൾ കീഴടക്കാൻ എത്തുന്നത്.
ആദ്യത്തേത് ദുൽക്കർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയാണ്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു പീരീഡ് ഗ്യാങ്ങ്സ്റ്റർ ആയി ഒരുങ്ങുന്ന ചിത്രം സീതാരാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദുൽക്കർ സൽമാൻ നായകനാകുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. കുറുപ്പ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, ചുപ്, സീതാരാമം എന്നിങ്ങനെ നാല് ഇൻഡസ്ട്രികളിലും ബ്ലോക്ക് ബസ്റ്ററുകൾ സ്വന്തമാക്കി റെക്കോഡ് സ്ഥാപിച്ച ദുൽക്കർ സൽമാൻറെ കിംഗ് ഓഫ് കൊത്തയും ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്.
അഭിലാഷ് ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നിമിഷ് രവിയാണ് ചായാഗ്രഹണം ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മി, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, ചെമ്പൻ വിനോദ് ജോസ്, സുധി കോപ്പ, നൈല ഉഷ, ശാന്തി കൃഷ്ണ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്ഗോപി, ധ്രുവ് വിക്രം എന്നീ താരപുത്രന്മാരുടെ സാന്നിധ്യവും ഉണ്ട്. ഷാൻ റഹ്മാനും ജേക്സ് ബിജോയ്‌യും സംഗീതം ഒരുക്കുന്ന ചിത്രത്തിൻറെ ഓഡിയോ റൈറ്റ്സ് റെക്കോഡ് തുകയ്ക്കാണ് സോണി മ്യൂസിക് സ്വന്തമാക്കിയത്. ധനുഷിനെ നായകനാക്കി “വാത്തി” എന്ന സിനിമ സംവിധാനം ചെയ്ത വെങ്കി അടലൂരിയുടെ തെലുങ്ക് ചിത്രമാണ് ദുൽക്കറിന്റെ അടുത്ത ചിത്രം. രാജ്-ഡികെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഗൺസ് ആൻഡ് ഗുലാബ്സ്” എന്ന നെറ്റ്ഫ്ലിക്സ് സീരീസും ദുൽക്കറിൻറെതായി ഇനി വരാനിരിക്കുന്നുണ്ട്.
തുടർച്ചയായ ബോക്സ് ഓഫീസ് പരാജയങ്ങൾക്ക് ശേഷം നിവിൻ പോളി വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്ന ചിത്രമാണ് NP42. മിഖായേലിന് ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന ചിത്രത്തിൻറെ പേര് അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. NP42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹെയ്സ്റ്റ് ത്രില്ലർ ആയി ഒരുക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കും എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
മുകുന്ദനുണ്ണി അസോസിയേറ്റ്സിലൂടെ ശ്രദ്ധിക്കപ്പെട്ട ആർഷ ബൈജുവും മമിതയുമാണ് ചിത്രത്തിലെ നായികമാർ. വിനയ് ഫോർട്ടും ജാഫർ ഇടുക്കിയും മറ്റ് വേഷങ്ങളിൽ എത്തുന്ന ചിത്രം കൂടുതലും യുഎഇയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ റാം സംവിധാനം ചെയ്ത “ഏഴു കടൽ ഏഴു മലയ്” ആണ് നിവിൻ പോളിയുടെ ഇനി റിലീസ് ആകാനിരിക്കുന്ന ചിത്രം.
ഇന്ത്യ മുഴുവൻ സെൻസേഷണലായ മിന്നൽ മുരളിയ്ക്ക് ശേഷം വീക്കെണ്ട് ബ്ലോക്ക്ബസ്റ്റെഴ്സിൻറെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രമാണ് “RDX”. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നഹാസ് ഹിദായത്താണ് സംവിധാനം ചെയ്യുന്നത്. വിക്രം വേദ, കൈദി എന്നീ സിനിമകളിലൂടെ പ്രശസ്തനായ തമിഴ് സംഗീത സംവിധായകൻ സാം സി എസ് ആണ് “RDX” സംഗീത സംവിധാനം ചെയ്യുന്നത്. റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്ന് യുവാക്കളുടെ കഥ പറയുന്ന ചിത്രം ആക്ഷൻ ഡ്രാമയായാണ് ഒരുക്കുന്നത്.
ലാൽ, ഷമ്മി തിലകൻ, മാല പാർവതി മഹിമ നമ്പ്യാർ, ഐമ സെബാസ്റ്റ്യൻ എന്നിവർ മറ്റ് വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് കെജിഎഫ്, വിക്രം എന്നീ സിനിമകളിലൂടെ പ്രശസ്തരായ അൻപ്-അറിവ് ആണ്. ടോവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന മിന്നൽ മുരളിയുടെ രണ്ടാം ഭാഗമാണ് വീക്കെണ്ട് ബ്ലോക്ക്ബസ്റ്റെഴ്സിൻറെ അടുത്ത ചിത്രം.
മെഗാസ്റ്റാറുകളുടെ അഭാവത്തിൽ യുവതാരങ്ങൾ തീയറ്ററുകൾ നിറയ്ക്കും എന്ന പ്രതീക്ഷയിലാണ് തീയറ്റർ ഉടമകൾ. വിവിധ ഴോനറുകളിൽ ഒരുങ്ങുന്ന യുവതാരങ്ങളുടെ സിനിമകൾക്കായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.