പൊള്ളുന്നു ഇലക്ട്രിക് സ്കൂട്ടർ വിപണി. കേന്ദ്രം E സ്കൂട്ടറിനുള്ള സബ്സിഡി കുത്തനെ വെട്ടികുറച്ചതോടെ നിർമാണ കമ്പനികൾ വിലയും കൂടി. ജൂൺ തുടക്കം മുതൽ സ്കൂട്ടറിന്റെ വില പല കമ്പനികളും 18 ശതമാനത്തോളമാണ് കൂട്ടിയത്.
ഇലക്ട്രിക്കിന് പിന്നാലെ പോകുവാൻ തീരുമാനിച്ചവർ വിലവർദ്ധനവോടെ ഒന്ന് കൂടി ചിന്തിക്കുന്ന അവസ്ഥയിലാണ്. FAME-II സംരംഭത്തിന് കീഴിൽ നൽകുന്ന സബ്സിഡികൾ വെട്ടിക്കുറച്ചതായി സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഏറ്റവും പുതിയ വില വർദ്ധനവ്.
ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ഒലക്കുള്ളത് 28 ശതമാനം വില്പന വിഹിതമാണ്. ഓല ഇലക്ട്രിക്കിന്റെ വിവിധ മോഡലുകളുടെ വില 15,000 രൂപ വീതമാണ് കൂട്ടിയത്. ഇതോടെ എസ് 1 പ്രോയുടെ വില 1.25 ലക്ഷം രൂപയിൽ നിന്ന് 1.40 ലക്ഷമായും എസ് 1-ന് 1.15 ലക്ഷം രൂപയിൽ നിന്നും നിന്ന് 1.30 ലക്ഷമായും ഉയർന്നു.
ടി.വി.എസ്. മോട്ടോർ കമ്പനി വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകൾക്ക് 17,000 രൂപ മുതൽ 22,000 രൂപ വരെയാണ് വില കൂടുക. ഏതർ കമ്പനിയുടെ സ്കൂട്ടറുകൾക്കും വില കൂടി. ഏതർ എനർജി 450X ഇലക്ട്രിക് സ്കൂട്ടറിന് 30,000 രൂപയിലധികം വില വർധിപ്പിച്ചു.
ഏതർ 450X ന്റെ വില 1,16,379 രൂപയിൽ നിന്ന് 30,285 രൂപ വർധിച്ച് 1,46,664 രൂപയായി ഉയർന്നു. ‘പ്രോ പാക്ക്’ ഉള്ള 450X ന് 1,67,178 രൂപയാണ് വില, 1,46,743 രൂപയിൽ നിന്ന് 20,435 രൂപ വർദ്ധനവ്.
ഒറ്റയടിക്ക് ഇത്രയും വില വർധിക്കുന്നത് ഉപഭോക്താക്കളെ പിന്നോട്ടുവലിക്കാൻ സാധ്യത കൂട്ടും. അതേസമയം, സബ്സിഡി കുറച്ചാലും തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളുടെ വില വർധിപ്പിക്കില്ലെന്നു ഹീറോ മോട്ടോർസ് പ്രഖ്യാപിച്ചിട്ടുണ്ട്.
2016 ൽ ഇന്ത്യയിലെ മൊത്തം വാഹന വില്പനയുടെ 78 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു., 2020 മുതൽ ആരംഭിച്ച വില വർദ്ധനവ് ഈ മേൽക്കോയ്മയെ കഴിഞ്ഞ സാമ്പത്തികവർഷം 72 ശതമാനത്തിലേക്കെത്തിച്ചു.