ലോക സിനിമാചരിത്രത്തിൽ ‘ദി ഗോഡ്ഫാദർ’ എന്ന ചിത്രത്തിന് പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ല. 1972-ൽ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സംവിധാനം ചെയ്ത ഈ ക്രൈം ഡ്രാമ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. കുടുംബ ബന്ധങ്ങളുടെയും കുടിപ്പകയുടെയും പശ്ചാത്തലത്തിൽ ‘മർലൺ ബ്രാൻഡോ, അൽ പാച്ചിനോ തുടങ്ങിയ പ്രതിഭകളുടെ പ്രകടനങ്ങളാൽ അവിസ്മരണീയമാണ് സിനിമ. സിനിമപ്രേമികളുടെയും ചലച്ചിത്ര വിദ്യാർത്ഥികളുടെയും ഒരു റഫറൻസ് ചിത്രമായി മാറിയ ഗോഡ്ഫാദറിന്റെ മോളിവുഡ് വെർഷനാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതനസാദ്ധ്യതകൾ ഉപയോഗിക്കുന്ന മോളിവുഡ് വെർഷനിൽ ഡീപ് ഫേക്കിലൂടെ പ്രത്യക്ഷപ്പെടുന്നത് മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലുമാണെന്നതാണ് ശ്രദ്ധേയം.

ഈ വീഡിയോയിൽ ദ ലാസ് വെഗാസ് കാസിനോ ഉടമയായ മോ ഗ്രീനിനെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ഗോഡ്ഫാദറിൽ മോ ഗ്രീനിനെ അവതരിപ്പിക്കുന്നത് അലക്‌സ് റോക്കോയാണ്. അൽ പാച്ചിനോ കസറിയ മൈക്കൽ കോളിയോണിയായി എത്തുന്നത് മോഹൻലാലാണ്. മൈക്കൽ കോളിയോണിയുടെ സഹോദരൻ ഫ്രെഡോ കോളിയോണിയായി ഫഹദ് ഫാസിലാണ് ദൃശ്യങ്ങളിലുളളത്. നടൻ വിനയ് ഫോർട്ട് ഉൾപ്പെടെ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ യഥാർത്ഥ്യത്തോട് കിടപിടിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, മറ്റുള്ളവർ ഇത് മെച്ചപ്പെടുത്താമായിരുന്നുവെന്ന് കമന്റ് ചെയ്തു. എഐയുടെ ഭാവി സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ വീഡിയോ വഴി വെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് 1.25 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്.

1972 മുതൽ 1990 വരെ മൂന്ന് ഭാഗങ്ങളായി തിരശീലയിൽ അവതരിപ്പിച്ച ഗോഡ്ഫാദർ ഇന്ത്യൻ സിനിമയിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ധർമ്മാത്മ (1975), നായകൻ (1987), നാടുവഴികൾ (1989), ആതങ്ക് ഹി ആതങ്ക് (1995), സർക്കാർ (2005), മാലിക് (2021) തുടങ്ങിയ സിനിമകൾ ആ സ്വാധീനവഴിയിൽ എത്തിയ ചില ചിത്രങ്ങൾ മാത്രം. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന അസാധാരണമായ തിരക്കഥ, സംവിധാനമികവ്, പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങൾ, സംഗീതം, ഛായാഗ്രഹണം എന്നിവയ്ക്ക് കപ്പോളയുടെ “ദി ഗോഡ്ഫാദർ” ത്രയം ആഘോഷിക്കപ്പെടുന്നു. മരിയോ പുസോയുടെ ഇതേ പേരിലുള്ള നോവലാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സിനിമയാക്കിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version