സൈക്കിൾ സൗഹൃദ നഗരമായി അതി വേഗം മാറിയിരിക്കുന്നു ദുബായ് ഇതിനു നന്ദി പറയേണ്ടത് സൈക്ലിംഗ് അന്തരീക്ഷത്തിനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്കും ഉള്ള പ്രാധാന്യം മനസിലാക്കി നടപ്പാക്കിയ ദുബായ് ഭരണകൂടത്തിനോടാണ്. അതുകൊണ്ടാണ് ഒരു കറുത്ത ടീ ഷർട്ടും സ്നീക്കറുകളും ധരിച്ച് മറ്റുള്ളവരോടൊപ്പം സൈക്കിൾ ചവിട്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് വാട്ടർ കനാലിന്റെ സൈക്ലിംഗ് പാതയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു കൈയടി നേടിയതും.
ദുബായ് സൈക്ലിംഗിനെ സജീവമായി പ്രോത്സാഹിപ്പിക്കുകയും താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി സൈക്ലിംഗ് ട്രാക്കുകൾ നിരന്തരം ഒരുക്കുകയും ചെയ്യുന്ന ഒരിടമാണ്.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് മുനിസിപ്പാലിറ്റിയും ചേർന്ന് നിലവിൽ 463km ദൂരത്തിൽ 20 ഓളം സൈക്ലിംഗ് ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ട്. സൈക്ലിംഗ് ട്രാക്കുകൾക്കായുള്ള ദുബായുടെ മാസ്റ്റർ പ്ലാൻ 2026 276 കിലോമീറ്റർ ദൈർഘ്യമുള്ള അധിക സൈക്ലിംഗ് ട്രാക്കുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു, ഇത് എമിറേറ്റിലെ സൈക്ലിംഗ് ട്രാക്കുകളുടെ ആകെ ദൈർഘ്യം 739 കിലോമീറ്ററായി ഉയർത്തും. ജുമൈറ, അൽ സുഫൂഹ്, അൽ മറീന തുടങ്ങിയ തീരപ്രദേശങ്ങളിലെ ട്രാക്കുകളെ അൽ ഖുദ്രയിലെ ബാഹ്യ ട്രാക്കുകളുമായും അൽ ബർഷ, ദുബായ് ഹിൽസ്, നാദ് അൽ ഷെബ വഴി സൈഹ് അൽ സലാം എന്നിവയുമായും ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ശരിയായ സൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതും സൗകര്യങ്ങൾ വിപുലീകരിക്കുന്നതും സൈക്ലിംഗ് ഒരു ഹോബിയായും ദൈനംദിന ഗതാഗത മാർഗ്ഗമായും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുക മാത്രമല്ല, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള നഗരത്തിന്റെ ശ്രമങ്ങൾക്കും ഇത് സംഭാവന ചെയ്യുന്നു .
ഗുണമേന്മയുള്ള സൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചറിൽ ദുബായ് ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്, ദുബായിലെ നന്നായി സൂക്ഷിച്ചിരിക്കുന്ന അൽ ഖുദ്ര , മനോഹരമായ ജുമൈറ, ദുബായ് വാട്ടർ കനാൽ, ദുബായ് മറീന, ദൈറ, അൽ ക്വാവനീജ്, മൈദാൻ തുടങ്ങിയ പാതകളിലൂടെ സൈക്കിൾ ചവിട്ടുന്നത് എത്ര സുരക്ഷിതവും എളുപ്പവുമാണെന്ന് സൈക്കിൾ യാത്രക്കാർക്ക് അറിയാം.
സൈക്കിൾ ജനതയെ കൈയിലെടുത്തു ഹിസ് ഹൈനസ്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച ദുബായ് വാട്ടർ കനാലിന്റെ സൈക്ലിംഗ് പാത സന്ദർശിച്ചത് ഏറെ വൈറലായി മാറിയിരുന്നു .
ദുബായ് സർക്കാർ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഷെയ്ഖ് മുഹമ്മദ് സൈക്കിളിൽ യാത്ര ചെയ്തു. 7 കിലോമീറ്റർ ദൂരമുള്ള ദുബായ് വാട്ടർ കനാൽ സൈക്ലിംഗ് ട്രാക്ക് ദുബായിലെ സൈക്ലിസ്റ്റുകൾക്കിടയിൽ ജനപ്രിയമാണ്.
ദുബായ് പ്രോട്ടോക്കോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഖലീഫ സയീദ് സുലൈമാൻ പങ്കിട്ട വീഡിയോയിൽ, ഒരു കറുത്ത ടീ ഷർട്ടും സ്നീക്കറുകളും ധരിച്ച് മറ്റുള്ളവരോടൊപ്പം സൈക്കിൾ ചവിട്ടുന്ന UAE ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ദുബായ് വാട്ടർ കനാലിന്റെ സൈക്ലിംഗ് പാതയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു കൈയടി നേടി.
താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി ലൂപ്പ് എന്ന പേരിൽ 93 കിലോമീറ്റർ ഇൻഡോർ സൈക്കിളും വാക്കിംഗ് ട്രാക്കും നഗരത്തിൽ തുറക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.