ധാരാവി. ഇന്ത്യയിലെ ഒരു കാലത്തെ രജിസ്റ്റേർഡ് അധോലോകം. ഏഷ്യയിലെത്തന്നെ ഏറ്റവുംവലിയ ചേരിയെന്ന പേരുള്ള ഇടം. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ലോകംമുഴുവന്‍ കണ്ട ഇന്ത്യന്‍ ജീവിതത്തിന്റെ പ്രതീകമായ പ്രദേശം. ആ കാഴ്ച ഇനി ഉണ്ടാവില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ.

മഹാരാഷ്ട്ര സർക്കാർ ധാരാവിയില്‍ കൊണ്ട് വരാന്‍ പോകുന്നത് 23,000 കോടിയുടെ പുനരധിവാസ പദ്ധതിയാണ്. പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത് വ്യവസായലോകത്തെ പ്രമുഖരായ അദാനി ഗ്രൂപ്പാണ്. ഇനി ചരിത്ര സത്യങ്ങൾ പേറുന്ന ധാരാവി ഉണ്ടാകുമോ. അതാണ് ചോദ്യം.

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അദാനി റിയൽറ്റി ആണ് ഇതിനുള്ള 5,069 കോടി രൂപയുടെ കരാർ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് കരസ്ഥമാക്കിയത്.

ധാരാവി വൃത്തിയാക്കാനുള്ള  മൂന്നര പതിറ്റാണ്ടിന്റെ ശ്രമങ്ങൾക്ക്  ഒടുവില്‍ അനുമതി ലഭിച്ചിരിക്കുന്നു. ഉടൻ തന്നെ അദാനി ഗ്രൂപ്പും സർക്കാരുമായി ധാരണാപത്രം (എം‌ഒ‌യു) ഒപ്പിടുകയും ഡെവലപ്പറും സർക്കാരും യഥാക്രമം 80 ശതമാനം, 20 ശതമാനം എന്നിങ്ങിനെ  ഇക്വിറ്റി ഓഹരികൾ കൈവശം വച്ചുകൊണ്ട് ഒരു പ്രത്യേക പർപ്പസ് വെഹിക്കിൾ (എസ്‌പി‌വി) രൂപീകരിക്കുകയും ചെയ്യും.

ധാരാവിയുടെ പുനരുദ്ധാരണ പദ്ധതി എന്ന ആശയത്തിന് 33 വര്‍ഷത്തിലധികം പഴക്കമുണ്ട്. പലകാരണങ്ങളാല്‍  ഓരോന്നും നടപ്പായില്ല 1995-ഓടെയാണ് അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ ധാരാവിയുടെ പുനരധിവാസത്തിനായി എസ്ആര്‍എ എന്ന ചുരുക്കപ്പേരില്‍ ചേരി പുനരധിവാസ അതോറിറ്റി രൂപികരിക്കുന്നത്. അക്കാലത്ത് അതോറിറ്റി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെങ്കിലും ഒന്നും പച്ചപിടിച്ചില്ല. അന്ന് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇക്കാലത്തിനിടെ രണ്ടേകാല്‍ ലക്ഷത്തോളം കുടുംബങ്ങളെ മാത്രമേ പുനരധിവസിപ്പാക്കാന്‍ സാധിച്ചിട്ടുള്ളു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സാമ്പത്തിക റിപ്പോര്‍ട്ട് 2021-22 വ്യക്തമാക്കുന്നത് പുനരിവാസത്തിന്റെ ഭാഗമായി 2067 പദ്ധതികള്‍ അതോറിറ്റി നടപ്പിലാക്കിയിട്ടുണ്ടെന്നാണ്.  

ഇതിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ 2008 മുതല്‍ ധാരാവിയുടെ പ്രത്യേക പുനര്‍വികസനത്തിനായി ഒരു ഡെവലപ്പറെ നിയമിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് നടന്നില്ല. 10 വര്‍ഷത്തിന് ശേഷം, 2019ല്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സഖ്യസര്‍ക്കാര്‍ ധാരാവി പുനരധിവാസ പദ്ധതിക്കായി ആഗോള ടെണ്ടര്‍ തന്നെ വിളിച്ചു. അന്ന് അദാനി ഗ്രൂപ്പിനെ കൂടാതെ യുഎഇയിലെ സെക് ലിങ്കും ലേലത്തിനായി താല്‍പര്യം കാണിച്ചു. അന്ന് സെക് ലിങ്ക് ആയിരുന്നു ഏറ്റവും വലിയ തുകയ്ക്ക് ടെണ്ടര്‍ ക്വാട്ട് ചെയ്തത്. 7,200 കോടി രൂപ. അദാനി നല്‍കിയതാവട്ടെ 4529 കോടിയും. എന്നാല്‍ അന്ന് ലേലം ‘സാങ്കേതിക കാരണങ്ങളാല്‍’ നടന്നില്ല. പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും കമ്പനികള്‍ രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വീണ്ടും പദ്ധതിയ്ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. അന്ന് അപേക്ഷ നല്‍കിയവരില്‍ അദാനി റിയല്‍റ്റിയുമുണ്ടായിരുന്നു. അദാനിയ്ക്ക് പുറമേ പദ്ധതിക്കായി രംഗത്തെത്തിയത് ഡിഎല്‍എഫ്, നമന്‍ ഗ്രൂപ്പുകളാണ്.

ധാരാവി: ലോകത്തെ ഏറ്റവും വലിയ ചേരി

ഏകദേശം 300 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ധാരാവി സ്ഥിതി ചെയ്യുന്നത് മുംബൈയിലെ ബാന്ദ്ര കുര്‍ള സമൂച്ചയത്തിന് സമീപത്തായാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരിയെന്ന പേരും ധാരാവിക്കാണ്. പത്ത് ലക്ഷമാണ് ചേരിയിലെ ജനസംഖ്യയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങി  മരുന്നുകൾ വരെ നിര്‍മിച്ച് നല്‍കുന്ന അസംഘടിതരായ ചെറുകിട വ്യവസായികളും ഇവിടുണ്ട്.  

അദാനിക്ക് സമയമുണ്ട് പുനരധിവാസം നടപ്പാക്കാൻ

ധാരാവി പുനരധിവാസ പദ്ധതി പൂര്‍ത്തിയാകാന്‍ 17 വര്‍ഷമെടുക്കുമെന്നാണ് വിവരം. ഇതോടെ 8 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്നും അധികൃതര്‍ പറയുന്നു. ആദ്യഘട്ടം ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ഈ വര്‍ഷം തന്നെ നിര്‍മാണ പദ്ധതികള്‍ക്ക് തുടക്കവുമാകും.

2022 നവംബറിൽ, അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി റീയൽറ്റി, ലോകത്തിലെ ഏറ്റവും വലിയ ചേരി പുനർവികസന പദ്ധതിയെന്ന് അവകാശപ്പെടുന്ന ധാരാവിയുടെ രൂപമാറ്റത്തിനുള്ള ബിഡ് നേടി. 5,069 കോടി രൂപയുടെ സാമ്പത്തിക ബിഡ് നൽകിയാണ് പദ്ധതി നേടിയത്. ബ്രിഹത് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി), സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കക്ഷികൾ, റെയിൽവേ എന്നിവയുടെ കൈവശമുള്ള ഭൂമി പദ്ധതിയിൽ പെടും.
 
പദ്ധതി നടപ്പാക്കുന്നതിലൂടെ അദാനിക്ക് കിട്ടുന്ന ഗുണം ചേരിനിവാസികളെ പുനരധിവസിപ്പിക്കുമ്പോള്‍ ഫ്ലാറ്റുകള്‍ പോലുള്ള കെട്ടിട സമുച്ചയങ്ങള്‍ക്കായി പ്രദേശത്ത് ഭൂമി ലഭിക്കുമെന്നതാണ്. ധാരാവിയിലെ 56000 കുടുംബങ്ങളിലെ അംഗങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടതും. എന്നാല്‍ ഇത് ചെറിയ കണക്കാണെന്നും മുഴുവന്‍ ചേരിനിവാസികളും ഇതില്‍ വരുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്ന് ഒന്നേകാല്‍ ലക്ഷത്തോളം കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്. ഒരു കുടിലില്‍ത്തന്നെ നാലും അഞ്ചും കുടുംബങ്ങള്‍ കഴിയുന്നു. പുനരധിവാസ പദ്ധതി വരുമ്പോള്‍ ഒരു കുടിലിന് ഒരു ഫ്ലാറ്റ് എന്നായിരിക്കും. അവിടെ ഇത്രയാളുകളെ ഉള്‍കൊള്ളാന്‍ സാധിക്കില്ല. പോരാത്തതിന് സ്വന്തം കുടിലില്‍ തന്നെ ബിസിനസ് നടത്തുന്നവരും ധാരാളമാണ്. ഇഡ്ഡലി പോലുള്ള ഭക്ഷ്യവസ്തുക്കള്‍ അവിടെത്തന്നെ ഉണ്ടാക്കി വില്‍ക്കുന്നവരാണിവര്‍. അതാണ് ജീവിതോപാധിയും. പുനരധിവാസം വരുന്നതോടെ ഫ്ലാറ്റിലാവും ജീവിതം. അവിടെ ഈ ജീവിതോപാധിയുമായി നിലനില്‍ക്കാന്‍ സാധിക്കില്ല.  

പദ്ധതി ഇങ്ങനെ

ഓരോ ചേരി ഉടമയ്ക്കും കുറഞ്ഞത് 405 ചതുരശ്ര അടി യൂണിറ്റ് കാര്‍പെറ്റ് ഏരിയയ്ക്ക് അര്‍ഹതയുണ്ട്. അതനുസരിച്ചായിരിക്കും പുനരധിവാസം. മൊത്തം ചെലവിന്റെ 80 ശതമാനം അദാനിയും, ശേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരും വഹിക്കുമെന്നാണ് പ്രഥമ വിവരം. ധാരാവി ചേരി പുനര്‍വികസനത്തിനായി 240 ഹെക്ടറോളം സ്ഥലമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം ചെയ്തത്. 4547 ഏക്കര്‍ റെയില്‍വേ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ ഗുണഭോക്താക്കളെ നേരിട്ട് പുനരധിവസിപ്പിക്കുന്നതോടെ പദ്ധതിക്ക് തുടക്കമാകും. മറ്റ് ചേരി പുനരധിവാസ പദ്ധതികളിലെന്നപോലെ, നിര്‍മ്മാണ കാലയളവില്‍ ചേരിനിവാസികളെ താല്‍ക്കാലിക വീടുകളില്‍ പാര്‍പ്പിക്കില്ലെന്ന പ്രത്യേകതയും ഇവിടെയുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version