പുനരുപയോഗ ഊർജ മേഖലയിൽ അദാനി ഗ്രീൻ എനർജി ഉത്പാദന ശേഷിയിൽ കൈവരിച്ച വർധന 43%. 2030-ഓടെ 45 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കാനാണ് അദാനി ഗ്രീൻ ലക്ഷ്യമിടുന്നത്. 2023 ഏപ്രിൽ ജൂൺ മാസക്കാലയളവിനിടെ അദാനി ഗ്രീൻ എനർജിയുടെ ഉത്പാദന ശേഷിയിൽ 43% വർധന കൈവരിച്ചതായി അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 3 മാസത്തിനിടെ ഉത്പദാന ശേഷിയിൽ മൊത്തം 2,476 മെഗാവാട്ടിന്റെ വർധനയാണ് കൈവരിച്ചത്.
ഇതോടെ അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ മേഖലയിലെ മൊത്തം പ്രവർത്തനക്ഷമമായ ഉത്പാദനശേഷി 8,316 മെഗാവാട്ടായി ഉയർന്നു. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനിയെന്ന അംഗീകാരവും നേടി. സൗരോർജവും കാറ്റും ചേർന്ന ഹൈബ്രിഡ് രീതിയിൽ 1,750 മെഗാവാട്ടും സൗരോർജ പദ്ധതികളിൽ നിന്ന് 212 മെഗാവാട്ടും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 554 മെഗാവാട്ടും വീതമാണ്, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഊർജോത്പാദന ശേഷിയിൽ അധികമായി ചേർത്തത്.
അദാനി ഗ്രീൻ എനർജി
കമ്പനിയുടെ നേട്ടത്തിനു പിന്നാലെ അദാനി ഗ്രീൻ എനർജിയുടെ ഓഹരികളിലും ഉണർവ് പ്രകടമായി. 2023 ജനുവരിയിൽ ഓഹരി വിലകളിൽ കൃത്രിമത്വം കാണിക്കുന്നതായും മറ്റും ആരോപിച്ച് ഹിൻഡൻബർഗ് രംഗത്തെത്തിയതോടെ, അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ തകർച്ച നേരിട്ടു. എന്നാൽ ഹിൻഡൻബർഗിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ആഗോള തലത്തിൽ പ്രതിരോധിച്ച അദാനി ഗ്രൂപ്പ് കടബാധ്യതയുടെ ഒരുഭാഗം കാലാവധിക്ക് മുൻപേ തിരിച്ചടച്ച് തങ്ങളുടെ ശേഷി തെളിയിച്ചു.
ജനുവരി – ഫെബ്രുവരി മാസങ്ങളിൽ കനത്ത തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികളിൽ, മാർച്ച് മാസത്തിനിടെ അമേരിക്കയിലെ GQG PARTNERS 187 കോടി ഡോളർ നിക്ഷേപമിറക്കിയതോടെ കരകയറാൻ ആരംഭിച്ചു. അദാനി ഗ്രീൻ ഓഹരികൾ ഇതിനകം നില മെച്ചപ്പെടുത്തിയെങ്കിലും ഒരു വർഷം മുൻപുള്ള കാലയളവിലെ നിലവാരത്തേക്കാൾ 55% താഴെയാണ് ഇപ്പോഴും നിൽക്കുന്നത്.
അദാനി എങ്കിലും കടത്തിലാണ്
2013-ൽ അദാനി ഗ്രൂപ്പിന്റെ കടവും പ്രവർത്തന ലാഭവും തമ്മിലുള്ള അനുപാതം (Leverage Ratio) 7.6 മടങ്ങിലായിരുന്നു. ഇത് 2022 മാർച്ചിൽ 3.2 മടങ്ങായി ചുരുങ്ങി. എന്നാൽ 2022-23 സാമ്പത്തിക വർഷത്തിനിടെ ഈ അനുപാതം 4.1 മടങ്ങിലേക്ക് ഉയർന്നു. നിലവിൽ അദാനി ഗ്രൂപ്പിന്റെ മൊത്തം കടബാധ്യത 2.27 ലക്ഷം കോടിയാണെന്നാണ് വിലയിരുത്തൽ.