“സംരംഭകരേ….നിങ്ങൾക്കും കേരളത്തിൽ ആരംഭിക്കാം ഒരു മികച്ച സ്വകാര്യ വ്യവസായ പാർക്ക്. അങ്ങനെ കേരളത്തിന്റെ അഭിമാനമായി ലോകത്തിനു മുന്നിൽ മാറാം നിങ്ങൾക്കും. നിങ്ങളെ കാത്തിരിക്കുന്നത് 1000 ഏക്കറിൽ 100 സ്വകാര്യ വ്യവസായ പാർക്കുകൾ” .
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് (Private Industrial Estate (PIE) -മികച്ച സ്വീകാര്യത ലഭിക്കുകയാണിപ്പോൾ . സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ എട്ട് പാർക്കുകളാണ് വികസന ഘട്ടത്തിലുള്ളത്. നാലു വർഷം കൊണ്ട് 1000 ഏക്കറിൽ 100 സ്വകാര്യ വ്യവസായ പാർക്കുകൾ സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വര്ഷം കേരളത്തിൽ പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നത് 25 പാർക്കുകളാണ്.
ഇന്ത്യൻ വിർജിൻ സ്പൈസസ്, ജേക്കബ്ബ് ആൻഡ് റിച്ചാർഡ് ഇൻറർനാഷണൽ, സാൻസ് സ്റ്റെറിൽസ് (കോട്ടയം), ഡെൽറ്റ അഗ്രിഗേറ്റ്സ് ആൻഡ് സാൻഡ്, പത്തനംതിട്ട ഇൻഡസ്ട്രിയൽ പ്രമോഷൻ (പത്തനംതിട്ട), കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് (പാലക്കാട്), മലബാർ എൻറർപ്രൈസസ് (മലപ്പുറം), വി.എം.പി.എസ് ഫുഡ് പാർക്ക് ആൻഡ് വെഞ്ചേഴ്സ് (കണ്ണൂർ) എന്നീ സ്വകാര്യ പാർക്കുകൾക്ക് ഇതുവരെ അനുമതി ലഭിച്ചു. ഇവ വികസനത്തിൻറെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ രണ്ടെണ്ണം ഈ വർഷം തന്നെ പ്രവർത്തനസജ്ജമായി സംരംഭകർക്ക് തുറന്നു കൊടുക്കാനായേക്കും.
പുതുതായി ഇരുപതോളം അപേക്ഷകൾ ഓൺലൈനിൽ ലഭിച്ചിട്ടുണ്ടെന്നും ഇവയ്ക്കുള്ള അനുമതി ലഭിക്കുന്നതോടെ ഈ സാമ്പത്തിക വർഷം കേരളത്തിൽ 25 സ്വകാര്യ വ്യവസായ പാർക്കുകൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.
എങ്ങനെ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാം?
ചുരുങ്ങിയത് 10 ഏക്കറെങ്കിലും സ്ഥലമുള്ളവർക്ക് പാർക്കിനായും അഞ്ച് ഏക്കർ സ്ഥലമുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (എസ്.ഡി.എഫ്) സ്ഥാപിക്കുന്നതിനും അപേക്ഷ നൽകാം. സർക്കാർ തലത്തിലുള്ള കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമായാണ് ഡവലപ്പർ പെർമിറ്റ് അനുവദിക്കുക. പെർമിറ്റ് ലഭിച്ച് രണ്ടു വർഷത്തിനകം പാർക്ക് വികസിപ്പിച്ച് ഉപയോഗയോഗ്യമാക്കണം.
പുതുക്കിയ നയം അനുസരിച്ച് പെർമിറ്റ് ലഭിക്കുന്നവർക്ക് സ്വകാര്യ വ്യവസായ പാർക്കുകളിലെ റോഡുകൾ, വൈദ്യുതി, ജലവിതരണം, മലിനജലം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, ആശയവിനിമയ ശൃംഖലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഓരോ ഡെവലപ്പർക്കും കേരള വ്യവസായ വാണിജ്യ വകുപ്പ് – Department of Industries and Commerce-(DIC) ഗ്രാന്റായി 3 കോടി രൂപ നൽകും.
2022 ലാണ് സ്വകാര്യ വ്യവസായ പാർക്കുകൾ രൂപീകരിക്കാനുള്ള നയം പരിഷ്കരിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. സർക്കാർ വ്യവസായ പാർക്കിലേതു പോലെ സ്വകാര്യ പാർക്കുകൾക്ക് സിംഗിൾ വിൻഡോ അനുമതി ലഭ്യമാക്കാനും ഈ നയം ലക്ഷ്യമിടുന്നു.
ഭൂമി തിരഞ്ഞെടുക്കേണ്ടത് വ്യക്തതയോടെ
പ്ലാൻറേഷൻ, വയൽ, തണ്ണീർത്തടം, തീരദേശം എന്നിവയിൽപെടാത്ത ഭൂമിയായിരിക്കണം പാർക്കിനായി കണ്ടെത്തേണ്ടത്. സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്പർ പെർമിറ്റിന് അപേക്ഷിക്കാൻ കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, മൈക്രോ, ചെറുകിട, ഇടത്തരം എന്റർപ്രൈസസ് (MSME) യൂണിറ്റുകളുടെ കൺസോർഷ്യം എന്നിവയ്ക്ക് മാത്രമേ പദ്ധതി പ്രയോജനപ്പെടുത്താൻ അർഹതയുള്ളൂ എന്ന് PIE സ്കീം 2022 വ്യവസ്ഥ ചെയ്തിരുന്നു. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് വ്യക്തിഗത ഡെവലപ്പർമാർക്കും സൗകര്യമൊരുക്കുന്നതിനാണ് ഇപ്പോൾ സ്കീം പരിഷ്കരിച്ചത്. 2023 ൽ ഇത് പരിഷ്കരിച്ച് വ്യക്തികൾക്കും അപേക്ഷിക്കാമെന്ന രീതിയിലേക്ക് മാറ്റി. അപേക്ഷിക്കുന്നതിനുള്ള വിശദവിവരങ്ങൾ വ്യവസായ വകുപ്പിൻറെ വെബ്സൈറ്റിൽ ലഭ്യമാണ്.
visit: https://industry.kerala.gov.in/
അപേക്ഷ സമർപ്പിച്ചാൽ ജില്ലാ തല സൈറ്റ് സെലക്ഷൻ കമ്മിറ്റി സ്ഥലം പരിശോധിച്ച് റിപ്പോർട്ട് ഡയറക്ടറേറ്റിന് കൈമാറും. ഈ റിപ്പോർട്ട് ഡയറക്ടറേറ്റിൽ നിന്നും മേൽപരിശോധന നടത്തി സർക്കാരിന് കൈമാറും. തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി ചേർന്ന് ഡവലപ്പർ പെർമിറ്റിന് അനുമതി നൽകും.
The Private Industrial Estate (PIE) designed by the government to boost the industrial development of the state is getting better acceptance. In addition to the government sector, eight parks are in the development stage in the project which aims to attract entrepreneurs and create employment by developing private parks.