ചരിത്രം തിരുത്തുമോ ആ 33%?


27 വർഷം മുമ്പ് പാർലമെന്റിൽ അവതരിപ്പിക്കപ്പെടുകയും പിന്നീട് പലതവണ വരികയും സമവായത്തിലെത്താതെ പരാജിതമാവുകയും ചെയ്ത വനിതാ സംവരണ ബില്ലാണ് ഇപ്പോൾ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയിരിക്കുന്നത്. ലോക്സഭയിലും നിയമസഭയിലും 33% വനിതാ സംവരണം കൊണ്ടുവരുന്നതോടെ അടുത്ത ആയിരം വർഷത്തെ ചരിത്രമാണ് തിരുത്തിയെഴുതാൻ പോകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. സ്ത്രീകളെ ഉൾക്കൊള്ളുന്ന സമൂഹം ജനാധാപത്യത്തെ അതിന്റെ വിശാലമായ അർത്ഥത്തിൽ നടപ്പാക്കുകയാണ് വനിതാ സംവരണത്തിലൂടെ എന്ന് പറയാം. 2029ലെ തെരഞ്ഞെടുപ്പിൽ മാത്രമേ 33% ഫലത്തിൽ പ്രാവർത്തികമാകുകയുള്ളൂ എങ്കിലും വനിതാ സംവരണം നമ്മുടെ രാജ്യത്തെ എങ്ങനെയാകും നിർവ്വചിക്കാൻ പോകുന്നത് എന്ന് ചിന്തിക്കണം.

15% അഞ്ച് വർഷം കൊണ്ട് 33% ആകും
നിലവിൽ ലോക്സഭയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനത്തിന് അടുത്ത് മാത്രമാണ്. അതായത് സംവരണത്തിന് നീക്കിവെക്കാൻ പോകുന്നതിന്റെ പതുതിയിൽ താഴെ മാത്രം. അതേസമയം പാകിസ്ഥാൻ, നേപ്പാൾ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ അധോസഭകളിൽ 20% മുകളിലാണ് വനിതകളുടെ പ്രാതിനിധ്യം. 25 വർഷം മുമ്പ് നടപ്പാകുമായിരുന്ന ഒരു നിയമമാണ് ഇപ്പോൾ പാർലമെന്റ് പാസ്സാക്കിയിരിക്കുന്നത്. അന്ന് അത് നിയയമായിരുന്നെങ്കിൽ ഇന്ന് രാജ്യത്തെ നിർണ്ണായക ശക്തിയായി സ്ത്രീകൾ മാറുമായിരുന്നു, കാരണം 25 വർഷം എന്നത് ചെറിയ കാലയളവല്ല!

സംവരണം വന്നാൽ പ്രശ്നം എല്ലാം തീർന്നോ?
വനിതാ സംവരണം വന്നാൽ രാജ്യത്തെ സ്ത്രീ ശാക്തീകരണം കുറച്ച് കൂടി മെച്ചപ്പെടുമെന്ന് കരുതുന്നവരുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് മാത്രം സമൂഹത്തിലെ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരുമെന്ന് കരുതുക അസാധ്യം. സംവരണം അവസരം തുറക്കുമെന്നത് ശരിയാണ്. പക്ഷെ ശക്തവും പുരോഗമനപരവുമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയും ത്രാണിയുമുള്ള വനിതകൾ ആ അവസരങ്ങളിലേക്ക് കടന്നുവന്നാൽ മാത്രമേ സംവരണം കൊണ്ട് അർത്ഥമാക്കുന്ന ഗുണം വനിതകൾക്ക് ലഭിക്കൂ. റുവാണ്ട, ക്യൂബ, നിക്വരാഗ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ 50 ശതമാനത്തിലധികമാണ് നിയമനിർമ്മാണ സഭകളിലെ സ്ത്രീകളുടെ പങ്കാളിത്തം. റുവാണ്ടയിൽ രാജ്യത്തെ നയിക്കുന്നവരിൽ പകുതിയിലധികവും സ്ത്രീകളാണ്. എന്നാൽ പുരോഗമനപരമായ ഒരു വനിതാ ചിത്രം ആ രാജ്യത്ത് നിന്ന് ലോകത്തേക്ക് ഉയർന്നുവന്നിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ട് വനിതാ സംവരണം നിയമമായി അത് അധികാര സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ അവരോധിക്കുന്ന സമയം വരുമ്പോഴേക്ക് ശക്തരായ സ്ത്രീകൾ പുരോഗമനപരമായ ഉൾക്കാഴ്ചയോടെ, ഉൾക്കരുത്തോടെ ഉയർന്നുവരട്ടേ എന്ന് ആശിക്കുന്നു.

സംവരണം ഇല്ലാത്തകാലത്തും പെൺശബ്ദം ഉയർന്നിരുന്നു
സംവരണത്തിന്റെ ആനുകൂല്യമില്ലാത്ത കാലത്തും നമ്മുടെ രാജ്യത്ത് ഘനഗംഭീരമായ സ്ത്രീശബ്ദം ഉയർന്നിട്ടുണ്ട്. 33% വരുന്നതോടെ അവസരങ്ങൾ എത്രയോ മടങ്ങ് കൂടുന്നു. ആ അവസരം ശരിയാവണ്ണം ഉപയോഗിക്കുന്നതിലാകട്ടെ ഈ നാട്ടിലെ പെണ്ണുങ്ങളുടെ വിജയം!

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version