ക്രിപ്റ്റോ കറന്‍സിയോട് രണ്ടു വര്‍ഷത്തേക്കെങ്കിലും ഇന്ത്യ മുഖം തിരിക്കുമെന്ന് ഡിജിറ്റല്‍ അസെറ്റ് എക്സ്ചേഞ്ചായ വാസിര്‍ എക്സിന്റെ മുന്നറിയിപ്പ്.
ക്രിപ്റ്റോയുമായി ബന്ധപ്പെട്ട് നടത്തുന്ന ഇടപാടുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒരു ശതമാനം TDS (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്) ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍കിട നിക്ഷേപകരും മറ്റും പിന്‍വാങ്ങിയത് ട്രെയ്ഡിങ്ങ് വൊളിയത്തിന്റെ തകര്‍ച്ചയില്‍ കലാശിച്ചു. ക്രിപ്റ്റോയ്ക്ക് നികുതിയേര്‍പ്പെടുത്തിയതോടെ 10 മാസത്തിനുള്ളില്‍ ഡൊമസ്റ്റിക് എക്സ്ചേഞ്ചില്‍ 97 ശതമാനമാണ് ഇടിവുണ്ടായത്.
ഇന്ത്യയ്ക്ക് നഷ്ടം, വിദേശിക്ക് ചാകര!
നിക്ഷേപകര്‍ രാജ്യത്തെ ക്രിപ്റ്റോ ട്രെയ്ഡിങ് പ്ലാറ്റ് ഫോമുകള്‍ ഉപേക്ഷിച്ച് വിദേശ എക്സ്ചേഞ്ചുകളിലേക്ക് മാറുന്ന പ്രവണതയുമുണ്ടായി. ഡിസംബറില്‍ ക്രിപ്റ്റോയ്ക്ക് ടിഡിഎസ് പ്രഖ്യാപിച്ച് രണ്ടുമാസം കൊണ്ട് രണ്ട് മില്യണ്‍ ഉപയോക്താക്കളെയാണ് (20 ലക്ഷം) ഇന്ത്യന്‍ എക്സ്ചേഞ്ചുകള്‍ക്ക് നഷ്ടമായത്. അതില്‍ നിന്ന് നേട്ടമുണ്ടായത് വിദേശ പ്ലാറ്റ് ഫോമുകള്‍ക്കും. ഇന്ത്യയില്‍ നിന്ന് മാത്രം 1.5 മില്യണ്‍ ഉപയോക്താക്കളാണ് വിദേശ പ്ലാറ്റ് ഫോമുകളിലെത്തിയതെന്ന് ഡിജിറ്റല്‍ അസെറ്റ് എക്സ്ചേഞ്ചായ കോയിന് ഡിസിഎക്സ് പറയുന്നു.
ആഗോള ഏകോപനം വേണം
സര്‍ക്കാര്‍ തലത്തിലും വ്യാവസായിക തലത്തിലും ക്രിപ്റ്റോയ്ക്ക് ഏര്‍പ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ട് കാര്യമായ ചര്‍ച്ചകള്‍ നടക്കാത്തതിനാല്‍ ഈയടുത്ത് ടിഡിഎസില്‍ കുറവ് പ്രതീക്ഷിക്കുന്നില്ലെന്ന് വാസിര്‍എക്സ് ചീഫ് എക്സിക്യൂട്ടീവ് നിശ്ചല്‍ ഷെട്ടി പറഞ്ഞു.
ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് പോലുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്രിപ്റ്റോ നിയമത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ ഏകോപനം കൊണ്ടുവരുത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. യൂറോപ്യന്‍ യൂണിനും ഹോങ്കോങ്ങും, ദുബായും അവരുടെ നിക്ഷേപകരെയും ഡിജിറ്റല്‍ കമ്പനികളെയും സംരക്ഷിക്കാനും ആശങ്കകള്‍ പരിഹരിക്കാനുമായി ക്രിപ്റ്റോ നിയമത്തില്‍ സ്വന്തമായി ചട്ടക്കൂട് നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പിണങ്ങി പോകല്ലേ, നഷ്ടം നിങ്ങൾക്കാകും
ക്രിപ്റ്റോയുടെ കാര്യത്തില്‍ കുറച്ചെങ്കിലും അനുകൂല നിലപാട് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നിശ്ചല്‍ ഷെട്ടി പറഞ്ഞു. നിലവില്‍ ടിഡിഎസ് ഒരു ശതമാനത്തില്‍ നിന്ന് 0.01 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ അനുകൂല നടപടിക്ക് കാത്തുനില്‍ക്കാതെ വാസിര്‍എക്സ്, കോയിന് ഡിസിഎക്സ് പോലുള്ള വമ്പന്മാര് ഇന്ത്യയ്ക്ക് പുറത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ്.
ക്രിപ്റ്റോയുടെ കാര്യത്തില്‍ രാജ്യം വലിയ പ്രതീക്ഷ നല്കുന്നില്ലെങ്കിലും സോഫ്റ്റ് വെയര്‍-ഐടി ഹബ്ബ് എന്ന നിലയില്‍ വിദേശ ഡിജിറ്റല്‍-അസെറ്റ് കമ്പനികളെ ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ കോയിന്ബേയ്സ് ഗ്ലോബല്‍ ഇന്ക്, യുഎസ് ആസ്ഥാനമായ ജെമിനി പോലുള്ള അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. ക്രിപ്റ്റോ നികുതിയില്‍ പിണങ്ങി പോകുന്നവരുണ്ടെങ്കിലും, റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപ കൊണ്ടുവന്നത് മറ്റു കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.