ഒടിടി പ്ലാറ്റ് ഫോമുകളുടെ ജിഎസ്ടി ചട്ടങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നെറ്റ് ഫ്ലിക്സ് (Netflix), സ്പോട്ടിഫൈ (Spotify), ഹോട്ട് സ്റ്റാര്‍ (Hotstar) തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകള്‍ ഇനി മുതല്‍ 18 % ജിഎസ്ടി അടയ്ക്കണം. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ ജിഎസ്ടി നിലവില്‍ വരും. ഇന്ത്യയിലെ മുഴുവന്‍ വിദേശ ഡിജിറ്റല്‍ സേവനദാതാക്കള്‍ക്കും നിയമം ബാധകം. ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് പുറമേ, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സേവനങ്ങളും ഗെയിമിങ്ങും പരസ്യങ്ങളും പുതിയ നിയമത്തിന് കീഴില്‍ വരും.
ഇനി അടക്കേണ്ടി വരും
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ മികച്ച വരുമാനമാണ് ലഭിക്കുന്നത്. എന്നാല്‍ മിക്ക വിദേശ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ ജിഎസ്ടി അടക്കേണ്ട താനും. ജിഎസ്ടി രജിസ്ട്രേഷന് കീഴില്‍ വരാത്ത ഗുണഭോക്താക്കള്‍ക്ക് സേവനം നല്കുന്ന വിദേശ സ്ഥാപനങ്ങളെ ഇത്രയും കാലം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും വാണിജ്യേതര വിഭാഗത്തില്‍പെടുന്നവര്‍ക്കും ഡിജിറ്റല്‍ സേവനം നല്‍കിയിരുന്ന വിദേശ സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി അടയ്ക്കേണ്ടി വന്നിട്ടില്ല. ഇത്തരം സ്ഥാപനങ്ങളെല്ലാം ഇനി മുതല്‍ 18 % ജിഎസ്ടി നല്‍കണം. 2023-ലെ ആദായ നിയമ ഭേദഗതിയിലൂടെയാണ് മാറ്റം കൊണ്ടുവരുന്നത്.
ലൈവായി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും പരിപാടികള്‍ക്കും ജിഎസ്ടി ബാധകമല്ലെങ്കിലും റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ക്കും ലൈബ്രറിയുടെ ആക്സസിനും ജിഎസ്ടി നല്‍കേണ്ടി വരും.
രജിസ്ട്രേഷന് എളുപ്പം
ഓണ്‍ലൈന്‍, ഡാറ്റാബേയ്സ്, റിട്രീവല്‍ സേവനങ്ങള്‍ക്ക് (OIDAR) ഇനി ഇളവുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോര്‍ഡ് (CBIC) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല വിദേശ ഒടിടി പ്ലാറ്റ് ഫോമുകളും റെവന്യൂ സ്ട്രീമിങ് വഴിയും പങ്കാളിത്ത ചാനലുകള്‍ വഴിയുമാണ് ഉപഭോക്താക്കളിലെത്തുന്നത്.
അതുകൊണ്ട് തന്നെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്റെ ആവശ്യമില്ല. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളായതിനാല്‍ ഇവരെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ ഡിജിറ്റല്‍ സേവന ദാതാക്കളും ജിഎസ്ടി കൊടുത്തു തുടങ്ങേണ്ടി വരും.
ഇത്തരം സ്ഥാപനങ്ങളുടെ ഇന്ത്യയിലെ വിതരണക്കാര്‍ക്ക് നേരിട്ടോ പ്രതിനിധികള്‍ വഴിയോ ജിഎസ്ടി രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കും. രജിസ്ട്രേഷന് നടപടികള്‍ ലളിതമായിരിക്കുമെന്ന് സിബിഐസി പറഞ്ഞു.