മുംബൈയിൽ നടക്കുന്ന ആഗോള മാരിടൈം ഉച്ചകോടിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി. വിഴിഞ്ഞം തുറമുഖത്തു നിക്ഷേപ വികസന സാദ്ധ്യതകൾ തേടിയ ‘സ്പെഷ്യൽ സെഷൻ വിത്ത് കേരള’ മാറി.  

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വിപണിസാധ്യത തേടാനും മാരിടൈം, ടൂറിസം, ഫിഷറീസ്, വാണിജ്യം, വ്യവസായം, ഗതാഗതം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ബോധ്യപ്പെടുത്താനുമാണ് ഈ കേരളാ സെഷൻ  ഉപയോഗപ്പെടുത്തിയത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനന്തസാധ്യതകളെ പറ്റി സെഷനിൽ വിശദീകരിച്ചത് അദാനി ഗ്രൂപ്പ് സി.ഇ.ഒ (പോർട്സ് ) സുബ്രത തൃപാഠിയാണ്.

നിലവിൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്മെൻറ് ചരക്കുകളുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറത്തുള്ള തുറമുഖങ്ങളിലാണ്. എന്നാൽ ഒരു ട്രാൻസ്ഷിപ്മെൻറ് പോർട്ട് യാഥാർഥ്യമാകുന്നതോടെ ഫോറെക്സ് സമ്പാദ്യം, നേരിട്ടുള്ള വിദേശ നിക്ഷേപം, മറ്റ് ഇന്ത്യൻ തുറമുഖങ്ങളിലെ വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങൾ, അനുബന്ധ ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രവർത്തന / ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തൽ, വരുമാന വിഹിതം വർദ്ധിപ്പിക്കൽ തുടങ്ങിയ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാകുമെന്നു സുബ്രത തൃപാഠി വ്യക്തമാക്കി.

അടുത്ത ആറ് -എട്ട് മാസങ്ങൾക്കുളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ചരക്കു കപ്പൽ എത്തുമെന്നും അദാനി ഗ്രൂപ്പ് സി.ഇ.ഒ (പോർട്സ് ) സുബ്രത തൃപാഠി പറഞ്ഞു.

കേരളത്തിന്റെ മാരിടൈം ആസ്തികൾ വികസിപ്പിക്കുന്നതിനും ചരക്ക് നീക്കവും യാത്രക്കാരുടെ നീക്കവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ മാരിടൈം മേഖലയുടെ വികസനത്തിനായി ബഹുമുഖ തന്ത്രങ്ങളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നു തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ  പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പുകളിലൊന്നാണെന്നും മന്ത്രി സെഷനിൽ പറഞ്ഞു. തീരദേശ, ബീച്ച് ടൂറിസം, സമുദ്ര വിദ്യാഭ്യാസ മേഖലകൾ, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണ മേഖലകൾ, തുറമുഖങ്ങളുടെ വികസനവും പ്രവർത്തനവും ത്വരിതപ്പെടുത്തുന്നതിനും ആഗോള പങ്കാളികളുമായി കൈകോർക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ വൃക്തമാക്കി.കേരളത്തെ മാരിടൈം വിദ്യാഭ്യാസ- പരിശീലന- ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് കേരള സർക്കാരും, കേരള മാരിടൈം ബോർഡും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിക്ഷേപകർക്ക് വളരെ നല്ല അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് ചടങ്ങിൽ സഹ-അധ്യക്ഷനായ ഗതാഗത മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടി. എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്തുണ്ട്. സർക്കാർ സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതായും മന്ത്രി അറിയിച്ചു.

ചടങ്ങിൽ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എസ്. ശ്രീനിവാസ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ് സിഇഒ ഡോ.അദീല അബ്ദുള്ള, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള,ആഗോളനിക്ഷേപകർ, ഇന്ത്യയിലെയും വിദേശത്തെയുമുൾപ്പെടെ കപ്പൽ കമ്പനി പ്രതിനിധികൾ, തുറമുഖ കമ്പനി സി.ഇ.ഒ.മാർ, മാരിടൈം വിദഗ്‌ധർ തുടങ്ങിയവർ സംബന്ധിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version