ഓർമകൾക്ക് അത്ര സുഗന്ധമാണോ? സന്ധ്യയോട് ചോദിച്ചാൽ മറുപടി എളുപ്പം തീരില്ല. സങ്കടവും സന്തോഷവും അധ്വാനവും നിരാശയും വിജയവും സ്വപ്‌നങ്ങളും എല്ലാം ഇഴചേർത്ത് തുന്നിയ കഥയുണ്ട് സന്ധ്യയുടെ ‘ഓർമ’യ്ക്ക് പിന്നിൽ. ഡൽഹി മയൂർ വിഹാർ ഫേസ് മൂന്നിലാണ് സന്ധ്യയുടെ ഓർമ.

വെറും ഓർമയല്ല, ഓർമ ഡിസൈൻസ്, സന്ധ്യയെന്ന ഫാഷൻ ഡിസൈനറുടെ സ്വന്തം സംരംഭം. വയനാട് മീനങ്ങാടിയിൽ നിന്ന് ഡൽഹിയിൽ സന്ധ്യ എങ്ങനെ ഓർമ ബോട്ടീക്ക് തുടങ്ങി, ഫാഷൻ ഡിസൈനറായി, രാജ്യത്തിനകത്തും പുറത്തും വസ്ത്രങ്ങൾ അയക്കാൻ തുടങ്ങി, മറ്റുള്ളവരെ ഫാഷനെ കുറിച്ച് പഠിപ്പിക്കാൻ തുടങ്ങി. അതും ബി.കോമും ഏവിയേഷൻ കോഴ്‌സും കഴിഞ്ഞ്, ഫാഷൻ തരംഗങ്ങൾ ഒട്ടുമറിയാത്ത നാടൻ പെൺക്കുട്ടിയിൽ നിന്ന്. അതൊരു കഥയാണ്.

പ്രണയത്തിന്റെ ഓർമയ്ക്ക്
ഫാഷനെ കുറിച്ച് ഒന്നുമറിയാത്ത കാലമുണ്ടായിരുന്നു സന്ധ്യയ്ക്ക്, അത്രയൊന്നും ശ്രദ്ധിക്കാതെയിരുന്ന ഒരു കാലം. വയനാട്ടിലെ ഒരു കോളേജിൽ നിന്ന് ബി.കോമും ബെംഗളൂരുവിൽ ഏവിയേഷൻ കോഴ്‌സും പൂർത്തിയാക്കിയ സന്ധ്യ കുറച്ച് കാലം ആ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തു. അതിനിടയിൽ വിവാഹം. പ്രമുഖ മൊബൈൽ ഫോൺ പ്രൊഡക്ഷൻ കമ്പനിയിലെ മാനേജരായ ഭർത്താവ് രതീഷ് കോച്ചേരിക്കൊപ്പം 2012ൽ അങ്ങനെയാണ് സന്ധ്യ ഡൽഹിയിൽ എത്തുന്നത്. ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ കുറച്ച് കാലം ജോലി ചെയ്തു. ജോലി സമ്മർദ്ദത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അതിനിടയിൽ ഡേ കെയറിലും മറ്റും മക്കളെ നോക്കാൻ ഏൽപ്പിച്ച് മതിയായപ്പോൾ ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. കുട്ടികളെ നോക്കി വീട്ടിൽ ഒതുങ്ങുക അത്ര എളുപ്പമായിരുന്നില്ല. ഡിപ്രഷനും റിഗ്രഷനും മാറി മാറി വന്നു. ഇതിന്റെ എല്ലാം ആക്കം കൂട്ടി കോവിഡ് അടച്ചിടലും ഭർത്താവിന്റെ അമ്മയുടെ അർബുദവും. അമ്മയുടെ ചികിത്സയ്ക്കും മറ്റും നാട്ടിലെത്തി മറ്റൊരു തരത്തിൽ വഴിത്തിരിവായി.

ഒരു സ്വകാര്യ ചാനലിൽ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്റ്റൈൽ ഡിസൈനിങ്ങിനെ കുറിച്ചുള്ള പരസ്യം കാണുന്നത് നാട്ടിലുള്ളപ്പോഴാണ്. എന്ത് ആലോചിച്ചിട്ടാണ് എന്നറിയില്ല, ഉടനെ ഫാഷൻ ഡിസൈനിങ്ങിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിച്ചു. ജി.ഐ.ടി.ഡിയുടെ ആദ്യ ഓൺലൈൻ ബാച്ച്. തുണി വാങ്ങുക എന്നതിനപ്പുറം ഫാഷനെ പറ്റി ഒന്നും അറിയാത്ത ആളായിരുന്നു അന്നേവരെ സന്ധ്യ. ജോലിയുണ്ടായിരുന്ന കാലത്ത് അടുത്തുണ്ടായിരുന്ന സ്ഥാപനത്തിൽ ഫാഷൻ ഡിസൈനിംഗ് നേരിട്ട് കണ്ടിട്ടുണ്ട് എന്നത് മാത്രമാണ് ആ മേഖലയിലെ പരിചയം. എന്നിട്ടും കണ്ണും പൂട്ടി അപേക്ഷിച്ചു. ലോക്ഡൗൺ അയഞ്ഞ് ഡൽഹിയിൽ പോയപ്പോഴും ക്ലാസ് മുടക്കിയില്ല, തുടർന്നു.

ഒന്നര വർഷമായിരുന്നു കോഴ്‌സ്. ചേർന്ന് ആറുമാസം കഴിഞ്ഞപ്പോൾ സ്വന്തം സംരംഭം എന്ന സ്വപ്‌നത്തിന്റെ ആദ്യ നൂലു കോർത്തു. 10,000 രൂപ മുടക്കി വീടിനോട് ചേർന്ന് ഓർമ ഡിസൈൻസ് തുടങ്ങി, 2020-ൽ. തുണി മെറ്റീരിയലുകളും മറ്റും വാങ്ങാൻ സുഹൃത്ത് സഹായിച്ചു. ഉഷാകമ്പനിയുടെ അത്ര പുതിയതല്ലാത്ത ഒരു തയ്യിൽ മിഷീനായിരുന്നു പ്രധാന കൂട്ട്. രതീഷും സന്ധ്യയും ആദ്യമായി കണ്ടുമുട്ടാൻ ഇടയായ ബസിന്റെ പേരാണ് സ്ഥാപനത്തിന് ഇട്ടത്.  

തുടക്കം പാളി, പാളിച്ചയും പുതിയ പാഠം
ഫാഷനെ കുറിച്ചോ സംരംഭത്തിനോ കുറിച്ചോ ഒന്നുമറിയാത്ത ഒരാൾ, പെട്ടന്നൊരു സ്ഥാപനം തുടങ്ങുമ്പോഴുണ്ടായ പ്രശ്‌നങ്ങളെല്ലാം സന്ധ്യയും നേരിട്ടു. കുറേ പാളിച്ചകൾ പറ്റി. പക്ഷേ, ഓരോ അബദ്ധങ്ങളും മേഖലയെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനുമുള്ള പാഠപ്പുസ്തകം കൂടിയായിരുന്നു.‌

സംരംഭകർക്ക് വേണ്ടിയുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സ്വയം ഡിസൈൻ ചെയ്യാൻ അവസരം തേടി വരുന്നത്. 2021ലെ ഓണത്തിന് കുറച്ച് പട്ടുപാവാടകൾ തുന്നാൻ. വലിയ സന്തോഷത്തോടെയാണ് ഓർഡർ സ്വീകരിച്ച് ചെയ്തത്. ഡിസൈൻ ചെയ്ത് കൊടുത്തപ്പോൾ അവർക്ക് ഇഷ്ടമായില്ല. മുത്തുകൾ വാങ്ങിയപ്പോൾ പറ്റിയ ചെറിയൊരു ശ്രദ്ധ കുറവ്. അതായിരുന്നു ആദ്യ പാഠം. അതിൽ നിന്നാണ് കസ്റ്റമസൈഡ് വസ്ത്രങ്ങൾ ചെയ്യാൻ തീരുമാനിക്കുന്നത്. അവിടെ പിഴച്ചില്ല. ഒരു വർഷം കൊണ്ട് അമേരിക്കയിൽ നിന്ന് വരെ ഓർഡർ കിട്ടി. പിന്നീട് ഷാർജയിൽ നിന്നും ഓർഡർ വന്ന് തുടങ്ങി. നിലവിൽ മറ്റൊരു സ്ഥാപനത്തിന്റെ സഹായത്തോടെയാണ് വിദേശത്തേക്കുള്ള ഓർഡറുകൾ അയക്കുന്നത്. അധികം വൈകാതെ സ്വന്തം നിലയിൽ അയക്കാൻ ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ് സന്ധ്യ.

വസ്ത്രങ്ങൾക്ക് ആവശ്യമായ തുണിത്തരങ്ങളും മുത്തുകളും മറ്റും വാങ്ങുന്നതിലമുണ്ട് ഒരു സന്ധ്യ ടച്ച്. അതും ഒരു പിഴവ് കൊടുത്ത പാഠമാണ്. പല യൂട്യൂബ് ചാനലുകളും കണ്ടാണ് ആദ്യമൊക്കെ മെറ്റീരിയലുകൾ വാങ്ങാൻ പോയിരുന്നത്. ഡൽഹിയിലെ ചൂടിലും തണുപ്പിലും കിലോമീറ്ററുകൾ അലഞ്ഞു, എല്ലാ ഗല്ലികളും കയറിയിറങ്ങി. നിരാശപ്പെടേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഏതെല്ലാം ഗല്ലിയിൽ എന്തെല്ലാം കിട്ടുമെന്ന് സന്ധ്യയ്ക്ക് കണ്ണുംപൂട്ടി പറയാൻ പറ്റും. ഹറോള മാർക്കറ്റും സരോജിനി നഗർ മാർക്കറ്റും ഗാന്ധി നഗർ മാർക്കറ്റും സന്ധ്യയ്ക്ക് ഉള്ളംകയ്യിലെ രേഖകൾ പോലെ അറിയാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version