കുറച്ച് ദിവസം അവധിയെടുത്ത് എങ്ങോട്ടെങ്കിലും പോകാമെന്ന് വിചാരിച്ചാൽ ‘അലക്ക് കഴിഞ്ഞ് കാശിക്ക് പോകാൻ പറ്റില്ല’ എന്ന പഴഞ്ചൊല്ലാണ് പലർക്കും ഓർമ വരിക. ജോലി തീരാതെ അവധി കിട്ടുന്നില്ല, അവധി കിട്ടുമ്പോഴായിരിക്കും പ്രതീക്ഷിക്കാതെ എന്തെങ്കിലും വന്നുപെടുന്നത്. ജോലിക്കും കിട്ടാത്ത അവധിക്കുമിടയിൽ പെട്ട് തകർന്ന എത്രയെത്ര ട്രിപ്പ് മോഹങ്ങൾ… ജോലിത്തിരക്കിനിടയിൽ വെക്കേഷൻ എന്ന ആലോചനകൾ ആലോചനകൾ മാത്രമായി അവശേഷിച്ച നാളുകൾ…

പക്ഷേ, ഇപ്പോൾ ഇതെല്ലാം പഴങ്കഥയാണ്. ആർക്കും എവിടെയിരുന്നും ജോലി ചെയ്യാവുന്ന സാഹചര്യം ഇന്നുണ്ട്. ലോകത്ത് കോവിഡ് കൊണ്ടുവന്ന മാറ്റങ്ങളിലൊന്ന്! വീട്ടിലിരുന്നും നന്നായി പണിയെടുക്കാമെന്ന് കമ്പനികളും ജീവനക്കാരും തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു കോവിഡ്. കോവിഡും ലോക്ഡൗണും കഴിഞ്ഞിട്ടും പലരും ഓഫീസുകളിലേക്ക് മടങ്ങിയില്ല. കോവിഡ് പരിചയപ്പെടുത്തിയത് വർക്ക് ഫ്രം ഹോം സംസ്‌കാരമായിരുന്നു. വർക്ക് നിയർ ഹോമും കടന്ന് ഇപ്പോഴത് വർക്കേഷനിൽ എത്തി നിൽക്കുകയാണ്. ജോലിയും വെക്കേഷനും ഒരുമിച്ച് ആസ്വദിക്കാൻ പറ്റുന്ന വർക്കേഷൻ ഇന്ത്യയിലും വേരുറച്ച് കഴിഞ്ഞു. വർക്കേഷന് കേരളത്തിലേക്ക് എത്തുന്നവരുടെയും ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നവരുടെയും എണ്ണം ഒട്ടും കുറവല്ല.  

അവധിയില്ലാ യാത്രകൾ
വർക്കും വെക്കേഷനും കൂടിചേർന്നാണ് വർക്കേഷനായത്. വർക്ക്-ലൈഫ് ബാലൻസിനെ കുറിച്ച് സംസാരിക്കുന്ന ഇക്കാലത്ത് വർക്കേഷന്റെ പ്രാധാന്യവും കൂടി. യാത്രയും ജോലിയും ഒരുമിച്ച് ചെയ്യാം, ജോലിയെ യാത്രയും യാത്രയെ ജോലിയും ബാധിക്കില്ല. വിനോദയാത്രകൾക്ക് അവധി കാത്തിരിക്കുകയും വേണ്ട. ജോലി ചെയ്യുന്ന നഗരത്തിൽ നിന്നും രാജ്യത്ത് നിന്നും തന്നെയും മാറി സഞ്ചരിച്ച് വർക്കേഷൻ ചെയ്യുന്നവരുണ്ട്. ഓഫീസിലിരിക്കുമ്പോൾ ഉള്ളതിനേക്കാൾ ജീവനക്കാർ ജോലിയിൽ പ്രകടനം കാഴ്ചവെച്ചതോടെ കമ്പനികളും വർക്കേഷന് താത്പര്യപ്പെട്ടു തുടങ്ങി. മീഷോ, മാജിക് പിൻ, ഇൻഫോടെക്, ഫ്ലൈ ഹോംസ് തുടങ്ങിയവ ജീവനക്കാർക്ക് എവിടെ നിന്ന് വേണമെങ്കിലും ജോലി ചെയ്യാൻ അവസരം കൊടുക്കുന്ന കമ്പനികളിൽ ചിലത് മാത്രമാണ്. പോകുന്നിടത്തെല്ലാം ഓഫീസും ജോലിയും കൂടെ കൊണ്ടുപോകുന്നതിനെ എതിർക്കുന്നവരുമുണ്ട്. പക്ഷേ, ജോലിക്ക് വേണ്ടി യാത്ര ഒഴിവാക്കണ്ട എന്നതാണ് വർക്കേഷൻ ഇഷ്ടപ്പെടുന്നവരുടെ പക്ഷം. കൈയിലൊരു ലാപ്ടോപും നല്ലൊരു വൈഫൈ കണക്ഷനുമുണ്ടെങ്കിൽ ഹിമാലയം കയറിയും ജോലി ചെയ്യാമെന്നാണ് പുതിയ കാലത്തെ തൊഴിൽ മന്ത്രം.

വർക്കേഷന് പ്രചാരം വർധിച്ചതോടെ വിനോദസഞ്ചാര മേഖലയും അത്തരമൊരു സംസ്‌കാരത്തിലേക്ക് ചുവടുവെച്ചു. ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളുമടക്കം വർക്കേഷൻ പാക്കേജുകൾ അവതരിപ്പിച്ച് തുടങ്ങി. മുറിയാത്ത ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനും മീറ്റിംഗുകൾക്ക് കോൺഫറൻസ് ഹാളും പ്രോജക്ടറുമെല്ലാം തയ്യാറാക്കിയാണ് പല സ്ഥാപനങ്ങളും വർക്കേഷന് സഞ്ചാരികളെ ക്ഷണിക്കുന്നത്.

വർക്കേഷന്റെ പ്രിയ കേന്ദ്രങ്ങൾ
ബെർലിൻ ആസ്ഥാനമായ വർക്ക് മോഷൻ വർക്കേഷന് പറ്റിയ നഗരങ്ങളെ കുറിച്ച് ഗവേഷണം നടത്തിയിരുന്നു. വർക്കേഷന് പറ്റിയ നഗരങ്ങളുടെ പട്ടികയിൽ ബാർസിലോണയാണ് ഒന്നാം സ്ഥാനത്തെത്തിയത്. സുന്ദരമായ കാലാവസ്ഥയും യാത്രസൗകര്യങ്ങളുമാണ് ബാർസിലോണയെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. വർക്കേഷന് പറ്റിയ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് ദുബായും മത്സരിക്കുന്നുണ്ട്. എഐ സാങ്കേതിക വിദ്യയും മറ്റു സൗകര്യങ്ങളുമൊരുക്കിയ ദുബായി വൈകാതെ വർക്കേഷനിൽ ഒന്നാം സ്ഥാനത്തെത്തും.

ബ്രസീലിലെ സാവോ പോളോ
ഗ്രൂപ്പ് വർക്കേഷൻ തിരഞ്ഞെടുത്തിരിക്കുന്നത് ബ്രസീലിലെ സാവോ പോളോയാണ്. സഞ്ചരിച്ച് ജോലി ചെയ്യാൻ പറ്റുമെന്നതും ഇംഗ്ലീഷിൽ ആശയവിനിമയം നടത്താമെന്നതും സാവോ പോളോ വർക്കഷന്റെ ഇഷ്ട ലോക്കേഷനാക്കുന്നു. വെറും 2.5 മില്യൺ ജനസംഖ്യയുള്ള ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനും വർക്കേഷന് ആളുകൾ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്. പ്രകൃതി സൗന്ദര്യം മാത്രമല്ല, ബജറ്റ് ഫ്രണ്ട്‌ലി ആണെന്നത് കൂടിയാണ് ബ്രിസ്‌ബെയിനിന്റെ പ്രത്യേകത.

പോർച്ചുഗലിലെ ലിസ്ബൺ, തായ് വാനിലെ തായ്‌പെയ്

പോർച്ചുഗലിലെ ലിസ്ബൺ ആണെങ്കിൽ പുതിയ എൻട്രപ്രണർമാർക്ക് വളരാനുള്ള മികച്ച അവസരങ്ങളും നൽകുന്നുണ്ട്. സാങ്കേതിക വിദ്യയും ഇന്നോവേഷനും രാജ്യത്തിലേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാത്രമല്ല, ഏഷ്യൻ രാജ്യങ്ങളിലേക്കും വർക്കേഷന് ആളുകളെത്തുന്നുണ്ട്. തായ് വാനിലെ തായ്‌പെയിലേക്ക് വിനോദസഞ്ചാരികളെ പോലെ തന്നെ ഇപ്പോൾ വർക്കേഷനും ആളുകൾ വരുന്നുണ്ട്. തായ്‌പെയിലെ പല സ്ഥലങ്ങളിലും ഇന്റർനെറ്റ് സൗജന്യമാണ്, വേഗതയുമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയുമാകാം, ജോലി മുടങ്ങുകയുമില്ല.

സ്വസ്ഥമായി ജോലി ചെയ്യാൻ ഭൂട്ടാൻ
ഹിമാലയത്തിന്റെ താഴ് വരകളിലിരുന്ന് സ്വസ്ഥമായി ജോലിയെടുക്കാൻ ഭൂട്ടാനിലേക്ക് പോകണം. സഞ്ചാരികളുടെ ഒഴുക്ക് സ്വതവേ കുറവായത് കൊണ്ട് തിരക്കിൽ അകപ്പെടാതെ സ്ഥലങ്ങൾ കാണാനും ജോലി ചെയ്യാനും പറ്റും. സമർദ്ദമില്ലാത്ത, സമാധാനമായ അന്തരീക്ഷമാണ് ഭൂട്ടാനെ പ്രിയങ്കരമാക്കുന്നത്.
ഗോവയും ഹിമാചലും പശ്ചിമ ബംഗാളും ഉത്തരാഖണ്ഡുമെല്ലാം വർക്കേഷൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട സ്ഥലങ്ങളാണ്. മെയ്ക്ക് മൈ ട്രിപ്, ബുക്കിംഗ് ഡോട്ട് കോം തുടങ്ങിയ ആപ്പുകളെല്ലാം വർക്കേഷൻ തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക്കേഷൻ അവസരം ഒരുക്കുന്നുണ്ടെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കമ്പനികൾ നൽകുന്ന ആഡ് ഓൺ ബെനഫിറ്റുകൾ ഉപയോഗപ്പെടുത്തിയും ആളുകൾ വർക്കേഷനെത്തുന്നുണ്ട്.

വർക്കേഷനിലേക്ക് കേരളവും
മറ്റെല്ലാവരെയും പോലെ കേരളത്തെയും വർക്കേഷനെ കുറിച്ച് പഠിപ്പിച്ചത് കോവിഡാണ്. ലോക്ഡൗൺ കാലത്തും അതിന് ശേഷവും ധാരാളം ആളുകൾ കേരളത്തിലേക്ക് വർക്കേഷനായി എത്തി തുടങ്ങി. കോവിഡിന് ശേഷം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പല ഹോംസ്റ്റേകളും റിസോർട്ടുകളും വർക്കേഷൻ കൂടി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർക്കേഷന്റെ തുടക്കത്തിൽ ഭൂരിപക്ഷം ആളുകൾക്കും ബീച്ചിൽ കടൽ കണ്ട് ജോലി ചെയ്യാനായിരുന്നു താത്പര്യം. അങ്ങനെയാണ് വർക്കേഷനിൽ വർക്കലയ്ക്ക് പ്രിയം കൂടിയത്. ഇപ്പോൾ ട്രൻഡിൽ മാറ്റം വന്നിട്ടുണ്ട്.

10-15 ദിവസമോ അതിൽ കൂടുതലോ ദിവസം വർക്കേഷന് വേണ്ടി ജീവനക്കാർക്ക് കമ്പനികൾ തന്നെ റിസോർട്ടു ഒരുക്കാറുണ്ട്. ഓഫീസ് മുറി മടക്കുമ്പോൾ ഒറ്റയ്ക്കും സംഘങ്ങളായും വർക്കേഷന് വരുന്നവരും കുറവല്ല.

 വർക്കേഷന് പ്രത്യേകം പാക്കേജുകൾ
ചിലർക്ക് ജോലി സമയം 9-5 ആണെങ്കിൽ മറ്റുള്ളവർക്ക് രാത്രിയായിരിക്കും ജോലി. ഇങ്ങനെ വ്യത്യസ്ത ആവശ്യങ്ങളുമായി വരുന്ന വിനോദസഞ്ചാരികൾക്ക് പ്രത്യേകം പാക്കേജുകളാണ് വർക്കേഷൻ സൗകര്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നൽകുന്നത്. യാത്രകളും മറ്റു പരിപാടികളും ജോലി സമയം അനുസരിച്ച് മാറിക്കൊണ്ടിരിക്കും.

വയനാട്, ബംഗലൂരു, മൂന്നാർ  ഡെസ്റ്റിനേഷൻ
കേരളത്തിൽ തന്നെ ആദ്യം വർക്കേഷന് വിളനിലമായത് വയനാടാണെന്ന് പറയാം, കാരണം തൊട്ടടുത്തുള്ള ബംഗളൂരുവും. കോവിഡ് അടച്ചിടൽ കാലത്ത് ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗലൂരുവിൽ നിന്ന് ധാരാളം ടെക്കികൾ വയനാട്ടിലേക്ക് വർക്കേഷനായ് വന്നു. ഇപ്പോഴും ശനി, ഞായർ ദിവസങ്ങളിൽ ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ വയനാട്ടിലേക്ക് ബെംഗളൂരുവിൽ നിന്ന് ആളുകൾ എത്താറുണ്ട്.

ഹിൽ സ്റ്റേഷൻ എന്ന നിലയിൽ മൂന്നാറും വർക്കേഷന്റെ ഇഷ്ട കേന്ദ്രമാണ്. ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികൾ വർക്കേഷന് മൂന്നാർ തിരഞ്ഞെടുക്കാറുണ്ട്. തണുപ്പുള്ള കാലാവസ്ഥയിൽ പ്രകൃതി ഭംഗി ആസ്വദിച്ച് ശാന്തമായിരുന്ന് ജോലി ചെയ്യാം എന്നതു മൂന്നാറിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകമാണ്.  

മനസിലാക്കി സർക്കാരും
വർക്കേഷന്റെ സാധ്യതകൾ മനസിലാക്കി കേരള സർക്കാരും പുതിയ തൊഴിൽ പ്രവണതയെ പ്രോത്സാഹിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വർക്കേഷൻ നടപ്പാക്കാൻ എല്ലാ സാധ്യതകളും ആരായുകയാണ് സർക്കാർ. 2021ലെ കേരള വീക്ഷണ രേഖയിൽ വർക്കേഷൻ ഉൾപ്പെടുത്തിയിരുന്നു. വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി വർക്കേഷൻ കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.
ടെക്കികൾക്കും അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്നവർക്കും വർക്കേഷൻ സൗകര്യം ഒരുക്കുന്നതിന് ടെക്നോപാർക്കും കെടിഡിസിയും ചേർന്ന് പദ്ധതി തയ്യാറാക്കിയിരുന്നു. ടെക്നോപാർക്ക് കമ്പനികൾക്ക് പ്രത്യേക പാക്കേജിൽ സൗകര്യം ലഭ്യമാക്കാനുള്ള ധാരണാപത്രം ഓഗസ്റ്റിൽ കൈമാറുകയും ചെയ്തു.

ഇപ്പോൾ വിനോദസഞ്ചാരവകുപ്പും തിരുവനന്തപുരം ഇൻഫോപാർക്കും ചേർന്ന് നെയ്യാറിൽ വർക്കേഷൻ തുടങ്ങാൻ പോകുകയാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പദ്ധതിക്ക് മുൻകൈയെടുത്തത്. കെടിഡിസിയുടെ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണുള്ളത്. വയനാട് വർക്കേഷന് പറ്റിയ സ്ഥലമാണെന്നും ജില്ലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി റിയാസ് പറഞ്ഞിരുന്നു

As we prepare our bucket lists for the coming years, industry experts take us through the travel trends that are expected to get bigger and better. Combining work with vacation is another trend that is expected to gain more popularity going forward — pushed further by the work-from-home or hybrid models that have been adopted at several workplaces. But, do the employers really enjoy this choice of employees?

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version