കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്?

നൂറ്റാണ്ടുകളായി മനുഷ്യരുടെ തലപുകച്ച ചോദ്യം! അത് എന്തായാലും മുട്ടയിലാതെ ഓംലേറ്റുണ്ടാക്കാന്‍ പറ്റില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മുട്ടയില്‍ പാകത്തിന് ഉപ്പും ചെറുതായി അരിഞ്ഞ ഉള്ളിയും മുളകും ഇഞ്ചിയും ചേര്‍ത്ത് അടിച്ച് ചൂട് കല്ലില്‍ ഒഴിക്കുമ്പോള്‍ ഉണ്ടാകുന്ന ശ്ശ് ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ വയറ്റില്‍ വിശപ്പിന്റെ വിളി തുടങ്ങും… വെന്തുകഴിഞ്ഞാല്‍ മേമ്പൊടിക്ക് കുറച്ച് കുരുമുളക് വിതറിമ്പോഴുള്ള മണം…ആഹാ!

ഒറ്റ നോട്ടത്തില്‍ ഓംലെറ്റ് സിംപിളാണ്, പക്ഷേ പവര്‍ ഫുള്ളുമാണ്…

ഇത് കഴിക്കാന്‍ മാത്രം തട്ടുകട തപ്പി പോകുന്നവരുണ്ട്. ഇത് ഒരു കഥ… കോഴിക്കോട് രാമനാട്ടുകരയിലെ പി. അര്‍ജുന് പറയാനുള്ളത് മറ്റൊരു  ഓംലെറ്റ് കഥയാണ്. മകള്‍ക്ക് വേണ്ടിയുണ്ടാക്കിയ മുട്ടയില്ലാ ഓംലെറ്റിന്റെ കഥ. ഇവിടെ ആരും മുട്ട പൊട്ടിക്കുന്നില്ല, ഉള്ളിയും മുളകും അരിയുന്നില്ല. മുട്ട പോലുമില്ലാതെ എന്ത് ഓംലെറ്റ് എന്നല്ലേ, അതാണ് ‘ക്വീന്‍സ് ഇന്‍സ്റ്റന്റ് ഓംലെറ്റ്’ എന്ന വണ്‍ മിനിറ്റ് ഓംലെറ്റ്.

പതിനെട്ടില്‍ പിഴച്ചില്ല

അര്‍ജുന്റെ മകള്‍ ധന്‍ശിവയ്ക്ക് ഭാര്യ അശ്വതി മുട്ട കൊണ്ട് ഉണ്ടാക്കുന്ന വിഭവം വലിയ ഇഷ്ടമാണ്. ഇത് എങ്ങനെ എളുപ്പത്തില്‍ ഉണ്ടാക്കാമെന്ന ചിന്തയാണ് പൊടി രൂപത്തിലുള്ള ഇന്‍സ്റ്റന്റ് ഓംലെറ്റ് ആയതും അതൊരു സംരംഭമായി മാറിയതും.

ഇന്‍സ്റ്റന്റ് ഓംലെറ്റിന്റെ ഫോര്‍മുലയ്ക്ക് പിന്നാലെയായിരുന്നു അര്‍ജുന്‍ മൂന്ന് വര്‍ഷം. പരീക്ഷണങ്ങള്‍ക്ക് തന്നെ നല്ല തുക ചെലവായി. സിവില്‍ എന്‍ജിനിയറിംഗ് കഴിഞ്ഞ് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുമ്പോഴാണ് ഓംലെറ്റുണ്ടാക്കാന്‍ പോയതും. ഇന്‍സ്റ്റന്റ് ഓംലെറ്റിന്റെ ഫോര്‍മുല 17 തവണയാണ് പരാജയപ്പെട്ടത്. 18ാമത്തേതാണ് ഉദ്ദേശിച്ച പോലെ ഓംലെറ്റ് ആയി. ഇപ്പോള്‍ വിപണിയില്‍ വില്‍ക്കുന്നത് കൂടുതല്‍ മെച്ചപ്പെടുത്തിയ 19ാമത് ഫോര്‍മുലയാണ്.

ആദ്യ കടമ്പ ഫോര്‍മുല ആയിരുന്നെങ്കില്‍ രണ്ടാമത്തേത് മിഷിനറിയായിരുന്നു. ഇന്‍സ്റ്റന്റ് ഓംലെറ്റുണ്ടാക്കുന്ന കമ്പനി തുടങ്ങാമെന്ന് ആലോചിച്ചപ്പോള്‍ തന്നെ നിര്‍മാണ യന്ത്രങ്ങള്‍ സ്വന്തമായി രൂപകല്പന ചെയ്ത് തുടങ്ങി. അവിടെയും പലക്കുറി പരാജയം. യന്ത്രങ്ങളുടെ ഭാഗങ്ങള്‍ രൂപകല്പന ചെയ്ത് പലയിടത്ത് നിര്‍മിച്ച് യോജിപ്പിച്ച് കഴിയുമ്പോഴായിരിക്കും ശരിയായിട്ടില്ലെന്ന് മനസിലാകുന്നത്. എന്നാല്‍ പരാജയത്തില്‍ പിന്മാറിയില്ല. ഒടുവില്‍ സ്വന്തം യന്ത്രങ്ങള്‍ കൊണ്ട് മലപ്പുറം വാഴയൂരില്‍ ധന്‍സ് ഡ്യൂറബിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങി. അങ്ങനെയാണ് ഔട്ട് ലുക്ക് മാഗസിൻ, അര്‍ജുനെ ‘ദ് ഓംലെറ്റ് മാന്‍ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിച്ചത്. ലോകത്ത് പൊടി രൂപത്തില്‍ ഇന്‍സ്റ്റന്റ് ഓംലെറ്റുകള്‍ ആരും ഉണ്ടാക്കിയിട്ടുണ്ടാകില്ല.

2021ല്‍ കമ്പനി രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഈ വര്‍ഷമാണ് ക്വീന്‍സ് ഇന്‍സ്റ്റന്റ് ഓംലെറ്റ് എന്ന പേരില്‍ പൗഡര്‍ രൂപത്തിലുള്ള ഓംലെറ്റ് വിപണിയിലെത്തി തുടങ്ങിയത്.

Also Read

ഒറ്റ മിനിറ്റിലെ ഓംലെറ്റ്

ഒരു മിനിറ്റില്‍ വെള്ളം ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ക്വീന്‍സിന്റെ പാക്കറ്റ് ഓംലെറ്റ്. വീഗനാണെന്ന് കരുതരുത്, അസ്സല്‍ മുട്ട ഓംലെറ്റുകള്‍ തന്നെയാണിവ. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുള്ള ഉപഭോക്താക്കളുടെ രുചിക്കനുസരിച്ച് വ്യത്യസ്ത ഓംലെറ്റുകളാണ് വിപണിയിലിറക്കുന്നത്. കേടാവാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നില്ല എന്നതും നിറത്തിന് മഞ്ഞള്‍ മാത്രമാണ് ചേര്‍ക്കുന്നത് എന്നതും ക്വീന്‍സിന്റെ പ്രത്യേകതയാണ്. സാധാ ഓംലെറ്റ് തുടങ്ങി മസാല ഓംലെറ്റ് വരെ വിവിധ തരം ഓംലെറ്റുകൾ ലഭിക്കും.

ബൂട്ട്‌സ്ട്രാപ്പ്ഡായി തുടങ്ങിയ അര്‍ജുന്റെ കമ്പനിയില്‍ നിലവില്‍ 17 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇനി 12 പേര്‍ക്ക് കൂടി ജോലി കൊടുക്കും. പ്രവര്‍ത്തനം ആരംഭിച്ചിട്ട് കുറച്ചേ ആയിട്ടുള്ളുവെങ്കിലും ഒരുലക്ഷത്തിന് മുകളിലാണ് ഒരു ദിവസത്തെ ഉത്പാദനം. യു.കെ., സൗദി അറേബ്യ, ന്യൂസ് ലാന്‍ഡ് എന്നിങ്ങനെ രാജ്യത്തിന് പുറത്തും വണ്‍ മിനിറ്റ് ഓംലെറ്റിന് വിപണിയുണ്ട്.


ആദ്യമൊക്കെ വെള്ളത്തിന്റെ കാഠിന്യം കൂടുമ്പോള്‍ ഇന്‍സ്റ്റന്റ് ഓംലെറ്റ് പ്രതീക്ഷിച്ച പോലെ പാകം ചെയ്ത് ലഭിക്കുമായിരുന്നില്ല, എണ്ണ ചേര്‍ത്തില്ലെങ്കില്‍ നോണ്‍സ്റ്റിക് പാനില്‍ പോലും അടിപിടിക്കുമായിരുന്നു. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഇപ്പോൾ വൺ മിനിറ്റ് ഓംലെറ്റ് വിപണിയിലെത്തുന്നത്. ഇനി കൂടുതല്‍ ഫ്‌ലേവറുകളില്‍ ഓംലെറ്റുകള്‍ മാര്‍ക്കറ്റിലെത്തിക്കുകയാണ് അര്‍ജുന്റെ ലക്ഷ്യം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version