2003ൽ തിയേറ്റുകളിലെത്തിയ പുലിവാൽ കല്യാണം എന്ന സിനിമയിൽ ഒരു രംഗമുണ്ട്. കാറിൽ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്നു സലിം കുമാർ മണം കൊണ്ട് കൊച്ചിയെത്തിയ കാര്യം തിരിച്ചറിയുന്നത്. വർഷം 20 കഴിഞ്ഞിട്ടും കൊച്ചിയിൽ ആ ഒരു കാര്യത്തിന് മാത്രം മാറ്റം വന്നിട്ടില്ല. ഇപ്പോഴും ദുർഗന്ധം പരത്തികൊണ്ട് നഗരത്തിൽ മാലിന്യം നിറയുന്നു.
കൊച്ചിയിൽ മാലിന്യം എന്നുമൊരു കീറാമുട്ടിയാണ്. അത് ജൈവ മാലിന്യം ആയാലും ശരി പ്ലാസ്റ്റിക് മാലിന്യം ആയാലും ശരി. മുൻസിപാലിറ്റിയും ഭരണകർത്താക്കളും എത്ര ശ്രമിച്ചിട്ടും കൊച്ചിയുടെ വഴിവക്കിൽ നിന്ന് മാലിന്യം ഒഴിയുന്നില്ല. പല പദ്ധതികൾ നടപ്പാക്കി നോക്കി, മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ എടുത്തു കൊടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു നോക്കി. ഒരു രക്ഷയുമില്ല. എന്നാൽ അവസ്ഥ ഇനി മാറാൻ പോകുകയാണ്.
ബിപിസിഎല്ലിന്റെ പദ്ധതി
നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ പോകുകയാണ് ബിപിസിഎല്ലിന്റെ പദ്ധതി. ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭ അംഗീകാരം നൽകി. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് പദ്ധതി അംഗീകാരം നൽകിയത്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 387 സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക്, ഇവർ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ദിവസങ്ങൾക്ക് ദിനം ഒന്നിന് ആയിരം രൂപ വീതം പ്രചോദന ധനസഹായം അനുവദിക്കാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ബ്രഹ്മപുരത്തെ 10 ഏക്കറിൽ
കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്ന് 10 ഏക്കർ ഭൂമി ഇതിനായി ബിപിസിഎല്ലിന്
കൈമാറും. പ്രതിദിനം 150 മെട്രിക് ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് ഈ ഭൂമിയിൽ ബിപിസിഎൽ സ്ഥാപിക്കും.
പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബിപിസിഎൽ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കുന്നത്. തുക മുഴുവനായും ബിപിസിഎൽ വഹിക്കും. പ്ലാൻറ് നിർമ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂർത്തിയാവുമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറഞ്ഞത്.
ജൈവമാലിന്യ പ്രശ്നത്തിന് പരിഹാരം
പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് സംസ്കരിക്കാനും പദ്ധതിയുണ്ട്. 7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000 ൽ അധികം വീടുകളും ഉള്ള കൊച്ചി കോർപ്പറേഷനിലെ ജൈവമാലിന്യ പ്രശ്നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറ് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.