ആധുനിക യുദ്ധവിമാനങ്ങളുടെ ഹൃദയം എന്നാണ് ജെറ്റ് എഞ്ചിനുകളെ വിശേഷിപ്പിക്കപ്പെടുന്നത്. അത്യാധുനിക മെറ്റലർജി, എയറോഡൈനാമിക്സ്, താപ നിയന്ത്രണം, ഡിജിറ്റൽ കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയിൽ ലോകോത്തര മികവ് കൈവരിച്ചാൽ മാത്രമേ ഇത്തരം എഞ്ചിനുകൾ രൂപകൽപന ചെയ്ത് നിർമ്മിക്കാൻ കഴിയൂ. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി, പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ ദീർഘകാല ലക്ഷ്യം. അതിൽ നിർണായക ഘടകമാണ് സ്വരാജ്യത്ത് തന്നെ ജെറ്റ് എഞ്ചിൻ വികസിപ്പിക്കൽ. ചരിത്രപരമായി റഷ്യ ഇന്ത്യയുടെ അടുത്ത പ്രതിരോധ പങ്കാളിയായിരുന്നു. ചില മേഖലകളിൽ അവർ സഹായവും നൽകി. എന്നാൽ പുതിയ തലമുറ ജെറ്റ് എഞ്ചിൻ പദ്ധതികളിൽ റഷ്യയെ മുഖ്യ പങ്കാളിയാക്കുന്നതിൽ ഇന്ത്യ പിന്നോട്ട് പോകുന്നു. അതിന്റെ കാരണങ്ങൾ നോക്കാം.

GTRE/കാവേരി പ്രോജക്ട് പോലുള്ളവ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. റഷ്യ-ഉക്രെയ്ൻ യുദ്ധമാണ് മറ്റൊരു കാരണം. ഉപരോധങ്ങൾക്കും സപ്ലൈ ചെയിൻ തകരാറുകൾക്കും ഇത് ഇടയാക്കി. അമേരിക്കയുടെ GE, ഫ്രാൻസിന്റെ Safran, ബ്രിട്ടന്റെ Rolls-Royce തുടങ്ങിയ പാശ്ചാത്യ പങ്കാളികളുടെ വാഗ്ദാനങ്ങളാണ് മറ്റൊരു കാരണം. ഇവ ഉയർന്ന പ്രകടനക്ഷമത, ടെക്‌നോളജി ട്രാൻസ്ഫർ, വ്യവസായ പങ്കാളിത്തം അവസരങ്ങൾ തുറന്നു കൊടുക്കുന്നു. DRDO, സ്വകാര്യ മേഖല, Make in India പദ്ധതികൾ എന്നിവ വഴി സ്വന്തം പ്രൊപ്പൾഷൻ ഇക്കോസിസ്റ്റം നിർമ്മിക്കുക എന്ന ഇന്ത്യൻ നയവും പുതിയ തലമുറ ജെറ്റ് എഞ്ചിൻ പദ്ധതികളിൽ റഷ്യയെ മുഖ്യ പങ്കാളിയാക്കുന്നതിൽ നിന്ന് ഇന്ത്യയെ പിന്നോട്ട് നയിക്കുന്നു.