നാല് വര്‍ഷം കൊണ്ട് നൂറു കോടി വിറ്റുവരവ് ഉണ്ടാക്കുന്ന വിധത്തിലേക്ക് സംസ്ഥാനത്തെ 1000 എംഎസ്എംഇകളെ ഉയര്‍ത്താനുള്ള പദ്ധതിയായ മിഷന് 1000 അവതരിപ്പിച്ച് സംസ്ഥാന സർക്കാർ.
കേരളത്തിലെ MSME കൾക്കായി മിഷൻ 1000, വണ്‍ ലോക്കല്‍ബോഡി വണ്‍ പ്രൊഡക്ട്, OLP വികസന പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വ്യവസായ വാണിജ്യ ഡയറക്ടറേറ്റും, KSIDC-യും.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഒരു ഉത്പന്നം വിപണിയിലെത്തിക്കുക, അതിനു കയറ്റുമതി വിപണന സാധ്യതകൾ തേടുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് OLP പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തദ്ദേശീയമായ ഉത്പന്നത്തെ കൂട്ടായ ശ്രമങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനുള്ളതാണ് ഈ പദ്ധതി.
ഈ രണ്ടു പദ്ധതികളുടെ സുഗമമായ നിർവഹണത്തിന് വേണ്ടി മികച്ച കണ്‍സല്‍ട്ടന്റുമാരെ നിയോഗിക്കാനുള്ള തയാറെടുപ്പിലാണ് കെ എസ് ഐ ഡി സി.
മിഷൻ 1000 പദ്ധതിക്കായുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതും നാല് വര്‍ഷം കൊണ്ട് അത് ഫലവത്തായി നടപ്പാക്കുന്നതുമാണ് മിഷൻ 1000 വിഭാഗത്തിലെ കണ്‍സല്‍ട്ടന്റുകളുടെ ചുമതല.
OLP പദ്ധതിയിൽ നിയോഗിക്കപ്പെടുന്ന കണ്സല്ട്ടന്റുമാര് വിശദമായ പദ്ധതി രേഖ (ഡിപിആര്‍) സമര്‍പ്പിക്കണം. തന്ത്രപ്രധാനമായ കര്‍മ്മപദ്ധതി, പദ്ധതിച്ചെലവ്, ഉത്പന്നത്തിന്റെ വിപണി ക്ഷമത തുടങ്ങി സമഗ്രമായ റിപ്പോര്‍ട്ടായിരിക്കണം നല്‍കേണ്ടത്.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴില്‍ ഇടത്തര-ചെറുകിട-സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിനുള്ള പദ്ധതിയിലേക്ക് കണ്‍സല്‍ട്ടന്റുകളെ ക്ഷണിച്ചു കൊണ്ടുള്ള അവസാന തിയതി ഡിസംബര്‍ പത്ത് വരെ നീട്ടിയിട്ടുണ്ട്.
ഡിപിആര്‍, വ്യവസായ പദ്ധതി നിര്‍വഹണം തുടങ്ങിയ മേഖലകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. https://industry.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ വിശദാംശങ്ങള്‍ ലഭിക്കും.