വന്ദേഭാരത് ട്രെയിൻ സർവീസ് രാജ്യത്തു മികച്ച വരുമാനം നേടി മുന്നേറുന്നു. യാത്ര തുടങ്ങി ആദ്യ വർഷം തന്നെ 92 കോടി രൂപയിലധികം രൂപയുടെ വരുമാനമാണ് വന്ദേ ഭാരത് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേക്ക് നേടി കൊടുത്തത്.
രാജ്യത്തു തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് കാസർഗോഡ്- തിരുവനന്തപുരം റൂട്ടിലെ എക്സ്‍പ്രസ് ആണെന്നത് കേരളത്തിന് അഭിമാനമാണ്. വരുമാനത്തിലെയും, ജന സ്വീകാര്യതയിലേയും വന്ദേഭാരത് മുന്നിലാണ്.ഇനി ഫ്ലൈറ്റ് സർവീസുകൾക്ക് സമാനമായ സേവനങ്ങൾ വന്ദേ ഭാരതിൽ റെയിൽവേ നൽകും.
കൂടുതൽ വരുമാനം ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ റെയിൽവേ. പ്രവർത്തനമാരംഭിച്ച ആദ്യ വർഷം തന്നെ 92 കോടി രൂപയിലധികം വരുമാനമാണ് ട്രെയിനുകൾ നേടിയത് എന്നാണ് റിപ്പോർട്ടുകൾ. ടിക്കറ്റ് വിൽപ്പന, കാറ്ററിംഗ്, മറ്റ് സേവനങ്ങൾ എന്നിവയിൽ നിന്നാണ് ഈ വരുമാനം. വന്ദേ ഭാരത് ട്രെയിനുകൾക്ക് വിവിധ സംസ്ഥാനങ്ങളിൽ യാത്രക്കാരും, പുതിയ സർവീസുകൾക്കുള്ള ആവശ്യങ്ങളും വർധിച്ചുവരികയാണ്. അനുബന്ധ സേവനങ്ങളിൽ നിന്ന് കൂടി കൂടുതൽ വരുമാനം ലക്ഷ്യമിടുകയാണ് റെയിൽവേ.
കേരളത്തിലും വന്ദേ ഭാരതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കി നൽകിയത് കേരളമാണ്. ഏറ്റവും കൂടുതൽ യാത്രക്കാർ കയറുന്ന, കാസർഗോഡ്- തിരുവനന്തപുരം റൂട്ടിലോടുന്ന ആദ്യ എക്സപ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് ആദ്യ ആറ് ദിവസം കൊണ്ട് നേടിയത് 2.7 കോടി രൂപയിലധികം വരുമാനമാണ്. ഇപ്പോൾ ഈ റൂട്ടിൽ രണ്ടു ട്രെയിനുകളാണുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യമെങ്കിൽ കാറ്ററിങ് സേവനങ്ങളും ലഭ്യമാകും. കാസർഗോഡ് തിരുവനന്തപുരം റൂട്ടിൽ എസി ചെയർ കാറിൽ 1555 രൂപയാണ് നിരക്ക്.364 രൂപ കാറ്ററിംഗ് ചാർജുകൾ ഉൾപ്പെടെയാണിത്. കാറ്ററിങ് നിരക്ക് ഓപ്ഷണലാണ്.
കൂടുതൽ ലക്ഷ്വറി സേവനങ്ങൾ
വിമാന സർവീസുകൾക്ക് സമാനമായ സൗകര്യങ്ങൾ വന്ദേ ഭാരത് യാത്രക്കാർക്ക് നൽകുകയാണ് റയിൽവെയുടെ പദ്ധതി.
മികച്ച ഭക്ഷണവും, ട്രെയിനിനുള്ളിലെ മറ്റു സൗകര്യങ്ങളും വിപുലപ്പെടുത്തുന്നതിനൊപ്പം സ്റ്റേഷനുകളും ട്രെയിനുകളും വൃത്തിയായി സൂക്ഷിക്കുന്നതിനും യാത്രക്കാർക്ക് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും വേണ്ടിയുള്ള കൂടുതൽ സേവനങ്ങൾ റെയിൽവേ ലക്ഷ്യമിടുന്നു.
ബുക്കിങ് വർധിച്ചതോടെ വന്ദേഭാരത് യാത്രക്കാർക്ക് വിപുലമായ സേവനങ്ങൾ നൽകാൻ ദക്ഷിണ റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന യാത്രി സേവാ അനുബന്ധ് പദ്ധതിക്ക് കീഴിൽ ഓരോ കോച്ചിലും ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ വിനിയോഗിക്കും. ഇവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേക പരിശീലനം നൽകും. യാത്രക്കാർക്ക് ന്യായമായ വിലയിൽ ഗുണമേന്മയുള്ള, ഭക്ഷണ പാനീയങ്ങൾ നൽകും. ഇതിനായി പ്രത്യേക മെനു തയ്യാറാക്കും. നിരക്ക് ഈടാക്കി യാത്രാ സാധനങ്ങളും നൽകും.
ഉത്തരേന്ത്യൻ റൂട്ടുകളിലും വന്ദേഭാരത് സൂപ്പർ ഹിറ്റാണ്. ആഗസ്ത് 15 മുതൽ സെപ്തംബർ എട്ടു വരെ മാത്രം സെൻട്രൽ റെയിൽവേ മേഖലയിൽ വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്ത ആകെ യാത്രക്കാരുടെ എണ്ണം 1.22 ലക്ഷമായിരുന്നു. ഈ കാലയളവിൽ തന്നെ റെയിൽവേ നേടിയ വരുമാനം 10.72 കോടി രൂപയാണ്. വന്ദേ ഭാരത് എക്‌സ്പ്രസ് തദ്ദേശീയമായി നിർമ്മിച്ച, സെമി-ഹൈ-സ്പീഡ് ട്രെയിനാണ്. അത്യാധുനിക യാത്രാ സൗകര്യങ്ങൾ മാത്രമല്ല യാത്രക്കാർക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാനുഭവങ്ങളും പ്രദാനം ചെയ്യുന്നു.