ഇന്ത്യൻ ഇലക്‌ട്രോണിക്‌സ് വിപണിയിൽ മറ്റൊരു ക്‌ളൗഡ് വിപ്ലവത്തിനായി തയാറെടുക്കുകയാണ് റിലയൻസ് 15,000 രൂപ മൂല്യമുള്ള റിലയൻസിന്റെ പുതിയ ജിയോ ക്ലൗഡ് ലാപ്‌ടോപ് Jio Cloud laptop. ഈ വരവ് ഇന്ത്യയിൽ ഒരു ലാപ്ടോപ്പ് വിലയുദ്ധത്തിനു തുടക്കമിടുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 6 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ലാപ്‌ലോപ്, ടാബ്‌ലെറ്റ് വിപണിയെ ഒന്നാകെ മാറ്റി മറിക്കാനാണ് മുകേഷ് അംബാനിയുടെ സ്വപ്‌നപദ്ധതിയുടെ വരവ്.റിലയൻസിന്റെ ക്ലൗഡ് പദ്ധതി, ലാപ്‌ടോപ്പിന്റെ വില കുത്തനെ കുറയ്ക്കാൻ സാധിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മികച്ച സുരക്ഷയോട് കൂടിയുള്ള ക്ലൗഡ് സ്‌റ്റോറേജ് റിലയൻസ് സൃഷ്ടിച്ചു കഴിഞ്ഞു.
ക്ലൗഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ ലാപ് ടോപ് ഉപകരണം ഒരു ടെർമിനൽ മാത്രമായിരിക്കും. പ്രവർത്തനങ്ങൾ എല്ലാം ഓൺലൈനിലൂടെ ആയിരിക്കും. ഹൈ സ്പീഡ് ഇന്റർനെറ്റ് മാത്രമാകും ക്‌ളൗഡ് ലാപ്ടോപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യം. പ്രവർത്തനങ്ങൾ എല്ലാം ഓൺലൈനിൽ ആയതുകൊണ്ട് തന്നെ, ഉയർന്ന ഹാർഡ്‌വെയറുകൾ ഇല്ലെന്നതു ലാപ്‌ടോപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. ലാപ്‌ടോപ് ഉപയോക്താവിനും, ഓൺലൈൻ സ്‌റ്റോറേജിനും ഇടയിലുള്ള ഒരു മാധ്യമം മാത്രമാകും. ഉപയോക്താക്കളുടെ ലാപ്‌ടോപിലേക്കുള്ള മുഴുവൻ ഡാറ്റയും ഓൺലൈനിലാകും സംഭരിക്കുക. പൂർണമായും ക്ലൗഡിൽ പ്രവർത്തിക്കുന്നതിനാൽ ലാപ്‌ടോപിന് ഉയർന്ന സംഭരണശേഷിയോ, പ്രൊസസിംഗ് കപ്പാസിറ്റിയോ ആവശ്യമില്ല. വില കുറയാനുള്ള കാരണവും ഇതു തന്നെ. വിലകുറഞ്ഞ ലാപ്‌ടോപ്പുകൾ തേടുന്നവരെയും, വിദ്യാർത്ഥികളെയുമാണ് ജിയോ ക്ലൗഡ് ലാപ്‌ടോപ് വഴി അംബാനി വിപണി ലക്ഷ്യമിടുന്നത്.
ഈ ലാപ്‌ടോപ്പിൽ ഓഫ്‌ലൈനിൽ ഡാറ്റ സേവിംഗ് പോലുള്ള പ്രവർത്തനങ്ങൾക്ക് ഓപ്ഷൻ ഉണ്ടാകില്ല എന്നതിനാൽ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ഈ ലാപ്‌ടോപ്പുകളിൽ സുരക്ഷിത സേവനങ്ങൾ ഉറപ്പിക്കാം. ഡാറ്റ ക്ലൗഡിൽ ആയതിനാൽ തന്നെ ഡിവൈസ് കേടായാലും പ്രവർത്തനങ്ങളെ ബാധിക്കില്ല. കൂടാതെ ഡാറ്റ നഷ്ട സാധ്യതയും കുറവാണ്. ലോകത്തിന്റെ ഏതു കോണിൽ നിന്നും ഉപയോക്താക്കൾക്ക് ഓൺലൈൻ ഡാറ്റകളിലേയ്ക്ക് പ്രവേശനം ലഭിക്കുമെന്നതും പദ്ധതിയുടെ മേന്മ ആയിരിക്കും. ഉപയോക്താക്കൾക്ക് ആവശ്യാനുസരണം ക്ലൗഡ് സ്‌റ്റോറേജ് വാങ്ങാവുന്ന രീതിയിലാകും പ്രവർത്തനം.
ലാപ്‌ടോപ് കേടായാൽ പോലും വലിയ നഷ്ടം സംഭവിക്കുന്നില്ലെന്നത് ഈ പദ്ധതിയെ വിജയമായി മാറ്റിയേക്കാം. മുൻനിര ലാപ്ടോപ്പ് കമ്പനികൾ തന്നെയാകും റിലയൻസിന് വേണ്ടി ജിയോ ക്ലൗഡ് ലാപ്‌ടോപ്പ് ഉണ്ടാക്കുക.
വിപണിയിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദകരായ HP, Acer, Lenovo തുടങ്ങിയ കമ്പനികളുമായി റിലയൻസ് ക്ലൗഡ് ലാപ്‌ടോപ്പിന്റെ ചർച്ചകൾ നടത്തിവരുന്നുവെന്നാണ് സൂചനകൾ. കൂടാതെ ഈ പദ്ധതി ഒന്നിലധികം ഡാറ്റ, ക്‌ളൗഡ് സബ്സ്‌ക്രിപ്ഷനുകളും ഉപയോക്താക്കൾക്കു വാഗ്ദാനം ചെയ്‌തേക്കും.