ഒറ്റ നോട്ടത്തിൽ കണ്ടാൽ മുന്നിൽ ബെഞ്ചുള്ള വലിയൊരു അക്വേറിയം ആണെന്നേ തോന്നുകയുള്ളൂ. അടുത്തുചെന്ന് നോക്കിയാൽ മീനൊന്നുമില്ല മുഴുവൻ പച്ച ആൽഗ നിറഞ്ഞിരിക്കുന്നു. ഇതെന്ത് അക്വേറിയം എന്നല്ലേ, സംഗതി അക്വേറിയം അല്ല. ഇതാണ് ഒബേലിയ 2.1, ആൽഗ ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കുന്ന സംവിധാനം. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാന കൊണ്ടുവരുന്നത്.
ആൽഗമാന്റെ ഒബേലിയ
ആൽഗ മാൻ എന്നറിയപ്പെടുന്ന നജീബ് ബിൻ ഹനീഫിന്റെ സാറാ ബയോടെക്ക് ആണ് ഒബേലിയ ലോഞ്ച് ചെയ്തിരിക്കുന്നത്. കൊച്ചി സ്റ്റാർട്ടപ്പ് മിഷനിൽ നടന്ന ചടങ്ങിലാണ്, ഒബേലിയ ലോഞ്ച് ചെയ്തത്. കൊച്ചി മെട്രോയിലെ നാല് സ്റ്റേഷനുകളിൽ ഇവ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ആൽഗ ഉപയോഗിച്ച് കൃത്രിമമായി അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കുന്ന ഒബേലിയയുടെ പ്രോട്ടോടൈപ്പ് 3 ലക്ഷം രൂപയ്ക്കാണ് നിർമിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യത്യാനത്തിനെതിരെ ഉള്ള മികച്ച പ്രതിരോധം കൂടിയാണ് ഒബേലിയയെന്ന് നിർമാതാക്കൾ പറയുന്നു. ഒബേലിയയിൽ നിക്ഷേപിച്ചിരിക്കുന്ന ബ്ലൂ -ഗ്രീൻ ആൽഗകൾ രണ്ടാഴ്ചയോളം അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കും. രണ്ടാഴ്ചയ്ക്ക് ശേഷം ഇവയെ വെള്ളത്തിൽ നിന്ന് വേർത്തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ ബയോമാസ് ഉപയോഗിച്ച് കുക്കീസ് പോലുള്ള ഭക്ഷ്യോത്പന്നങ്ങളും വളവും മറ്റുമുണ്ടാക്കാനും സാധിക്കും. വർഷത്തിൽ 14,000 പാക്കറ്റ് കുക്കീസ് ഇത്തരത്തിൽ ഉത്പാദിപ്പിക്കാൻ സാധിക്കും.