വിപണിയിലേക്ക് വരാനിരിക്കുന്ന ആപ്പിൾ ഐഫോൺ 16-ന് വേണ്ടിയുള്ള ബാറ്ററികൾ ഇന്ത്യയിൽ നിർമിക്കും. ഇത് മുൻനിർത്തി  ആപ്പിളിന്റെ ഐഫോൺ ബാറ്ററി നിർമാതാവായ ജാപ്പനീസ് കമ്പനി  ടിഡികെ ഇന്ത്യയിൽ ഫാക്ടറി തുടങ്ങുന്നു. 6000–7000 കോടി രൂപയുടെ നിക്ഷേപം കമ്പനി ബാറ്ററി നിർമാണത്തിനായി ഇന്ത്യയിൽ നടത്തുമെന്നാണ് പ്രതീക്ഷ.  

ജപ്പാൻ ഇലക്ട്രോണിക്സ് കമ്പനിയായ TDK കോർപറേഷന്റെ ബാറ്ററി പ്ലാന്റ് വരുന്നത് ഹരിയാനയിൽ ആണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഹരിയാനയിലെ മനേസറിൽ 180 ഏക്കർ സ്ഥലത്താണ് ഫാക്ടറി. TDK-യുടെ പ്ലാന്റ് പരിസ്ഥിതി അനുമതിയുടെ ഘട്ടത്തിലാണ്. ഫാക്ടറി പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ 7000–8000 പേർക്ക് ജോലി ലഭിക്കുമെന്നും കരുതുന്നു.



ഐഫോണുകൾക്കു വേണ്ടി ലിഥിയം അയൺ ബാറ്ററികൾ നിർമിക്കുന്ന കമ്പനിയാണ് ടിഡികെ. ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്കായി TDK ഇന്ത്യയിൽ ബാറ്ററികൾ നിർമിക്കും. ആപ്പിളിനായി ബാറ്ററി അസംബിൾ ചെയ്യുന്ന സൺ‌വോഡ ഇലക്ട്രോണിക്സിനാണ് ടിഡികെ ബാറ്ററി സപ്ലൈ ചെയ്യുന്നത്.

നിലവിൽ സൺ‌വോഡ സെല്ലുകൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചൈനീസ് ബാറ്ററി കമ്പനിയായ അംപെരെക്സ് ടെക്നോളജി ലിമിറ്റഡിനെ (AYL) 2005ൽ ഏറ്റെടുത്തതോടെയാണ് മൊബൈൽ ബാറ്ററി നിർമാണ രംഗത്ത് ടിഡികെ കുതിപ്പ് തുടങ്ങിയത്.


 ചൈനയിൽ നിന്നുള്ള ഡെസെ ഉൾപ്പെടെയുള്ള ബാറ്ററി നിർമ്മാതാക്കളെ ഇന്ത്യയിൽ പുതിയ ഫാക്ടറികൾ സ്ഥാപിക്കാൻ സാംസങ് അടക്കം മൊബൈൽ നിർമാണ കമ്പനികൾ ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ, ആപ്പിളിന്റെ തായ്‌വാനീസ് ബാറ്ററി വിതരണക്കാരായ സിംപ്ലോ ടെക്‌നോളജി, ഭാവിയിലെ ഓർഡറുകൾ നിറവേറ്റുന്നതിനായി ഇന്ത്യയിൽ ഉൽപ്പാദന ശേഷി വിപുലീകരിക്കാൻ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.


 
ഇന്ത്യയിലെ പ്രാദേശിക കരാറുകാർ വഴി മൊബൈൽ ഫോൺ അനുബന്ധ ഘടകങ്ങളുടെ  നിർമ്മാണം വർദ്ധിപ്പിക്കുന്നതിന് ആപ്പിൾ സജീവമായി രംഗത്തുണ്ട്.  


ആപ്പിൾ ഇന്ത്യയിൽ അതിന്റെ ഉൽപ്പാദന ശേഷി അഞ്ചിരട്ടിയിലധികം വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ മൂല്യം ഏകദേശം 40 ബില്യൺ ഡോളർ (ഏകദേശം 3.32 ലക്ഷം കോടി രൂപ) വരെയെത്തും. അടുത്ത 4-5 വർഷത്തിനുള്ളിൽ ഈ വിപുലീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version