മെയ്ക് ഇൻ ഇന്ത്യ പദ്ധതി മുൻനിർത്തി ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ടെസ്ലയുടെ വിദേശ നിർമിത ഇലക്ട്രിക് കാർ ഇന്ത്യയിൽ എത്തുന്നതിനുള്ള തടസ്സങ്ങൾ തുടരുകയാണ് .

വിദേശ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രാദേശിക മൂല്യവര്‍ദ്ധിത ചിലവുകളില്‍ ഇളവ് നല്‍കാനോ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാനോ  ഇപ്പോള്‍ പദ്ധതിയില്ലെന്ന് ബുധനാഴ്ച കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് പാർലമെന്റിനെ രേഖാമൂലം അറിയിച്ചിരുന്നു.

സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇലക്ട്രിക് വാഹന രംഗത്ത് ആഭ്യന്തര, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്‍ലയുടെ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനിയും വൈകുമെന്നാണ് സൂചന.  

ഇന്ത്യയിൽ കാർ, ബാറ്ററി നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ടെസ്‌ലയുടെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്തു വരികയാണ്. ടെസ്‌ല അതിന്റെ സപ്ലൈ ചെയിൻ ഇക്കോസിസ്റ്റം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ താൽപ്പര്യം പ്രകടിപ്പിച്ചു.

കഴിഞ്ഞ മാസം കാലിഫോര്‍ണിയയിലെ ടെസ്‍ല പ്ലാന്റ് സന്ദര്‍ശിച്ച കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, ഇന്ത്യയില്‍ നിന്ന് ടെസ്‍ല വാങ്ങുന്ന ഓട്ടോ മൊബൈല്‍ ഭാഗങ്ങളുടെ മൂല്യം 190 കോടി ഡോളറില്‍ നിന്ന് ഇരട്ടിയാകുമെന്ന് ഉറപ്പു ലഭിച്ചതായി അറിയിച്ചിരുന്നു.

40,000 ഡോളറിൽ താഴെ വിലയുള്ള പൂർണ്ണമായി അസംബിൾ ചെയ്തു ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകൾക്ക് 40% ഇറക്കുമതി തീരുവയും അതിനു മുകളിലുള്ളവയ്ക്ക് 100% വും നേരത്തെ ടെസ്‌ല ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ കസ്റ്റംസ് നിയമത്തിൽ പ്രാദേശിക നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇംപോർട്ടഡ് വാഹനങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്നു. തങ്ങളുടെ കാറുകളെ ആഡംബര കാറുകളല്ല, ഇലക്ട്രിക് വാഹനങ്ങളായി കണക്കാക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.

പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് 2021ല്‍ 310 കോടി ഡോളറിന്റെ സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മിക്കുന്ന കമ്പനികള്‍ക്കായി 200 കോടി ഡോളറിന്റെ സഹായ പദ്ധതിയും അവതരിപ്പിച്ചിരുന്നു .അതേസമയം അടുത്ത ഘട്ടത്തില്‍ ഇന്ത്യയില്‍ വാഹന നിര്‍മാണം കൂടി ആരംഭിക്കുമെന്ന് ഉറപ്പുനല്‍കിയാല്‍ വിദേശ കമ്പനികള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവുകളോടെ ഇലക്ട്രിക് വാഹനങ്ങള്‍ വിദേശത്തു നിന്ന് എത്തിച്ച് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതി നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അത്തരമൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് വിദേശ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

ഇതോടെ ടെസ്‍ലയുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിവന്ന ചര്‍ച്ചകള്‍ ഉടന്‍ ഫലം കാണില്ലെന്നാണ് വാഹന രംഗത്തുള്ളവരുടെ വിലയിരുത്തല്‍. നേരത്തെ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ടെസ്‍ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു വര്‍ഷത്തോളം നിലച്ച മട്ടിലായിരുന്നു.


അടുത്ത വര്‍ഷത്തോടെ വിദേശ നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനും ഒപ്പം രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ബാറ്ററി നിർമാണ ഫാക്ടറി സ്ഥാപിക്കാനുമുള്ള കരാറില്‍ ഇന്ത്യന്‍ സര്‍ക്കാറും ടെസ്‍ലയും ഉടന്‍ എത്തിച്ചേരുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version