ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഐടി മേഖലയ്ക്കെതിരെ നടപടിക്ക് മുതിർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഐടി കമ്പനികൾ ഇന്ത്യൻ കമ്പനികൾക്കുള്ള ഔട്ട്സോഴ്സിങ് നിർത്തലാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

തീരുമാനം നിലവിൽ വന്നാൽ ഇന്ത്യൻ ഐടി മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടായേക്കും. ഔട്ട്‌സോഴ്‌സിങ് നടത്തുന്നത് അമേരിക്കൻ ജീവനക്കാരുടെ വേതന-തൊഴിൽ അടിച്ചമർത്തലിന് കാരണമാകുന്നതായി നേരത്തെ വൈറ്റ് ഹൗസ് പ്രതിനിധി നിരീക്ഷിച്ചിരുന്നു. ഔട്ട്‌സോഴ്‌സിങ്ങിന് തീരുവ ഏർപ്പെടുത്തണം എന്നടക്കമുള്ള നിർദേശങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. അതേസമയം, ഔട്ട്സോഴ്സിങ് നിർത്തലാക്കുന്നത് പോലുള്ള നടപടികൾ യുഎസ്സിനു തന്നെ തിരിച്ചടിയാകും എന്നും ചില നിരീക്ഷകർ പറയുന്നു.