നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രിൻസ് മാമനെന്ന 29കാരൻ സംരംഭകൻ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ തയാറെടുക്കുന്ന കുഞ്ഞൻ റോബോട്ട് ‘ഗാഡ്രോ’ നമ്മുടെ കൃഷിയിടത്തിലെ കളകളൊക്കെ നല്ല സുന്ദരമായി പറിച്ചു നീക്കും. കുട്ടികളുടെ റിമോട്ട് കാർ പോലെ അനായാസമാണിതിന്റെ പ്രവർത്തനം.

കള പറിക്കാനെത്തുന്ന റോബോട്ടിന്റെ കുഞ്ഞൻ കാമറകൾ കൃഷിയിടത്തിലെ പച്ചക്കറി, പൂച്ചെടികൾ ഏതെന്നു കണ്ടെത്തി വഴിമാറി കളകളുടെ അടുത്തേക്ക് പോകും. ഒരിക്കൽ സെറ്റ് ചെയ്താൽ എ ഐ കഴിവുപയോഗിച്ചു ഓട്ടോമാറ്റിക്കായി കള പറിക്കാനുള്ള കഴിവുണ്ട് ഗാഡ്രോക്ക്.

യൂട്യൂബിന്റേയും, ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ അടിമകളാകുന്ന സ്കൂൾ കുട്ടികൾക്ക് കൃഷിയും, കളപറിക്കലും, ഗാർഡനിംഗും എങ്ങിനെ ഒരു ഹോബിയാക്കാം എന്ന സന്ദേശമാണ് പ്രിൻസ് മാമന്റെ കുഞ്ഞൻ ഗാഡ്രോയിലുടെ യാഥാർഥ്യമാകുക.

കുഞ്ഞൻ ഗാഡ്രോയുടെ കൂടുതൽ കള പറിക്കുന്ന വമ്പൻ ഹെവി ഡ്യൂട്ടി റോബോട്ട് പിന്നാലെ വിപണിയിലേക്ക്‌ വരുന്നുണ്ട്. രാജ്യത്തിനകത്തും, വിദേശത്തു നിന്നും അതിനു ആവശ്യക്കാരുമുണ്ട്.

മെക്കാട്രോണിക്സ് എൻജിനിയറായ കൊല്ലം ഇടമൺ സ്വദേശി പ്രിൻസ് മാമൻ ഫ്രീമാൻ റോബോട്ടിക്സ് എന്ന തന്റെ കവടിയാർ ആസ്ഥാനമായ സംരംഭത്തിലൂടെയാണ് ‘ഗാഡ്രോ’ എന്ന കുഞ്ഞൻ റോബോട്ട് വികസിപ്പിച്ചത്. ഇതിനായുള്ള ആൻഡ്രോയിഡ് ആപ്പും വികസിപ്പിച്ചു.

ഇപ്പോൾ പ്രിൻസ് നിർമിച്ചിരിക്കുന്ന കുഞ്ഞൻ ഗാഡ്രോക്ക് ഭാരം 400 ഗ്രാം മാത്രം. കാഴ്ചയിൽ ഒരു ടോയ് കാറു പോലിരിക്കും ഗാഡ്രോ. റിമോട്ട് കണ്ട്രോൾ, ഫുള്ളി ഓട്ടോമാറ്റിക് ഇനങ്ങളുണ്ട്.

പ്രധാനമായും 8 -10 വയസ്സുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഗാഡ്രോ നിർമിച്ചിരിക്കുന്നത്. ഗാർഡനിങ്ങിലും, കൃഷിയിലുമുള്ള കുട്ടികളുടെ താല്പര്യം വർധിപ്പിക്കാൻ അവർക്കു തന്നെ ഗാർഡൻ സെറ്റ് ചെയ്‌യാം, എന്നിട്ടു ഗാഡ്രോ ഉപയോഗിച്ച് തങ്ങളുടെ കുഞ്ഞു തോട്ടത്തിലെ കളകൾ പറിച്ചു മാറ്റം. അങ്ങനെ കൃഷി എന്തെന്ന് അനുഭവിച്ചറിയാം. സ്കൂളുകളിലെ പച്ചക്കറിത്തോട്ടങ്ങൾക്കും അനുയോജ്യമാണിത്.

ആൻഡ്രോയിഡ്ഫോണിലെ ഗാഡ്രോ ആപ്പിലൂടെ റോബോയെ നിയന്ത്രിക്കാം. കാഴ്ചയിൽ  ടോയ് കാർ വലിപ്പമുള്ള ഗാഡ്രോയുടെ മുന്നിലും പിന്നിലുമായി മൂന്ന് വീലുകൾ ഉണ്ട്. ഫോണും റോബോയുമായി വൈഫൈയിലൂടെ ബന്ധിപ്പിക്കാം. റോബോയുടെ മുന്നിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറയിലൂടെ ഫോണിൽ കൃഷിയിടം കാണാനാവും. ആപ്പിലെ ഐക്കണുകളിൽ അമർത്തി ഗാഡ്രോയെ ചലിപ്പിക്കാം. കളയുള്ള ഭാഗത്ത് യന്ത്രത്തെ നിറുത്തി ‘കട്ട്” എന്ന ഐക്കണിൽ ഞെക്കണം. ഇതോടെ മുൻവശത്ത് വീലിനു മുകളിലായി ഘടിപ്പിച്ചുള്ള ബ്ലെയ്ഡ് താഴേക്കിറങ്ങും. 10 സെന്റിമീറ്റർ വരെ വലിപ്പമുള്ള കള പിഴുതെടുക്കും. കൂടുതൽ വലിപ്പമുള്ളവ അരിഞ്ഞുമാറ്റും. വീട്ടിലെ പച്ചക്കറിത്തോട്ടത്തിലും ഇടത്തരം കൃഷിയിടങ്ങളിലും ഉപയോഗിക്കാം.

ഓട്ടോമാറ്റിക് ഗാഡ്‌റോയിലെ കാമറ കണ്ണുകൾ തിരഞ്ഞു പിടിക്കും തോട്ടത്തിലെ പച്ചക്കറി ചെടികളുടെ സ്ഥാനം. എന്നിട്ടവയെ ഉപദ്രവിക്കാതെ വഴിമാറി കളകളുള്ളയിടം തിരഞ്ഞു പോകും. ഒരിക്കൽ തോട്ടത്തിന്റെ നീളവും, വീതിയും ആൻഡ്രോയിഡ് സോഫ്ട്‍വെയറിൽ സെറ്റ് ചെയ്താൽ പിന്നെ ഓട്ടോമാറ്റിക് ആയി എ ഐ സഹായത്തോടെ താനേ കള പറിച്ചുകൊള്ളും ഗാഡ്രോ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന യന്ത്രം ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഒന്നര മണിക്കൂർ പ്രവർത്തിക്കും.



ഇത് കുട്ടികൾക്കുള്ള ഗാഡ്രോ. വിവിധ വൻകിട കൃഷിത്തോട്ടങ്ങൾക്കും, നഴ്സറികൾക്കും വേണ്ടി പ്രിൻസ് മാമൻ ഗാഡ്രോയുടെ വലിയ പതിപ്പ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാരം 8-9 കിലോ വരും. കൂടുതൽ കരുത്തോടെ, കൂടുതൽ ഏരിയയിൽ കള പറിച്ചു നീക്കാനാകും.  

UAE യിലെ ഒരു വൻകിട നഴ്സറിത്തോട്ടത്തിൽ നിന്നും വലിയ ഇനം ഗാഡ്രോയുടെ ഓർഡറുകൾ ലഭിച്ചു കഴിഞ്ഞു. ഹരിയാനയിലെ ഒരു സീഡ്-ഫാമിങ് സ്ഥാപനവും ഗാഡ്രോയ്‌ക്കായി സമീപിച്ചിട്ടുണ്ട്. ഉത്പന്നം പ്രവർത്തിപ്പിച്ചു കണ്ട ആവശ്യക്കാർ സമീപിക്കുന്നുണ്ടെന്ന് പ്രിൻസ് മാമൻ പറയുന്നു. കുട്ടിക്കാലത്ത് കൊല്ലം പുനലൂരിൽ  അച്ഛനൊപ്പം കൃഷിചെയ്ത ഓർമ്മയാണ് റോബോട്ടിക്സ് കമ്പനിയിൽ പ്രവർത്തിച്ചിരുന്ന പ്രിൻസ് മാമനെ ഈ സംരംഭത്തിന് പ്രേരിപ്പിച്ചത്.

“യു.കെയിലെ സഹോദരൻ ലിൻസ് നൽകിയ അഞ്ചുലക്ഷമായിരുന്നു മൂലധനം. ആദ്യം നിർമ്മിച്ചത് പരാജയപ്പെട്ടു. നിരാശനായി പിന്മാറാതെ വീണ്ടും ജൂണിൽ റോബോ നിർമ്മിച്ച് സ്വന്തം വീട്ടിലെ പച്ചക്കറിത്തോട്ടത്തിലെ കളപറിച്ചു. അങ്ങനെ ഗാഡ്രോ വിജയകരമായി കള പറിച്ചു തുടങ്ങി. ഇപ്പോൾ തനിക്കൊപ്പം നാലു ജീവനക്കാരുണ്ട്. ഫെബ്രുവരിയിൽ ഗാഡ്രോ റോബോട്ട് വിപണിയിലെത്തിക്കും “

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version