ഏതൊരു സംരംഭവും തുടങ്ങാന്‍ ആവശ്യമാണ് മൂലധനം. ആ സംരംഭം മുന്നോട്ടു പോകണമെങ്കിലും സാമ്പത്തികം കൂടിയേ തീരൂ. സ്ഥാപനം വിപുലീകരിക്കുമ്പോള്‍, കമ്പനികള്‍ പുതിയ പ്രോജക്ടുകളോ സംരംഭങ്ങളോ ബ്രാഞ്ചുകളോ തുടങ്ങാന്‍ ആവശ്യമായ തുക ചിലപ്പോള്‍ വേറെ കണ്ടെത്തേണ്ടി വരും. വായ്പ ലഭിക്കാന്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ കുറച്ച് കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ലോണിന് വേണ്ടി അധികം അലയേണ്ടി വരില്ല. നല്ലൊരു പ്രോജക്ട് റിപ്പോര്‍ട്ട് കൈയിലുണ്ടെങ്കില്‍ ധൈര്യമായി ലോണിന് അപേക്ഷിക്കാം.  


പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ലളിതം തന്നെയാണ് സുന്ദരം. എന്നുകരുതി അത്യാവശ്യ കാര്യങ്ങള്‍ ഒഴിവാക്കുകയും അരുത്. പക്ഷേ, പലര്‍ക്കും ഈ അത്യാവശ്യ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് സംശയമുണ്ടാകും. സഹായത്തിന് സാമ്പത്തിക വിദഗ്ധന്റെയോ, ക്വാളിഫൈഡായ ഒരു സിഎയോ സമീപിക്കുന്നതില്‍ തെറ്റില്ല.

തുടക്കം നന്നാവണം
എക്‌സിക്യൂട്ടീവ് സമ്മറി (Executive Summary): ഒരു പ്രോജക്ട് റിപ്പോര്‍ട്ട് നന്നാകാന്‍ എന്തെല്ലാം ശ്രദ്ധിക്കണം? തുടക്കം തന്നെ ശ്രദ്ധിക്കണം. എന്ത് സംരംഭമാണ് ചെയ്യുന്നതെന്ന് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ നിന്നേ മനസിലാകണം. സംരംഭത്തിന്റെ ആരംഭകാലം മുതലുള്ള കാര്യങ്ങള്‍ ആമുഖത്തില്‍ ആവശ്യമില്ല. പ്രോജക്ട് കൊണ്ട് എന്തു ലക്ഷ്യം വെക്കുന്നു, പ്രതീക്ഷിക്കുന്ന ഔട്ട് കം എന്നിവ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് സമ്മറി തയ്യാറാക്കാം. പ്രോജക്ട് കോസ്റ്റും സാമ്പത്തിക സ്രോതസും വ്യക്തമായിരിക്കണം. മൂലധന നിക്ഷേപം (capital investment), വര്‍ക്കിങ് കാപ്പിറ്റല്‍ (working capital), പ്രോജക്ടിനാവശ്യമായ മൊത്ത തുക (total project cost), ഓഹരി (equity), ബാങ്ക് ലോണ്‍ എന്നിവ കോളം തിരിച്ച് ചേര്‍ക്കാം. ഇതുവരെ സംരംഭത്തില്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നത് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിങ്ങളില്‍ താത്പര്യമുയര്‍ത്താന്‍ സഹായിക്കും. തുടക്കത്തിലേ കാര്യങ്ങളില്‍ വ്യക്തതയില്ലെങ്കില്‍ നിങ്ങളുടെ ആപ്ലിക്കേഷന്‍ ഒഴിവാക്കാനുള്ള സാധ്യത തള്ളിക്കളയണ്ട.  

പ്രോജക്ടിന്റെ വിവരണം (Project Discription):  പ്രോജക്ടിനെ കുറിച്ചുള്ള വിശദമായ വിവരണം, സാധ്യതകള്‍, അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, പ്രതീക്ഷിക്കുന്ന ഫലം എന്നിവയെല്ലാം ചേര്‍ക്കണം.
പ്രോഡക്ടിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ (Basic Details) പ്രത്യേക കോളമായി വേര്‍ത്തിരിച്ച് നല്‍കാം. അസംസ്‌കൃത വസ്തുക്കള്‍, അവയുടെ മാര്‍ക്കറ്റ് വില, ഉത്പന്നം, അതിന്റെ മാര്‍ക്കറ്റ് വില എന്നിവ വിട്ടുപോകരുത്.
പ്രൊഡക്ട് പ്ലാന്‍: ബജറ്റ്, കാഷ് ഫ്‌ലോ (cash flow), സമയപരിധി എന്നിവയെല്ലാം ഉള്‍പ്പെടുത്തി പ്രോജക്ടിനെ കുറിച്ച് പ്രൊഡക്ട് പ്ലാനില്‍ വിശദമാക്കാം. കാഷ് ഫ്‌ലോ സ്‌റ്റേറ്റ്‌മെന്റില്‍ ഫണ്ടിന്റെ സ്രോതസ്, ബാങ്ക് ലോണ്‍, ഓഹരി, വിലയിടിവ് എന്നിവയുടെ കണക്കുകള്‍ വര്‍ഷാടിസ്ഥാനത്തില്‍ നല്‍കുന്നതായിരിക്കും നല്ലത്. പ്രാരംഭ ചെലവ്, ഇഎംഐ, ഡ്രോയിങ് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ചേര്‍ത്ത് ഫണ്ടിന്റെ ഡിസ്‌പോസിഷനെ കുറിച്ച് പറയാം.

മാര്‍ക്കറ്റ് അനാലിസിസ്: ബിസിനസ് മേഖലയിലെ മത്സരം മനസിലാക്കുന്നതും ചെയ്യാന്‍ പോകുന്ന പ്രോജക്ടിനെ കുറിച്ച് പഠനം നടത്തുന്നതും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഉപകരിക്കും. മനസിലാക്കിയത് കൊണ്ട് മാത്രം കാര്യമായില്ല, പ്രോജക്ട് റിപ്പോര്‍ട്ടില്‍ മാര്‍ക്കറ്റ് അനാലിസിസ് ചേര്‍ക്കുകയും വേണം. ടാര്‍ഗറ്റ് മാര്‍ക്കറ്റ്, മത്സരം, മേഖലയിലെ പ്രവണത എന്നിവ റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്യാം. പരസ്യത്തിലൂടെ ഉത്പന്നം മാര്‍ക്കറ്റു ചെയ്യുന്നുണ്ടെങ്കില്‍ അവ ഏതെല്ലാം പ്ലാറ്റ് ഫോമുകളിലൂടെയാണെന്നും ബജറ്റും സൂചിപ്പിക്കാം.

മാനേജ്‌മെന്റ് ടീം: കമ്പനിയുടെ മാനേജ്‌മെന്റ് ടീമിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒഴിവാക്കരുത്. അവര്‍ എങ്ങനെ പ്രോജക്ടിന്റെ ഭാഗമാകുന്നു, യോഗ്യത എന്നിവയും ഉള്‍പ്പെടുത്തണം.
സംരംഭത്തിന്റെ ഡയറക്ടര്‍മാര്‍, നിക്ഷേപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ബിസിനസിലോ സ്റ്റാര്‍ട്ടപ്പിലോ മുന്‍പരിചയമുണ്ടെങ്കില്‍ വായ്പയ്ക്ക് നിങ്ങളെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പുതിയൊരു ഉത്പന്നമാണ് നിങ്ങള്‍ നിര്‍മിക്കുന്നതെങ്കില്‍ ജീവനക്കാരുടെയും ഡയറക്ടര്‍മാരുടെയും വിവരങ്ങള്‍ നല്‍കുന്നത് സംരംഭകത്വത്തിന്റെ ആധികാരികത കൂട്ടും.

പ്രമോട്ടറെയും ചേര്‍ക്കാം
ഒരു വ്യവസായ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകുന്നവരാണ് പ്രമോട്ടര്‍മാര്‍. പ്രോമോട്ടര്‍ ഒരു വ്യക്തിയോ ഒരുക്കൂട്ടം ആളുകളോ ഒരു കമ്പനിയോ എന്തുമാകാം. എന്റട്രപ്രണര്‍ഷിപ്പിലോ ബിസിനസ് മേഖലയിലോ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് നിങ്ങളുടെ പ്രമോട്ടറെങ്കില്‍ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ടെക്‌നിക്കല്‍ ഫീസിബിലിറ്റി (Technical Feasibility): യന്ത്രങ്ങളടങ്ങുന്ന ഫാക്ടറി ഉപകരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ടെക്‌നിക്കല്‍ ഫീസിബിലിറ്റിയില്‍ ചേര്‍ക്കാം. ട്രാന്‍സ്‌പോര്‍ട്ടേഷന്‍, നികുതി എന്നിവയുടെ തുകയും കൂടി കണക്കാക്കണം. യന്ത്രങ്ങളുടെ കാലയളവ് ചേര്‍ക്കുന്നത് അവ പ്രവര്‍ത്തന ക്ഷമമാണോയെന്ന് വിലയിരുത്താന്‍ സഹായിക്കും. യന്ത്രങ്ങളുടെ ഉത്പാദന ക്ഷമത അനുസരിച്ചായിരിക്കും അടുത്ത ഫൈനാന്‍ഷ്യല്‍ ഇന്‍ഡിക്കേഷന്‍ കണക്കാക്കുക. ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമാണ് നടത്തുന്നത് എങ്കില്‍ ബിസിനസിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണവും മറ്റും ഉള്‍പ്പെടുത്താം.

ഫിനാന്‍ഷ്യല്‍ പ്രൊജക്ഷന്‍ (Financial Projection): പ്രോജക്ടിന് എത്ര സാമ്പത്തികം ആവശ്യമാണെന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. ഇന്‍കം സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് ഷീറ്റ്, കാഷ് ഫ്‌ലോ സ്‌റ്റേറ്റ്‌മെന്റ് എന്നിവയെല്ലാം ഉള്‍പ്പെടണം.
വ്യത്യസ്ത പ്രോജക്ടുകള്‍ക്ക് മൂലധനം പലയിടങ്ങളില്‍ നിന്നായിരിക്കും കമ്പനികള്‍ കണ്ടെത്തുന്നത്. പ്രത്യേകിച്ച് സ്ഥാപനത്തിന്റെ തുടക്ക കാലത്ത്. ഇക്വിറ്റി ഫിനാന്‍സിങ് (equity financing), ഏയ്ഞ്ചല്‍ നിക്ഷേകര്‍ (angel investor), വെന്‍ച്വര്‍ കാപ്പിറ്റിലിസ്റ്റ് (venture capitalist) എന്നിവരെയെല്ലാം മൂലധനത്തിന് സമീപിക്കുന്നവരുണ്ടാകും. കമ്പനിയുടെ ഓഹരിയിലൊരു പങ്ക് നിക്ഷേപകര്‍ക്ക് നല്‍കിയവരുമുണ്ടാകും. ഇത്തരം കാര്യങ്ങള്‍ മറച്ചുവെച്ചാല്‍ പിന്നീട് സംരംഭത്തിന് തന്നെ ദോഷം ചെയ്യും.


വലിയ സ്ഥാപനങ്ങള്‍ പ്രോജക്ടുകള്‍ക്ക് പണം കണ്ടെത്താന്‍ എസ്എംഇ (സ്മാള്‍ ആന്‍ഡ് മീഡിയം സൈസ്ഡ് എന്റര്‍പ്രൈസ്) വായ്പകള്‍ക്ക് അപേക്ഷിക്കാറുണ്ട്. അത്തരം സ്ഥാപനങ്ങള്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്പെക്ഷന് തയ്യാറായിരിക്കണം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version