ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1,400 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കാൻ കർണാടക സർക്കാർ. പുതിയ ബസുകൾ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് ആണ് ബസുകൾ ലഭിക്കുന്നത്.
അടുത്ത വർഷം ഏപ്രിലോടെ ഇ-ബസുകൾ നിരത്തിലിറക്കി തുടങ്ങും. വിധാന സൗധയിൽ 100 ഇലക്ട്രിക് നോൺ എസി- ഇലക്ട്രിക് ബസുകൾ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രാബല്യത്തിൽ വന്നതിന് ശേഷം 40 ലക്ഷം പേരാണ് ഇ-ബസിൽ യാത്ര ചെയ്തത്. ഇത് പൊതുഗതാഗതത്തിൽ ഊർജം പകരുന്നുവെന്ന് സിദ്ദരാമയ്യ പറഞ്ഞു.
ബംഗളൂരുവിലെ പൊതുഗതാഗത സംവിധാനം വിപുലീകരിക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുമാണ് ഇ-ബസുകളെ സിറ്റിയിൽ അവതരിപ്പിക്കുന്നത്. പാനിക് ബട്ടണും, വീൽചെയർ കയറ്റാനുള്ള സംവിധാനവും സ്ഥലത്തിന്റെ പേര് പ്രദർശിപ്പിക്കാനുള്ള ഡിജിറ്റൽ ബോർഡ് തുടങ്ങിയ ബസിലുണ്ട്.
ടാറ്റാ മോട്ടോർസിന്റെ അനുബന്ധ കമ്പനിയായ ടിഎംഎൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊലൂഷൻ ലിമിറ്റഡിൽ നിന്ന് 921 ഇ-ബസുകൾ ബിഎംടിസി ലീസിനെടുക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 100 ബസുകളാണ് കൈമാറിയത്. ഒരു തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ ഓടാൻ ഈ ബസുകൾക്ക് സാധിക്കും. കിലോമീറ്ററിന് 41 രൂപയ്ക്കാണ് ഇ-ബസുകൾ ലീസിനെടുക്കുന്നത്. രാജ്യത്ത് തന്നെ ഇത്രയും കുറഞ്ഞ് നിരക്കിൽ ലീസിനെടുക്കുന്നത് ആദ്യമായിട്ടാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ ബസുകൾ ബംഗളൂരു സിറ്റിയിലെ 19 റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. 35 സീറ്റുകളുള്ള ബസുകൾക്ക് 834 ട്രിപ്പുണ്ടാകും.
മജ്സ്റ്റിക് ബസ് സ്റ്റാൻഡ്-കോറമംഗല, ബനശങ്കരി-ഹാരോഹള്ളി, ശിവാജി നഗർ-കാടുഗൊഡി, മജെസ്റ്റിക്ക് -സർജാപുര, ആനേക്കൽ, അത്തിബല്ല എന്നിങ്ങനെയാണ് ഇ-ബസിന്റെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.