ദേശീയ ഹൈവേയുടെ ഭാഗമായി ഇലക്ട്രിക് റോഡുകൾ പണിയാൻ കേന്ദ്ര സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ ഹൈവേയായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ടിലാണ് ഇലക്ട്രിക് റോഡ് പണിയാൻ പദ്ധതിയിടുന്നത്. ഇലക്ട്രിക് വാഹനങ്ങൾ റോഡിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ചാർജാകുമെന്നതാണ് പ്രത്യേകത. ഇന്ധന ഉപയോഗവും വാഹനങ്ങളുണ്ടാക്കുന്ന വായു മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 6,000 കിലോമീറ്റർ ഹൈവേയാണ് ഇലക്ട്രിക് റോഡാക്കാൻ പോകുന്നത്.
അടുത്ത 7 വർഷം കൊണ്ട് യാഥാർഥ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. രാജ്യം ഇ-ഗതാഗത സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ഹൈവേ പണിയുന്നത്. പൊതുഗതാഗതത്തിന് ഇ-ബസുകളുടെ ഉപയോഗം വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. ഹരിത ഊർജം ഉപയോഗിച്ചുള്ള ചാർജിംഗ് സംവിധാനമായിരിക്കും ഇ-ഹൈവേകളിൽ ഉപയോഗപ്പെടുത്തുക.
2030ൽ നടപ്പാക്കാനിരിക്കുന്ന പിഎം പബ്ലിക് ട്രാൻസ്പോർട്ട് സേവ പദ്ധതിയുടെ കീഴിലായിരിക്കും ഇ-റോഡ് നിർമിക്കുക.
ലോകത്ത് ആദ്യമായി ഇലക്ട്രിക് റോഡുകൾ നിർമിച്ചത് സ്വീഡനാണ്. ഇലക്ട്രിക് ട്രെയിനുകളിലേത് പോലെ മുകളിൽ സ്ഥാപിച്ച വൈദ്യുത ലൈനിൽ ബന്ധിപ്പിച്ചാണ് ഈ റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നത്.
ഇലക്ട്രിക് ഹൈവേകളുടെ വരവ് കൂടുതൽ ആളുകളെ ഇ-വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ട്. വ്യവസായിക, സാംസ്കാരിക, കാർഷിക മേഖലകളെ ബന്ധിപ്പിക്കുന്ന ഹൈവേ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റുന്നത് രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്താൻ സഹായിക്കും.
In a significant move towards sustainable transportation, the Indian government is strategizing the creation of electric vehicle-ready highways along the Golden Quadrilateral. The ambitious plan aims to cover 6,000 km of these eco-friendly routes over the next seven years, aligning with the Vision 2030: PM Public Transport Sewa initiative.