മലിനവെള്ളം ശുദ്ധിയാക്കാൻ നാനോപൊടി (nanopowder) വികസിപ്പിച്ച് കേരള സർവകലാശാല. വൈദ്യുതിയില്ലാതെ സൂര്യപ്രകാശം മാത്രം ഉപയോഗിച്ച് വെള്ളം ശുദ്ധിയാക്കുന്ന നാനോ പൊടിയാണ് കേരള സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്.
വെള്ളം ശുദ്ധീകരിക്കുമ്പോൾ പ്രകൃതിക്ക് ദോഷം ചെയ്യുന്ന ഉപോത്പന്നങ്ങളുണ്ടാകുന്നില്ല എന്നതാണ് നാനോപൊടി ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം. ഹരിത കെമിസ്ട്രി എന്ന രീതിയിലാണ് നാനോപൊടി വികസിപ്പിച്ചിരിക്കുന്നത്.
വെള്ളം വൃത്തിയാക്കാൻ നാനോപൗഡർ
വെള്ളം ശുദ്ധീകരിക്കുന്ന വേളയിൽ നാനോ പദാർഥങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിൽ അതിസൂക്ഷ്മ സുഷിരങ്ങളുടെ (nanopores) പങ്ക് അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
നാനോ പോറുകളുള്ള നാനോപൗഡറിന്റെ രൂപത്തിൽ സെമി കണ്ടക്ടറായ ഇൻഡിയം സൾഫൈഡ് മാറ്റുമ്പോൾ മികച്ച രീതിയിൽ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കും. 80 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപനിലയിലാണ് നാനോമെറ്റീരിയൽ നിർമിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. രാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പരിസ്ഥിതിക്ക് ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നില്ല എന്നുറപ്പിക്കാൻ ഇതുവഴി സാധിക്കും. മലിന ജലത്തിൽ നാനോ പൗഡർ ഉപയോഗിച്ചതിന് ശേഷം 2-3 മണിക്കൂർ വരെ സൂര്യപ്രകാശത്തിൽ വെക്കും. നാനോപൗഡർ ഉപയോഗിച്ച് സൾഫോർഹോഡാമൈൻ ബി എന്ന മാലിന്യം നിറഞ്ഞ വെള്ളം 94% ശുദ്ധീകരിക്കാൻ സാധിച്ചെന്ന് ഗവേഷകർ അവകാശപ്പെടുന്നു. വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്ന ഡൈ മൂലം മലിനമായി വെള്ളം 92% ശുദ്ധീകരിക്കാനും സാധിച്ചിട്ടുണ്ട്. നാനോപൗഡർ വലിച്ചെടുത്ത മാലിന്യം നീക്കി വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന സംവിധാനവും ഗവേഷകർ വികസിപ്പിച്ചിട്ടുണ്ട്.
ഗവേഷകരായ നിഷ ചന്ദ്രൻ, ഫിസിക്സ് വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ആർ ജയകൃഷ്ണൻ, ക്രിസ്ത്യൻ കോളജ് രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ റാണി അബ്രഹാം എന്നിവർ ചേർന്നാണ് നാനോ പൊടി വികസിപ്പിച്ചിരിക്കുന്നത്. സോൾ-ജെൽ സയൻസ് ആൻഡ് ടെക്നോളജി എന്ന ജേർണലിൽ ഗവേഷണ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.