ഫെബ്രുവരി 14 ലോകത്തിന് പ്രണയ ദിനമാണ്, സ്റ്റാർട്ടപ്പുകൾക്കോ? എന്റർപ്രണർമാരും സ്റ്റാർട്ടപ്പുകളും പ്രണയം ആഘോഷിക്കാറുണ്ട്, ചിലർക്ക് അതൊരു ബിസിനസ് അവസരം കൂടിയാണ് തുറക്കുന്നത്. ഫെബ്രുവരി തുടങ്ങിയാൽ പ്രണയം മാത്രമല്ല, അതിനെ ചുറ്റിപറ്റിയുള്ള എല്ലാം സ്റ്റാർട്ടപ്പുകൾക്ക് ആഘോഷമാണ്. പ്രണയം മൂലധനമാകുന്നത് എങ്ങനെയെന്ന് ഇവിടെ സ്റ്റാർട്ടപ്പുകൾ പറഞ്ഞു തരും.
ഈ റൊമാന്റിക് സീസണിൽ സ്റ്റാർട്ടപ്പുകളും റൊമാന്റിക് ആകുകയാണ്. നിങ്ങളുടെ പ്രണയത്തെ എങ്ങനെ കൂടുതൽ മനോഹരമാക്കാമെന്ന് ഈ സ്റ്റാർട്ടപ്പുകൾ പറഞ്ഞു തരും.
പതിവ് തെറ്റാതെ പ്രണയസമ്മാനം
വാലന്റൈൻസ് ദിനത്തിൽ ഒഴിച്ചു കൂടാൻ ആവാത്ത ഒന്നാണ് സമ്മാനങ്ങൾ. പ്രണയതാവിന് നൽകാൻ സമ്മാനങ്ങൾ കരുതാത്ത കമിതാക്കൾ ഇന്ന് കുറവാണ്. ഇവരെ മുന്നിൽ കണ്ട് ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകൾ നേരത്തെ തന്നെ ഓഫറുകളമായി മുന്നോട്ടു വന്നിരുന്നു. സെപ്റ്റോ (Zepto), ഫ്ലവർ ഓറോ (Flower Auro), ഓയി ഗിഫ്റ്റ് (Oye Gifts) തുടങ്ങി നിരവധി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ റൊമാന്റിക് സീസണിന്റെ ഭംഗി കൂട്ടാൻ നിരവധി ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കുന്നത്. മറ്റാർക്കും ഇല്ലാത്ത സമ്മാനമായിരിക്കണം കമിതാവിന് നൽകേണ്ടത്, അത് തിരിച്ചറിഞ്ഞാണ് കമ്പനികൾ കസ്റ്റമൈസ്ഡ് ഉത്പന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തിക്കുന്നത്. കമിതാക്കളുടെ ഫോട്ടോ പതിപ്പിച്ച ഗുൽബോണ്ടയുടെ ഹോനലോലോ അതിനൊരു ഉദാഹരണമാണ്.
റൊമാന്റിക്ക് ആകാൻ ഡിന്നറുകൾ
ഹൃദയത്തിലേക്കുള്ള വഴി വയറിൽ കൂടിയാണെന്ന് പറയുന്നത് തമാശയല്ല. ഈ പറഞ്ഞതിൽ കാര്യമുണ്ടെന്ന് റസ്റ്ററന്റുകളും ഫുഡ് ഡെലിവറി ആപ്പുകളും പറയും. കാൻഡിൽ ലൈറ്റ് ഡിന്നർ മാത്രമല്ല ഇപ്പോൾ ട്രെൻഡ്, വീട്ടിലേക്ക് ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നതും റൊമാന്റിക് ആണ്. വാലന്റൈൻസ് സീസൺ തുടങ്ങിയപ്പോൾ മുതൽ റസ്റ്ററന്റുകളിലും ഓൺലൈൻ ഡെലിവറികളിലും തിരക്ക് കൂടിയെന്ന് കണക്കുകൾ കാണിക്കുന്നു. സ്വിഗി ഇൻസ്റ്റാമാർട്ട്, റിബൽ ഫുഡ്, ഡെൻസോ, സെപ്റ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ നിരവധി ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.
മിംഗിളാകാൻ ആപ്പുകൾ
ഫെബ്രുവരി അടുത്തതോടെ തന്നെ ഡേറ്റിംഗ് ആപ്പുകളും മാച്ച് മേക്കിംഗ് പ്ലാറ്റ് ഫോമുകളും ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായാതായി കണക്കുകൾ കാണിക്കുന്നു. ടിൻഡർ, ബംബിൾ, ഹിഞ്ച്, ഓകെ കുപ്പിഡ്, കോഫീ മീറ്റ്സ് ബീഗൽ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകൾ കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞാണ് സേവനങ്ങൾ നൽകുന്നത്.
സ്റ്റാർട്ടപ്പ് ബ്ലൈൻഡ് ഡേറ്റ്
ഇന്നൊവേറ്റീവായ സീരിസുകളിലൂടെ നെറ്റ് വർക്കിംഗിന്റെ പ്രധാന്യം എടുത്തു കാട്ടുകയാണ് ഹെൽത്ത് ടെക് സ്റ്റാർട്ടപ്പായ മൈകെയർ (MyKare). സ്റ്റാർട്ടപ്പ് ബ്ലൈൻഡ് ഡെയ്റ്റിലൂടെ (Startup Blind Date) എൻട്രപ്രണർമാർക്ക് മുന്നിൽ നെറ്റ്വർക്കിംഗ് സാധ്യതകളാണ് തുറന്നു കൊടുക്കുന്നത്. പ്രൊഫഷണൽ നെറ്റ്വർക്കിംഗ്, ജോലിസ്ഥലത്തെ സൗഹൃദം, പിന്തുണ നൽകുന്ന അന്തരീക്ഷം തുടങ്ങിയവ മുൻനിർത്തി കൊണ്ടാണ് സ്റ്റാർട്ടപ്പ് ബ്ലൈൻഡ് ഡേറ്റ് സംഘടിപ്പിച്ചത്. തൊഴിലിടങ്ങളിൽ ബന്ധങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകതയും ഇവന്റ് ചൂണ്ടിക്കാട്ടുന്നു.