ഇന്ത്യൻ നഗരങ്ങളിലെ എയർ ട്രാഫിക്കിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഏറ്റവും പുതിയ സംരംഭമായ ഇലക്ട്രിക് എയർ കോപ്റ്ററുകളുമായി ആകാശത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. സുസുക്കിയുടെ സഹായത്തോടെയാണ് ഇലക്‌ട്രിക് കോംപാക്റ്റ് എയർ ടാക്‌സികൾ അവതരിപ്പിക്കാൻ മാരുതി പദ്ധതിയിടുന്നത്.
പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പേരെ വഹിക്കാന്‍ സാധിക്കുന്നതായിരിക്കും മാരുതിയുടെ എയര്‍ കോപ്റ്റര്‍. സ്‌കൈ ഡ്രൈവ് SkyDrive എന്ന പേരായിരിക്കും മാരുതി എയര്‍ കോപ്റ്ററിന് നല്‍കുകയെന്നും റിപ്പോര്‍ട്ടുണ്ട്. വലുപ്പത്തില്‍ ഡ്രോണിനേക്കാള്‍ വലുതായിരിക്കും. എന്നാല്‍ ഹെലികോപ്റ്ററിനേക്കാള്‍ ചെറുതുമായിരിക്കും.
എയര്‍ കോപ്റ്ററിന് 1.4 ടണ്‍ ഭാരമുണ്ടാകുമെന്നാണു കണക്കാക്കുന്നത്.
ഇന്ത്യൻ വിപണിയിലേക്ക് കടക്കുന്നതിന് മുമ്പ് ജപ്പാനിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും തുടക്കത്തിൽ എയര്‍ കോപ്റ്റര്‍ പറത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഊബർ, ഓല തുടങ്ങിയ ഗ്രൗണ്ട് അധിഷ്ഠിത റൈഡ് ഷെയർ സേവനങ്ങളുടെ മാതൃകയിൽ കോംപാക്റ്റ് എയർ ടാക്‌സികൾ നഗര ഗതാഗതത്തെ മാറ്റിമറിക്കാൻ സജ്ജമാണ്. പിനീട് മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പെടുത്തി ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് സുസുകി.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ വച്ചാണ് സുസുകി അധികൃതർ എയർ കോപ്ടറിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തു വിട്ടത്.
12 യൂണിറ്റ് മോട്ടോറുകളും റോട്ടറുകളും ഉൾക്കൊള്ളുന്ന SkyDrive-ൻ്റെ അരങ്ങേറ്റം 2025-ൽ ജപ്പാനിൽ നടക്കുന്ന ഒസാക്ക എക്‌സ്‌പോയിലായിരിക്കും. അതിനു ശേഷം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്ത്യയിൽ പങ്കാളിത്തം ഉണ്ടാക്കാൻ മാരുതി സുസുക്കി ഉദ്ദേശിക്കുന്നു.
പരമ്പരാഗത ഹെലികോപ്റ്ററുകളെ അപേക്ഷിച്ചു വിലയിലും മാരുതിയുടെ ടച്ച് ഉണ്ടാകും. ഹെലികോപ്റ്ററുകളുടെ പകുതിയോളം ടേക്ക് ഓഫ് ഭാരമുള്ള ഇലക്ട്രിക് എയർ കോപ്റ്ററുകൾക്ക് കെട്ടിടത്തിൻ്റെ മേൽക്കൂരകളെ ലോഞ്ച്, ലാൻഡിംഗ് പാഡുകളായി ഉപയോഗിക്കാനാകും.
തുടക്കത്തിൽ 15 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ത്രീ-പാസഞ്ചർ എയർ ടാക്‌സി 2029 ഓടെ അതിൻ്റെ റേഞ്ച് 40 കിലോമീറ്ററായി വർധിപ്പിക്കുമെന്നും സൂചനയുണ്ട്.
Maruti Suzuki’s initiative to introduce electric air taxis aims to revolutionize urban transportation in India, addressing traffic congestion and promoting eco-friendly mobility solutions.