കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം എന്നല്ല, ഭൂലോകവും കടന്ന് ആഗ്രഹിക്കുക, സ്വപ്നങ്ങൾ കാണുക, എന്ത് വില കൊടുത്തും ആ സ്വപ്നം യാഥാർഥ്യമാക്കുക. ഗുജറാത്തിൽ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച ഗുരുകാന്ത് ദേശായി വലിയ സ്വപ്നങ്ങൾ മാത്രം കാണാനിഷ്ടപ്പെടുന്ന യുവാവായിരുന്നു. തന്റെ വളർച്ചയ്ക്ക് ഗുജറാത്ത് മതിയാകില്ല എന്ന തിരിച്ചറിവിൽ തുർക്കിയിലേക്ക് കപ്പൽ കയറി. തുർക്കിയിൽ നല്ല വരുമാനം നൽകുന്ന വെള്ള കോളർ ജോലിയും അയാളെ തൃപ്തനാക്കിയില്ല.
ഏതോ ഒരു നിമിഷത്തിൽ രണ്ടും കൽപിച്ച് അയ്യാൾ തിരിച്ച് നാട്ടിലെത്തി. ഇനി എന്ത് വില കൊടുത്തും സ്വന്തം ബിസിനസ് തുടങ്ങണം. അങ്ങനെ ഗുരുകാന്ത് ദേശായി ഗുരുവായി, ബിസിനസുകളുടെ ഗുരു.
രാജ്യത്തെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളായ മണിരത്നം സംവിധാനം ചെയ്ത സിനിമ. റിലയൻസ് എന്ന സാമ്രാജ്യം കെട്ടിപ്പടുത്ത ധീരുഭായി അംബാനിയുടെ ജീവിതത്തിന്റെ വളർച്ചയും ഇടർച്ചയും വൻ കുതിപ്പുമാണ് ഗുരു എന്ന സിനിമ. അഭിഷേക് ബച്ചനും ഐശ്വര്യ റായും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗുരു റൊമാൻസും ഡ്രാമയും ക്യൂരിയോസിറ്റിയും കൊണ്ട് പ്രേക്ഷകരെ ആസ്വാദനത്തിൻെറ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകും. മാധവൻ, വിദ്യാബാലൻ, മല്ലികാ ഷെറാവത്ത് തുടങ്ങി വലിയ താര നിര അണിനിരന്ന ചിത്രം 2007ലെ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ഗുരുവിന്റെ സ്വകാര്യ ജീവിതത്തിനും ബിസിനസ് ജീവിതത്തിനും ഒപ്പം ക്യാമറ ചലിച്ചപ്പോൾ പ്രേക്ഷകർ ഗുരുവിനൊപ്പം ചലിച്ചു, ചിന്തിച്ചു. എആർ റഹ്മാന്റെ സംഗീതത്തിനൊത്ത് പ്രേക്ഷകരും നൃത്തം ചെയ്തു. വരണ്ട ഗുജറാത്തും മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച ആദ്യ കാലവും ഗുരുവിൻെറ ബിസിനസ് കാലഘങ്ങളിലെ മാറ്റം വ്യക്തമാക്കും. രാജീവ് മേനോൻ ഛായാഗ്രഹണവും എ ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിച്ചു.
എന്റർപ്രണർമാർ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഗുരു പറഞ്ഞ് തരും
1) സ്വപ്നങ്ങളിൽ വിശ്വസിക്കുക: എന്റർപ്രണർ എന്ന പാതയോട് എല്ലാ കാലത്തും ഗുരുവിന്റെ പിതാവ് മുഖം തിരിച്ചിരുന്നു, ഗുരുവിനെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും നോക്കി. എന്നാൽ ഇത്തരം എതിർപ്പുകൾ ഒന്നും ഗുരുവിനെ ബിസിനസ് സ്വപ്നങ്ങൾ കാണുന്നതിൽ നിന്നോ അതിന് വേണ്ടി പരിശ്രമിക്കുന്നതിൽ നിന്നോ പിന്തിരിപ്പിച്ചില്ല. കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ.
2) ആത്മവിശ്വാസം കരുത്താക്കുക: ഗുരുവിന്റെ സ്വപ്നങ്ങൾക്കൊപ്പം സ്വപ്നം കണ്ടവർ വളരെ ചുരുക്കമാണ്. കുടുംബവും സുഹൃത്തുക്കളും സമൂഹവും അയാളെ തിരിച്ചറിഞ്ഞില്ല. തന്നിലുള്ള വിശ്വാസം മാത്രമാണ് സിനിമയിലുടനീളം അയാളെ നയിക്കുന്നത്. കോൺട്രാക്ടറായ അർസാന് മുന്നിലും ഐഎഎസ് ഓഫീസർക്ക് മുന്നിലും തല ഉയർത്തി നിൽക്കാൻ അയാൾക്ക് കരുത്താകുന്നതും ഇതേ ആത്മവിശ്വാസം തന്നെ. ഗുരുവിൽ നിന്ന് ഗുരു ഭായിലേക്കുള്ള വളർച്ച ഈ ആത്മവിശ്വാസത്തിന്റെ പുറത്താണ്.
3) പരിശ്രമിക്കുക, വീണ്ടും പരിശ്രമിക്കുക: ലൈസൻസിന് വേണ്ടി കോൺട്രാക്ടറായ അർസാനെ സമീപിക്കേണ്ടി വരുന്നുണ്ട് ഗുരുവിന്. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല. നിരന്തരമായ നിരസിക്കലുകൾ. പക്ഷേ, അത്ര പെട്ടന്ന് പിന്തിരിയാൻ അയാൾ തയ്യാറായിരുന്നില്ല. ഒരു മാധ്യമ പ്രവർത്തകനെ സമീപിച്ച് അർസാന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് സൂചന നൽകുന്നു. ചോദിക്കൂ, എന്നാൽ ലഭിക്കും എന്നാണ് ഗുരുവിന്റെ ആദർശവാക്യം.
4) അവസരങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്: അവസരങ്ങൾക്ക് പിന്നാലെ പോകുക, കിട്ടുന്ന ഒരു അവസരവും നഷ്ടപെടുത്താതെ ഇരിക്കുക, ഊ കാര്യങ്ങളിൽ ഗുരു ഭായ് ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. ഗുരുവിന്റെ പല ആശയങ്ങളും കാലങ്ങൾക്കും മുമ്പേ സഞ്ചരിച്ചു. കൃത്യമായി മാർക്കറ്റ് പഠിച്ചിട്ടാണ് ഗുരു ഭായ് ഭാവി പദ്ധതികൾ തയ്യാറാക്കിയത്.
5) നിങ്ങളിൽ വിശ്വസിക്കുക: കഴിവില്ല, പണമില്ല തുടങ്ങി നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടി, നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പലരുമുണ്ടാകും. ഇതിൽ മനസ് മടുത്ത് പോകരുതെന്ന പാഠം കൂടിയാണ് ഗുരു മുന്നോട്ടു വെക്കുന്നത്. വിജയിക്കണമെങ്കിൽ പരാജയത്തിൽ നിന്ന് പഠിച്ചേ പറ്റുകയുള്ളൂവെന്ന് ഗുരു പറഞ്ഞുതരും. തുർക്കിയിലെ അയാളുടെ സീനിയർ എന്റർപ്രണർ സ്വപ്നങ്ങളെ തള്ളി കളയുന്നുണ്ട്, ബിസിനസ് തുടങ്ങാൻ ഗുരുവിന് ലൈൻസ് ലഭിക്കുമോയെന്ന കാര്യത്തിൽ മധുരദാസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഗുരുവിന് മതിയായ കഴിവില്ല എന്നായിരുന്നു കോൺട്രാക്ടർ പറഞ്ഞത്. ഇതെല്ലാം മറികടന്ന് ഗുരു അവസാനം വിജയം കണ്ടെത്തി.
Explore valuable lessons for aspiring entrepreneurs from the iconic movie “Guru,” starring Abhishek Bachchan as Gurukant Desai, offering insights on belief in dreams, self-confidence, perseverance, seizing opportunities, and unwavering self-belief.