വിവര ചോർച്ച പൂർണമായും തടഞ്ഞുകൊണ്ടുള്ള സ്വന്തം AI പ്രോസസർ കൈരളി വികസിപ്പിച്ചെടുത്തു ഡിജിറ്റൽ സർവകലാശാലയുടെ എ ഐ സെന്റർ. കൈരളി എ, കൈരളി ബി എന്നീ പ്രൊസസ്സറുകളുടെ ബൗദ്ധിക സ്വത്തവകാശവും ഡിജിറ്റൽ സർവകലാശാലക്കും, പ്രോസസർ കണ്ടു പിടിച്ച സർവകലാശാലയുടെ അക്കാഡമിക് ഡീൻ ഡോ.അലക്സ് ജെയിംസിനുമാണ്. മസ്തിഷ്ക പ്രചോദിത സംവിധാനങ്ങൾ, ഇന്റലിജന്റ് സെമി കണ്ടക്ടർ ഉപകരണങ്ങൾ, ഇമേജിങ് സംവിധാനങ്ങൾ എന്നിവയിൽ പ്രോസസ്സർ പ്രവർത്തിപ്പിക്കാം.
ഒരു സെന്റിമീറ്റർ നീളവും ഒരു സെന്റിമീറ്റർ വീതിയും വരുന്നതാണ് പ്രൊസസർ . നിരവധി ആപ്ലിക്കേഷനുകളിൽ പരീക്ഷിച്ച ശേഷം മാറ്റങ്ങൾ വരുത്തിയാകും ഇത് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുക. ഇന്ത്യയിൽ ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കാൻ നാലു കോടി രൂപ വരെ ചെലവ് വരും. ഉല്പാദനത്തിനായുള്ള ഫാബ്രിക്കേഷൻ സംവിധാനം യാഥാർഥ്യമായാൽ വളരെ കുറഞ്ഞ ചിലവിൽ 20 ലക്ഷം പ്രോസസ്സർ വരെ ഉത്പാദിപ്പിക്കാനാകും.
നൂറിലധികം ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകിയ കൊച്ചിയിലെ മേക്കർ വില്ലേജിന്റെ പ്രൊഫസർ ഇൻചാർജ് കൂടിയാണ് അലക്സ് ജെയിംസ്.
സർവകലാശാലയിലെ എഐ സെന്റർ സ്വന്തം നിലയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘കൈരളി ‘ എ ഐ പ്രോസസർ ചിപ്പിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ. ബിന്ദുവിന് ചിപ്പിന്റെ മാതൃക നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഇതോടൊപ്പം മന്ത്രി ആർ.ബിന്ദു റിമോർട്ട് ഉപയോഗിച്ച് പ്രവർത്തന ഉദ്ഘാടനവും നടത്തി. ഡിജിറ്റൽ സർവകലാശാലയുടെ നവീകരിച്ച കെട്ടിട സമുച്ചയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു.
അനുദിനം മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ വേറിട്ട ആശയങ്ങളിലൂടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സാമൂഹ്യ നന്മ വളർത്താൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ മൂല്യമുള്ള സാമൂഹിക വികസനത്തിന് പ്രാപ്തമാകുന്ന തരത്തിലാകണം വികസിപ്പിക്കേണ്ടതെന്നും, സേവന മേഖലകളിൽ എന്ന പോലെ ഡിജിറ്റൽ സാങ്കേതികവിദ്യ സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവരിലും എത്തിക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഇരുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികത ജോലികളായിരിക്കും ലോകത്തെ നിയന്ത്രിക്കുകയെന്നും വിദ്യാർത്ഥി സമൂഹത്തെ അതിനായി പ്രാപ്തരാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .
ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായ മന്ത്രി പി രാജീവ്, പട്ടികജാതി – പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ,ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ എന്നിവരും പങ്കെടുത്തു. ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് വേണ്ടി സർവകലാശാല നടത്തിയ ‘ എ ഐ ഫോർ ആൾ’ – കപ്പാസിറ്റി ബിൽഡിംഗ് പ്രോജക്ടുകളുടെ സംഗ്രഹ പ്രകാശനവും മന്ത്രി ആർ ബിന്ദു നിർവഹിച്ചു .