സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ പോസ്റ്റുകളും വീഡിയോകളും നിങ്ങൾ ഷെയർ ചെയ്യാറുണ്ടോ? സോഷ്യൽ മീഡിയയിൽ വാർത്ത എന്ന രീതിയിൽ   വരുന്ന കാര്യങ്ങൾ സുഹൃത്തുക്കളുടെയും മറ്റും ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കുക, സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാം സത്യമായിക്കൊള്ളണമെന്നില്ല. നിങ്ങൾ ഷെയർ ചെയ്യുന്നതിന് മുമ്പ് അതിന്റെ നിജസ്ഥിതി ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വ്യാജവാർത്തകൾ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള പശ്ചാത്തലത്തിൽ. ഒരു വാർത്ത സത്യമാണോ അല്ലയോ എന്നറിയാൻ ഒരല്പം സമയം ചെലവഴിച്ചാൽ മതിയാകും.



വ്യാജവാർത്തകൾക്കെതിരെയുള്ള അന്വേഷണം ആദ്യം എത്തുക നിജസ്ഥിതി എവിടെ അറിയാം എന്നതിലാണ്. അതായത് എന്താണ് ഫാക്റ്റ്? ശരി എന്താണ്? നമ്മുടെ രാജ്യം വൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന സമയം കൂടിയാണ് ഇത്. വ്യാജ വാർത്തകളും പ്രൊപ്പഗാന്റാ വാർത്തകളും സോഷ്യൽ മീഡിയയിൽ വന്നു വീഴുമ്പോൾ ഏതാണ് ശരി എന്ന് എങ്ങനെ അറിയാനാകും? തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗികം എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നുണ്ടെങ്കിൽ അതിന്റെ യാഥാർത്ഥ്യം തിരയാൻ ഏറ്റവും പറ്റിയ ഇടം ഏതാണ്? CHANNEL IAM FACT CHECK നിങ്ങൾളുടെ അറിവിലേക്ക് പങ്കുവെക്കുന്നത് അത്തരമൊരു കാര്യമാണ്. ഔദ്യോഗികമായ വിവരങ്ങൾ എവിടെ സ്ഥിരീകരിക്കാം എന്ന് ചാനൽ അയാം ഫാക്ട് ചെക്ക് നിങ്ങളോട് പറഞ്ഞു തരും.


തെരഞ്ഞെടുപ്പ് അടുത്തറിയാം

ഒരു വാർത്തയുടെ നിജസ്ഥിതി അറിയാൻ എപ്പോഴും ഔദ്യോഗിക സ്ത്രോതസ്സുകളെ തന്നെ  ആശ്രയിക്കണം. തെരഞ്ഞെടുപ്പ് തീയതികളും സ്ഥാനാർഥി പട്ടികയും മറ്റും ഓൺലൈൻ കാണുന്നത് എല്ലാം സത്യമായി കൊള്ളണമെന്നില്ല. ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഇത്തരം വിവരങ്ങൾ അപ്ടുഡേറ്റ് ആയി അറിയാൻ സാധിക്കും.

ഇലക്ഷൻ കമ്മീഷന്റെ തന്നെ Know Your Candidate എന്ന പോർട്ടലിൽ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർഥികളുടെ മുഴുവൻ വിവരങ്ങളും കൃത്യമായി നൽകുന്നുണ്ട്. സ്ഥാനാർഥികളുടെ സാമ്പത്തിക സ്ഥിതിയും ക്രിമിനൽ റെക്കോർഡും വിദ്യാഭ്യാസ യോഗ്യതകളും മുതലായ എല്ലാ വിവരങ്ങളും ഇതുവഴി അറിയാൻ വോട്ടർമാർക്ക് സാധിക്കും.

 myneta.info പോലുള്ള വെബ്സൈറ്റുകൾ രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും മറ്റും ആധികാരികമായി വിവരങ്ങളാണ് പങ്കുവെക്കുന്നത്.


റിവേഴ്സ് ഇമേജ് സേർച്ച്


ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സത്യമെന്ന് തോന്നിക്കുന്ന തരത്തിലായിരിക്കും മിക്കപ്പോഴും വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. മുമ്പ് നടന്ന സംഭവങ്ങളുടെ, മറ്റ് ഇടങ്ങളിലെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് കൃത്രിമമായിട്ടായിരിക്കും വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ടാകുക. ഇത് തിരിച്ചറിയാനും ഓൺലൈനായി ഇത്തരം ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് തടയാനും റിവേഴ്സ് ഇമേജ് സേർച്ച് (reverse image search) പോലുള്ള ടൂളുകൾ ഉപയോഗിക്കാം.

അതുപോലെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണോ ചിത്രങ്ങളും മറ്റും ഉണ്ടാക്കിയിരിക്കുന്നത് എന്നറിയാനും ടൂളുകൾ ലഭ്യമാണ്. ഇത്തരം ടൂളുകളെല്ലാം വാർത്തയുടെ നിജസ്ഥിതി അറിയാൻ സഹായിക്കുന്നതാണ്.
 (Google Reverse Image Search, TinEye, Yandex, Forensically, InVID Verification Plugin, FotoForensics എന്നിവയാണ് അതിൽ ചിലത്)

വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതും. IPC മാത്രമല്ല, IT ആക്റ്റും ഉപയോഗിച്ച് വ്യാജവാർത്ത നിർമ്മിക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും പൂട്ടാൻ സർക്കാരിന് കഴിയും.


നിയമത്തിന്റെ കണ്ണിൽ എന്താണ് വ്യാജവാർത്ത


മറ്റൊരാൾക്ക് ഹാനി സംഭവിക്കാൻ കാരണമാകും വിധം മനപൂർവ്വം ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വാർത്താ സ്വഭാവമുള്ള കണ്ടന്റുകൾ വ്യാജ വാർത്തകൾ‌ ആണ്. സറ്റയർ സ്വഭാവമായാലും പാരഡിയായലും വ്യാജമായി നിർമ്മിച്ചതാണെങ്കിൽ നിയമത്തിന് മുന്നിൽ കുറ്റക്കാരൻ തന്നെയാണ്.


വ്യാജവാർത്തകൾ ഏത് വകുപ്പിൽ ശിക്ഷിക്കപ്പെടാം?

IT ആക്റ്റ് 2008-ലെ സെക്ഷൻ 66D പ്രകാരം ശിക്ഷിക്കാം

ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റ് 2005-ലെ സെക്ഷൻ 54 പ്രകാരം ശിക്ഷിക്കാം

ഇന്ത്യൻ പീനൽ കോഡിലെ 153, 499, 500, 505 (1) വകുപ്പുകൾ പ്രാകാരവും വ്യാജവാർത്ത സംബന്ധിച്ച കേസുകളിൽ പ്രതി ചേർക്കപ്പെടാം.

അതായത്, വ്യാജവാർത്ത പ്രചരിപ്പിക്കുന്ന കുറ്റത്തിന് ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട വകുപ്പുകളും ബുക്ക് ചെയ്യപ്പെടും. അത്തരം സാഹചര്യത്തിൽ കമ്മ്യൂണിക്കേഷന് ഉപയോഗിച്ച ‍ഡിവൈസ്, കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയവ പിടിച്ചെടുക്കാനും IT ആക്റ്റ് 2008-ലെ സെക്ഷൻ 66D പ്രകാരം ശിക്ഷിക്കപ്പെടാനും സാഹചര്യമുണ്ട്. വ്യാജവാർത്തകൾ സമൂഹത്തിൽ കലാപമോ സംഘർഷമോ ഉണ്ടാക്കുന്നതായി തെളിഞ്ഞാൽ, അല്ലെങ്കിൽ കലാപാഹ്വാനം ചെയ്യുന്നതായി ബോധ്യപ്പെട്ടാൽ IPC 153 പ്രകാരം ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കാം.
വ്യാജകണ്ടന്റിൽ, അത് വിഷ്വയൃലിലൂടെയോ, ടെസ്റ്റിലൂടെയോ, ആംഗ്യത്തിലൂടെയോ ഒരാളുടെ മാനത്തിന് ഹാനിയുണ്ടായാൽ അത് IPC സെക്ഷൻ 499, 500 പ്രകാരം കുറ്റക്കാരനാകാം.

Article 19 (1) പ്രകാരമുള്ള ആവിഷ്ക്കാര സ്വാതത്ന്ര്യം കേവല സ്വാതന്ത്ര്യമല്ല എന്ന് നിയമം നിഷ്കർഷിക്കുന്നു, പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെ കാലത്ത്.
രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും  എതിരായ വാർത്തകൾ/കണ്ടന്റുകൾ

രാജ്യസുരക്ഷക്ക് എതിരായ വാർത്തകൾ
അയൽ രാജ്യങ്ങളുമായുള്ള സാഹോദര്യത്തെ ഹനിക്കുന്ന വാർത്തകൾ
പൊതുസാഹോദര്യത്തിന് ഹാനികരമായ വാർത്തകൾ
മാന്യതയും സഭ്യതയും ലംഘിക്കുന്ന വാർത്തകൾ
കോടതിയലക്ഷ്യ കണ്ടന്റുകൾ
മറ്റൊരാളെ അപകീർത്തിപ്പെടുത്തുകയോ മാനഹാനി വരുത്തുകയോ ചെയ്യുന്ന ഉള്ളടക്കങ്ങൾ
തുടങ്ങിയവയെല്ലാം കുറ്റകരമായി നിയമം കാണുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയം സോഷ്യമീഡിയ കൂടുതൽ സൂക്ഷമമായ നിരീക്ഷണത്തിന് വിധേയമാകുന്ന കാലമാണ്. അതുകൊണ്ട തന്നെ, ഇനി സോഷ്യൽ മീഡിയയിൽ വരുന്ന ഒരു വീഡിയോയും അല്ലെങ്കിൽ വാർത്തയും ഷെയർ ചെയ്യുന്നതിന് മുമ്പ് ഒരല്പം സമയം അതിന്റെ സത്യം അറിയാൻ മാറ്റിവെക്കാം.

ChannelIAM Fact Check is dedicated to promoting awareness and fact-checking to combat fake news, especially during crucial times like elections.

Share.

Comments are closed.

Exit mobile version