ഒരാഴ്ച മുമ്പ് സൗദി അറേബ്യൻ മോഡലും ഇൻഫ്ലുവൻസറുമായ റൂമി അൽഖതാനി (Rumy Alqahtani) 2024-ലെ മിസ് യൂണിവേഴ്സ് (Miss Universe 2024) മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് എന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഓണേർഡ് ടു പാർട്ടിസിപ്പേറ്റ് ഇൻ മിസ് യൂണിവേഴ്സ് 2024 എന്നാണ് റൂമി അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചത്. ഇതാദ്യമായാണ് സൗദി അറേബ്യ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നതെന്നും അവർ എഴുതി. എന്നാൽ ഏപ്രിൽ ഒന്നിന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ഒരു വാർത്താക്കുറിപ്പ് ഇറക്കി. സൗദി അറേബ്യയിൽ നിന്ന് 2024-ലെ മിസ് യൂണിവേഴ്സിലേക്ക് സെലക്ഷൻ പ്രൊസസ് നടന്നിട്ടില്ല എന്നായിരുന്നു അത്.
ഇനി ആരാണ് ഈ റൂമി അൽഖതാനി എന്ന് നോക്കാം. 1995-ൽ സൗദിയിലെ റിയാദിലാണ് റൂമി അൽഖതാനി ജനിച്ചത്. റിയാദിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡെന്റിസ്ട്രിയിൽ ബിരുദം നേടിയ റൂമി ഫാഷൻ-ബ്യൂട്ടി മേഖലാണ് തന്റെ കരിയറായി തെരഞ്ഞെടുത്തത്. ഏറെക്കാലമായി സൗദിയിലെ പ്രമുഖ ബ്രാൻഡുകളുടെ മോഡലും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമാണ് അവർ. ഇൻസ്റ്റഗ്രാമിലടക്കം 1 മില്യൺ ഫോളോവേഴ്സാണ് ഈ സൗദി സുന്ദരിക്കുള്ളത്. നിരവധി ബ്യൂട്ടി പേജന്റുകളിലെ വിജയിയാണ് റൂമി. Miss Saudi Arabia, മിസ് മിഡിൽ ഈസ്റ്റ്, മിസ് യൂറോപ് ഇന്റർനാഷണൽ, മിസ് അറബ് വേൾഡ് പീസ് 2021, സൗദി മിസ് വുമൺ എന്നീ ടൈറ്റിലുകൾ ഇതിനകം റൂമി അൽഖതാനിക്കുണ്ട്. മലേഷ്യയിൽ നടന്ന Global Asian pageant-ലും അവർ തിളങ്ങി. അറബി കൂടാതെ ഇംഗ്ലീഷും ഫ്രഞ്ചും ഭാഷകൾ ഒഴുക്കോടെ സംസാരിക്കാനും റൂമിക്ക് കഴിയും.
കഴിഞ്ഞ വർഷം ഇറ്റലിയിൽ നടന്ന മിസ് വുമൺ പേജന്റിലും, പിന്നീട് മിസ് യൂറോപ്പ് കോൺടിനെന്റിലും, കംബോഡിയയിൽ നടന്ന മിസ് പ്ലാനറ്റ് ഇന്റർനാഷണലിലും സൗദി അറേബ്യയെ പ്രതിനിധീകരിച്ചതോടെയാണ് റൂമി അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയിൽ എത്തിയത്. ഈ വർഷം ക്വലാലംപൂരിലെ ഹയാത്തിൽ നടന്ന ഗ്ലോബൽ ഏഷ്യൻ 2024 പേജന്റിലും റൂമി അൽഖതാനി സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ റെഡ് ക്രോസിന്റെ അംബാസിഡറാണ് റൂമി അൽഖതാനി.
മിസ് യൂണിവേഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്ന് വെറുതെ ബഡായി പറയാവുന്ന പ്രൊഫൈലല്ല റൂമിയുടേത്. പിന്നെ എന്താണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. ഓർഗനൈസേഷന്റെ ചട്ടങ്ങൾക്ക് അനുസരിച്ച് വളരെ സൂക്ഷ്മമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് എല്ലാ വർഷവും മിസ് യൂണിവേഴ്സിനായി നടത്തുന്നത് എന്ന് മിസ് യൂണിവേഴ്സ് സംഘാടകർ പറയുന്നു. മെക്സിക്കോയിൽ നടക്കുന്ന ഈ വർഷത്തെ മിസ് യൂണിവേഴ്സിലേക്ക് നൂറിലധികം രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. എന്നാൽ പാർട്ടിസിപ്പേഷൻ ഉറപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇതുവരെ സൗദി ഇല്ല എന്നാണ് പ്രസ് റിലീസ് പറയുന്നത്. മിസ് യൂണിവേഴ്സിലേക്കുള്ള പാർട്ടിസിപ്പൻസിനെ കണ്ടെത്തുന്നത് ഓരോ രാജ്യത്തുമുള്ള നാഷണൽ ഡയറക്ടർ എന്ന ടൈറ്റിലിലുള്ള ഫ്രാഞ്ചൈസി വഴിയാണ്. അത്തരത്തിൽ ക്വാളിഫൈഡായ ഫ്രാഞ്ചൈസികളെ ഫൈനലൈസ് ചെയ്യുന്ന തിരക്കിലാണ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ഇപ്പോൾ. സൗദി അറേബ്യയിൽ നിന്നുള്ള ഫ്രാഞ്ചൈസിയുടെ സെലക്ഷൻ പ്രൊസസ് ഫൈനലായിട്ടില്ല. അപ്രൂവൽ കമ്മിറ്റിയുടെ അവസാന ലിസ്റ്റിൽ സൗദിയിൽ നിന്നുള്ള സുന്ദരിയുടെ പേര് മത്സരത്തിലേക്ക് ഇതുവരെ പരിഗണിച്ചിട്ടില്ല എന്ന് ഓർഗനൈസേഷൻ അറിയിക്കുന്നു. ഈ വർഷം സെപ്തംബർ 28 ശനിയാഴ്ച മെക്സിക്കോയിൽ നടക്കുന്ന Miss Universe-ന്റെ 73-ാമത് എഡിഷനിൽ സൗദിയെ പ്രതിനിധീകരിച്ച് റൂമി അൽഖതാനി പങ്കെടുക്കുമോ?
Rumi Alkhatani’s announcement to participate in Miss Universe 2024 as Saudi Arabia’s representative, her background as a model and beauty pageant winner, and the clarification issued by the Miss Universe Organization regarding her participation status.