ഏഷ്യൻ ഇൻഫ്രാസ്ട്രക്ചറിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഗോപി തോട്ടക്കൂറ ബഹിരാകാശ വിനോദസഞ്ചാരിയായ ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ചു.ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിൻ നടത്തിയ ബ്ലൂ ഒറിജിൻ NS-25 ഏഴാം ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശത്തെത്തിയത്.
ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിയാണ് ഗോപിചന്ദ് തോട്ടക്കുറ. 40 വർഷത്തിന് മുമ്പ് ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ഇന്ത്യക്കാരൻ വിങ് കമാൻഡർ രാകേഷ് ശർമ്മയാണ് . ഗോപി തോട്ടക്കൂറയാകട്ടെ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വിനോദസഞ്ചാരിയായി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു.
പടിഞ്ഞാറൻ ടെക്സസിൽനിന്നാണു ബ്ലൂ ഒറിജിന്റെ ന്യൂഷെപാഡ് പേടകം മെയ് 19 ന് ഇന്ത്യൻ സമയം രാത്രി എട്ടേകാലോടെ ഉയർന്നുപൊങ്ങിയത്.
ഭൗമനിരപ്പിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തി നിർവചനമായ കാർമൻ ലൈൻ എന്ന ദൗത്യം പേടകം കടന്നു. 11 മിനിറ്റ് നീണ്ട യാത്രക്ക് ശേഷം ക്രൂ മൊഡ്യൂൾ തിരിച്ചിറങ്ങി. ഒരു പാരാച്യൂട്ട് വിടരുന്നതിൽ ചെറിയ പ്രശ്നമുണ്ടായെങ്കിലും യാത്ര ശുഭകരമായി എന്നാണ് ഔദ്യോഗിക അറിയിപ്പ് . ഗോപിചന്ദിനൊപ്പം 90 വയസ്സുള്ള എഡ് ഡ്വൈറ്റ് ഉൾപ്പെടെ 5 യാത്രികരുണ്ടായിരുന്നു.
പരമാവധി 6 പേർക്ക് ഇരിക്കാവുന്നതാണ് ന്യൂഷെപാഡ് പേടകം. ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ അലൻ ഷെപേഡിന്റെ സ്മരണാർഥമാണു പേടകത്തിനു പേരു നൽകിയത്.
ഗോപിചന്ദ് തോട്ടക്കുറ ബാംഗ്ലൂർ നഗരത്തിലെ സരള ബിർള അസിഡമിയിൽ തൻ്റെ അക്കാദമിക് ജീവിതം ആരംഭിച്ചു. പിന്നീട് എയറോനോട്ടിക്കൽ സയൻസിൽ ബിരുദവും എംബിഎയും നേടി. US FAA-യിൽ നിന്ന് FAA കൊമേഴ്സ്യൽ പൈലറ്റിൻ്റെ സർട്ടിഫിക്കറ്റും ഉണ്ട്.
യുഎസ് അറ്റ്ലാന്റയിലെ സുഖചികിത്സാ സംരംഭമായ പ്രിസർവ് ലൈഫ് കോറിന്റെ സ്ഥാപകനുമാണ് ഗോപിചന്ദ്. ഇന്ത്യയിൽ എയർ ആംബുലൻസ് സർവീസും നടത്തിയിരുന്നു. വിവിധ തരം വിമാനങ്ങളും ബലൂണുകളും ഗ്ലൈഡറുമൊക്കെ പറപ്പിക്കാൻ വിദഗ്ധനാണ്.