സംരംഭകർ പല കഴിവുകൾ ഒത്തുചേർന്ന പ്രതിഭകളാണ്. പരീക്ഷിച്ചും തെറ്റ് തിരുത്തിയും വിജയ ഫോർമുല കണ്ടെത്തുന്ന ശാസ്ത്രജ്‍ഞരെപ്പോലെ, വരച്ചുവെച്ച പ്ലാനിൽ നിന്ന് ബിൽഡിംഗുകൾ ഉണ്ടാക്കുന്ന എഞ്ചിനീയർമാരെ പോലെ മറ്റുള്ളവർക്ക് കാണാൻ പറ്റാത്തത് കാണാനും അവിടേക്കുള്ള വഴി സ്വയം വെട്ടാനും കഴിവുള്ളവരാണ് സംരംഭകർ.
ചിലപ്പോഴൊക്കെ സംരംഭകർ ഒരു സിനിമാ സംവിധായകനെപ്പോലെയാകും. വെറും ഒരു കഥയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ കരയുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സിനിമ ജനിക്കുന്നത് സംവിധായകൻ കഥയിലെ സീനുകൾ യാഥാർത്ഥ്യമാകുമ്പോഴല്ലേ? ആ വിഷ്വലൈസേഷൻ പവറാണ് ഒരു സംരംഭത്തിന്റേയും വിജയം.
ഉദ്ദേശിച്ച ലക്ഷ്യം കിട്ടാതെ പോയ സംരംഭ സുഹൃത്തുക്കൾക്ക് തോന്നാം ഈ പറയുന്നത് വെറും ഇൻസ്പിരേഷനുവേണ്ടിയാണെന്ന്. പല ഉദാഹരണങ്ങൾ, പല ജീവിതങ്ങൾ എല്ലാം അടിവരയിടുന്നത് ഒരൊറ്റ പോയിന്റിലാണ്. സംരംഭകന്റെ വിജയം നിർവ്വചിക്കുന്നത് ചില ഘടകങ്ങളാണ്. ലക്ഷ്യം, ഉത്സാഹം, പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ്.. പിന്നെ എന്താണ് ഓൾട്ടർനേറ്റീവ് എന്ന് ആലോചിക്കാനുള്ള ബുദ്ധിയും.
ഒരു ചെറിയ കഥ പറയാം.
1990-കളുടെ തുടക്കം. ഡൽഹിയിലെ കിഷൻ മോഹൻ ബിജ്ലി ട്രാൻസ്പോർട്ട് ബിസിനസ്സ് നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ അജയ് ബിജ്ലി 22-ആം വയസ്സിൽ ട്രാൻസ്പോർട്ടേഷൻ ബിസിനസ്സിൽ പിതാവിനെ സഹായിക്കാൻ കൂടി. കിഷൻ മോഹൻ ഒരു തിയറ്ററും നടത്തിയിരുന്നു. ഒരു 6 മാസം തിയറ്റർ നോക്കി നടത്തിക്കോട്ടെ എന്ന് അജയ് ബിജിലി പിതാവിനോട് ചോദിച്ചു.
അദ്ദേഹം അനുമതി നൽകി. അത്രലാഭകരമായിരുന്നില്ല തിയറ്റർ ബിസിനസ്സ്. അതിനാൽ അത് ഒഴിവാക്കാൻ കുടുബം തീരുമാനിക്കുന്ന സമയമായിരുന്നു. പ്രിയ തിയറ്റർ എന്നായിരുന്നു പേര്. നല്ല കുറച്ച് സ്റ്റാഫിനെ റിക്രൂട്ട് ചെയ്തു. ഇന്റീരിയർ നന്നാക്കി. തിയറ്ററിൽ ആള് കയറണമെങ്കിൽ നല്ല കസ്റ്റമർ എക്സ്പീരിയൻസ് കിട്ടണം. മികച്ച സ്പീക്കറും മറ്റും വെച്ച് ഓഡിയോ ക്വാളിറ്റി ഒന്ന് മിനുക്കിയെടുത്തു. തിയറ്ററിൽ ആള് കയറിത്തുടങ്ങി. അതിനിടയിൽ പിതാവ് മരിച്ചു. ട്രാൻസ്പോർട്ടേഷൻ വെയർഹൗസ് കത്തിനശിച്ചു. സാമ്പത്തിക ബാധ്യത വന്നു. അജയ്ക്ക് മുന്നിൽ തിയറ്റർ ബിസിനസ്സ് മാത്രമായി ലക്ഷ്യം.
PVR ജനിക്കുന്നു
തിയറ്റർ ചെയിൻ ഉണ്ടായാൽ ലാഭം മികച്ചതാകും. പക്ഷെ നിക്ഷേപം വേണം. ഇൻവെസ്റ്റ്മെന്റിന് പക്ഷെ ഇന്റലിജൻസ് ഉപയോഗിച്ചു. പലിശയ്ക്ക് പൈസ എടുക്കാനോ, ബാങ്ക് ലോണിനോ നിന്നില്ല അജയ്. ബോളിവുഡിൽ പരിചയക്കാരനായ ഒരു പ്രൊഡ്യൂസർ അജയ് ബിജ്ലിയെ ഒരു വിദേശ ഫിലിം കമ്പനിക്ക് പരിചയപ്പെടുത്തി.
അങ്ങനെ 1995-ൽ വില്ലേജ് റോഡ് ഷോസ് എന്ന ഓസ്ട്രേലിയൻ ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയുമായി കരാറിലെത്തി. അവർ പണം മുടക്കാമെന്നേറ്റു. അത് മൾട്ടിപ്ലക്സ് ചരിത്രത്തിലേക്കുള്ള കാലുവെയ്പായിരുന്നു. ഇന്ത്യയിലെ മൾട്ടിപ്ലക്സ് സിനിമാ വ്യവസായത്തിന് വിപ്ലവം സൃഷ്ടിച്ച പ്രിയാ വില്ലേജ് റോഡ് ഷോസ് അഥവാ PVR. അതെ നമ്മുടെ തിയറ്റർ എക്സ്പീരിയൻസിനെ മാറ്റി മറിച്ചിട്ട PVR അങ്ങനെയാണ് പിറന്നത്.
എന്തായിരുന്നു പിവിആറിന്റെ വിജയം എന്ന് ചിന്തിച്ചിട്ടുണ്ടോ? കോടികൾ മുടക്കി പിടിക്കുന്ന സിനമകൾ. അഭിനേതാക്കൾക്ക് കോടികൾ പ്രതിഫലം, പ്രൊഡക്ഷന് ചിലവഴിക്കുന്നത് കോടികൾ… പക്ഷെ ഒടുവിൽ ഈ മുടക്ക് മുതലും ലാഭവും തിരിച്ച് പിടിക്കേണ്ട സമയം സിനിമാ പ്രദർശനത്തിലൂടെയാണ്. 1995 കാലമാമെന്ന് ഓർക്കണം. തിയറ്ററുകളിലെ സാങ്കേതികത്വവും മികവും ആരും ശ്രദ്ധിച്ചിരുന്നില്ല.
നമുക്കറിയാം നാട്ടിൻപുറങ്ങളിലൊക്കെ ഓലപ്പുരയിലോ ഷെഡിലോ ആയിരുന്നു തിയറ്റർ. പ്രേകക്ഷകർക്ക് നല്ല സിനിമാ എക്സ്പീരിയൻസിന് നല്ല തിയറ്റർ വേണ്ടേ? കോടികളുടെ സിനിമ കളിക്കുന്ന തിയറ്ററിന് നല്ല വിഷ്വലും സൗണ്ടും ഉണ്ടാകേണ്ടേ? ,സിംപിൾ! അത് ചിന്തിക്കാൻ അജയ് ബിജ്ലിക്ക് കഴിഞ്ഞു. അതിന് ഇന്ത്യാകെ സ്കോപ്പുണ്ടെന്നും, സിനിമാ വ്യവസായും വിഷ്വല് കൊണ്ടും സൗണ്ട് കൊണ്ടും കൂടുതൽ ഗ്ലാമറാകുമെന്നും അയാൾ കണക്കുകൂട്ടി. കാരണം അടിസ്ഥാനപരമായി അയാൾ ഒരു സംരംഭകനായിരുന്നു.
ആരാണ് സംരംഭകൻ
സംരംഭകത്വം ഒരു മനോനിലയാണ്. ഒരു നല്ല സയന്റിസ്റ്റിനെ പോലെ, മാത്തമാറ്റിഷ്യനെ പോലെ, മികച്ച എഞ്ചിനീയറെ പോലെ.. ഒരാളുടെ വിജയം മറ്റൊരാൾക്ക് അനുകരിക്കാനാകില്ല. സ്വന്തമായി ഉണ്ടാക്കി എടുക്കുന്ന ഒരു ഫോർമുല! അതുകൊണ്ടാണ് സംരംഭകത്വം സയൻസും സംരംഭകൻ സയന്റിസ്റ്റുമാണെന്ന് പറഞ്ഞത്.
ഓരോ സംരംഭക ശ്രമവും ഓരോ ഹൈപോത്തിസിസ് ആണ്. ഓരോ തീരുമാനവും എക്സ്പിരിമെന്റാണ്. ഓരോ തിരിച്ചടിയും വാല്യൂബിളായ ഡാറ്റ പോയിന്റുകളും. ജയിച്ചതും പരാജപ്പെട്ടതുമായ നൂറുകണക്കിന് സംരംഭക ജീവിതങ്ങൾ അറിയുമ്പോൾ വിജയിച്ചവരും പരാജിതരായവരും ഒരു നിശ്ചിത ദൂരം ഒരേ വഴിയിലാണ് സഞ്ചരിക്കുക എന്ന് മനസ്സിലാക്കാം. മൂന്ന് ക്വാളിറ്റി ഉള്ളവരാണ് അത് കഴിഞ്ഞ് സാമ്പത്തിക ലാഭം നേടി സസ്റ്റയിനബിളായ ഘട്ടത്തിലേക്ക് എത്തുന്നത്. resilience, adaptability, and a fervent hunger for understanding.
PVR-ന്റെ കഥയിലേക്ക് തിരികെ വരാം. 2011 വേൾഡ് ട്രേഡ് സെന്റർ ആക്രമണം ഉണ്ടായ സമയത്ത് ഓസ്ട്രേലിയൻ പാർട്ണർ പിൻവാങ്ങി. PVR അനിശ്ചിതത്വത്തിലേക്ക് വീഴുമെന്ന് പലരും ഭയന്നു. ആര് പിൻവാങ്ങിയാലും തകരേണ്ടതല്ലല്ലോ ഒരു സംരംഭം. അത് സ്വയം പിൻവാങ്ങിയാലും നിലനിൽക്കുന്നതാകണം. അജയ് ICICI ബാങ്കിനെ സമീപിച്ചു. അവർ 80 കോടി നിക്ഷേപിക്കാൻ തയ്യാറായി. ഇന്ത്യയാകെ 50 പുതിയ സ്ക്രീനുകൾ കൂടി വന്നു. 2006-ൽ PVR പബ്ളിക്കിൽ ലിസ്റ്റ് ചെയ്തു. ഇതിനിടയിൽ മൾട്ടിപ്ലക്സിലുണ്ടായിരുന്ന INOX-മായി ലയിച്ച് PVR INOX Ltd ആയി. ഇതോടെ ലോകത്ത് ലിസ്റ്റ് ചെയ്ത മൾട്ട്പ്ലക്സ് ചെയിനിൽ അഞ്ചാമത്തെ വലിയ ഗ്രൂപ്പായി PVR INOX.
ഇന്ന് ഇന്ത്യയിൽ 70 നഗരങ്ങളിലായി 1650 സ്ക്രീനുകൾ PVR INOX ഓപ്പറേറ്റ് ചെയ്യുന്നു. ഇന്ന് എത്രയാണ് PVRന്റെ മൂല്യം എന്ന് അറിയുമോ?
17,000 കോടി രൂപ!
ഓരോ സംരംഭകരും ശാസ്ത്രജ്‍ഞരാണ്
ഡൽഹിയിലെ പ്രിയ എന്ന ഒരു തിയറ്ററിൽ നിന്ന് 17,000 കോടിയുടെ പ്രിയ വില്ലേജ് റോഡ് ഷോ അഥവാ PVR ലേക്ക് അജയ് എത്തിയത് 30 വർഷം കൊണ്ടാണ്! 30 വർഷം! അത് വളരെ സുഖരമായിരുന്ന യാത്ര ആയിരുന്നു എന്ന് തോന്നുന്നുണ്ടോ? തളരാതെ നിന്നു, ഉറച്ചു നിന്നു, തടസ്സം വന്നപ്പോഴൊക്കെ ഓൾട്ടർനേറ്റീവ് അന്വേഷിച്ചു.
ഒറ്റായ്ക്കാണ് അജയ് തുടങ്ങിയത്. അയാളുടെ അശയം മറ്റുള്ളവർക്ക് ബോധ്യപ്പെട്ടപ്പോഴാണ് നിക്ഷേപകരും മറ്റും വന്നത്. അതായത് ആശയത്തെ ടാഞ്ചിബിളായ ഒന്നാക്കി അവതരിപ്പിക്കാൻ അയാൾക്കായി. അല്ലെങ്കിൽ സാമ്പത്തികമായും മററും വിജയിച്ച സംരംഭകർക്കെല്ലാം അത് സാധ്യമായി. അന്ന് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന നടന്മാരുണ്ടായിരുന്നു, കോടികൾ ലാഭം നേടിയ സിനിമാ പ്രൊഡ്യൂസർമാർ ഉണ്ടായിരുന്നു. നല്ല ലാഭം നേടുന്ന തിയറ്റർ ഉടമകൾ ഉണ്ടായിരുന്നു. അവർക്കാർക്കും സിനിമ എന്ന വ്യവസായത്തിന് വരാൻ പോകുന്ന മാറ്റവും അതിൽ തിയറ്റർ എന്ന ബ്രാൻഡഡ് ചെയിനിന്റെ സാധ്യതയും മനസ്സിലാകാതിരുന്നിട്ടാണോ മൾട്ടി പ്ലക്സ് ശ്രമം ഉണ്ടാകാതിരുന്നത്?
അല്ല! മൾട്ടിപ്ലക്സ് ആശയത്തെ സീരിയസ്സായി കാണാൻ അജയ് ബിജിലിക്കായി. സിനിമാ വ്യവസായവുമായി വലിയമുൻ പരിചയം ഇല്ലാതിരുന്നിട്ടും ആ മേഖല പഠിക്കാൻ അയാൾക്കായി. അതാണ് ആദ്യം പറഞ്ഞത്, ഓരോ സംരംഭക ശ്രമവും ഓരോ ഹൈപോത്തിസിസ് ആണ്. ഓരോ തീരുമാനവും എക്സ്പിരിമെന്റാണ്. ഓരോ തിരിച്ചടിയും വാല്യൂബിളായ ഡാറ്റ പോയിന്റുകളും.
Discover the inspiring journey of Ajay Bijli from managing Priya Theater to creating the 17,000-crore PVR Cinemas. Learn about his resilience, innovation, and success.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.