IPL ക്രിക്കറ്റിൽ സൺറൈസസിനെ തച്ചുടച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയം ഇത്രമേൽ ഏകപക്ഷീയമാക്കിയത് മെന്റർ ഗൗതം ഗംഭീറിന്റെ കരുനീക്കങ്ങൾ. അതുകൊണ്ടാകും ഗൗതം ഗംഭീറിന് അടുത്ത 10 വർഷത്തേക്ക്കൂടി തുടരാൻ ഫ്രാഞ്ചൈസിയുടെ സഹ ഉടമ ഷാരൂഖ് ഖാൻ “ബ്ലാങ്ക് ചെക്ക്” വാഗ്ദാനം ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി ഗൗതം ഗംഭീർ ചുമതലയേൽക്കുന്നതിൽ BCCIക്കു താൽപ്പര്യമുണ്ടെന്നും, മറ്റു മത്സരാർത്ഥികളില്ലെങ്കിൽ ഒരുകൈ നോക്കാൻ ഗൗതം ഗംഭീറിനും ആഗ്രഹമുണ്ടെന്നും അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് മുൻ ഇന്ത്യൻ ഓപ്പണർ ആയ ഗൗതമിനെ ദീർഘകാലം ടീമിനൊപ്പം ഫ്രാഞ്ചൈസിയിൽ നിലനിർത്താനുള്ള KKR സഹ ഉടമ ഷാരൂഖ് ഖാൻ്റെ ശ്രമങ്ങൾ. നിലവിൽ ഐപിഎൽ 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മെൻ്ററാണ് ഗൗതം ഗംഭീർ.
ഇന്ത്യൻ ടീമിന്റെ പരിശീലകനാകുകയെന്നത് BCCI
നൽകുന്ന മികച്ച ഓഫറായിരിക്കും. എന്നാൽ അതിനേക്കാൾ സാമ്പത്തിക നേട്ടം ഉണ്ടാകുക IPL ൽ തുടരുമ്പോൾ തന്നെയാകും.
രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായി ഇന്ത്യയുടെ മുഖ്യപരിശീലകനാകാൻ സാധ്യതയുള്ള റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ, സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവരെ ബിസിസിഐ ഇതിനകം തന്നെ നിരസിച്ചതായും സൂചനയുണ്ട്. എന്നാൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം നിഷേധിച്ചു. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ഘടന മനസ്സിലാക്കുന്ന തരത്തിലുള്ള ആളെയാണ് ബോർഡ് നയിക്കേണ്ടതെന്ന് ഷാ നിർദ്ദേശിച്ചു.
“ഇന്ത്യൻ ടീമിന് അനുയോജ്യമായ പരിശീലകനെ കണ്ടെത്തുന്നത് സൂക്ഷ്മവും സമഗ്രവുമായ പ്രക്രിയയാണ്. ഇന്ത്യൻ ക്രിക്കറ്റ് ഘടനയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ളവരും റാങ്കുകളിലൂടെ ഉയർന്നവരുമായ വ്യക്തികളെ തിരിച്ചറിയുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” ഷാ പറഞ്ഞു.
ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനാകാൻ ഗംഭീറിന് താൽപ്പര്യമുണ്ടാകാം, എന്നാൽ കെകെആർ വിടുന്നതിനെച്ചൊല്ലി ഷാരൂഖുമായി അദ്ദേഹം നടത്തിയ ചർച്ചകളും, ബ്ലാങ്ക് ചെക്ക് ഓഫറും ഒരു വലിയ നിർണ്ണായക ഘടകമായേക്കാം.